ദിവസവും വെെകി വീട്ടിലെത്തുന്ന ദിലീപ്, ഉറക്കം പുലർച്ചെ; കാത്തിരുന്ന നയൻതാര സെറ്റിലെത്തിയപ്പോൾ പറഞ്ഞത്
കരിയറിൽ നയൻതാരയ്ക്ക് അമിത നിബന്ധനകളെന്ന വിമർശനം അടുത്ത കാലത്താണ് ശക്തമായത്. മക്കൾ പിറന്ന ശേഷം നടി ഷൂട്ടിംഗിനെത്തുന്ന സമയത്തിൽ മാറ്റമുണ്ടെന്നും സെറ്റിൽ അധിക ചെലവുകളുണ്ടെന്നും ആരോപണമുണ്ട്. അടുത്ത കാലത്ത് നയൻതാരയുടെ മാർക്കറ്റിൽ ഇടിവ് വന്നിട്ടുണ്ട്. ഇതിന് കാരണം ഈ നിബന്ധനകളാണെന്നാണ് ഹേറ്റേഴ്സിന്റെ വാദം. എന്നാൽ അന്തരിച്ച സംവിധായകൻ സിദ്ദിഖിന് പ്രിയപ്പെട്ട നായികയായിരുന്നു നയൻതാര. ഇദ്ദേഹം സംവിധാനം ചെയ്ത ബോഡിഗാർഡ്, ഭാസ്കർ ദ റാസ്കൽ എന്നീ സിനിമകളിൽ നായികയായത് നയൻതാരയാണ്.
രണ്ട് സിനിമകളിലും നടി അഭിനയിക്കുന്നത് തമിഴിലെ ഏറ്റവും തിരക്കുള്ള നായിക നടിയായിരിക്കുമ്പോഴാണ്. ബോഡിഗാർഡിൽ ദിലീപാണ് നായകനായത്. ഇവരെക്കുറിച്ച് ഒരിക്കൽ സിദ്ദിഖ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

നയൻ മറ്റ് ഭാഷകളിൽ വാങ്ങുന്ന പ്രതിഫലവുമായി താരതമ്യം ചെയ്യാൻ പോലും പറ്റാത്ത തുകയാണ് ബോഡി ഗാർഡിൽ വാങ്ങിയത്. ആ കഥാപാത്രം നയന് അത്രയ്ക്കും ഇഷ്ടപ്പെട്ടു. രാവിലെ ഏഴ് മണിക്ക് ഷൂട്ടിംഗ് തുടങ്ങും. ദിലീപും നയൻതാരയും വരാൻ കുറച്ച് ലേറ്റ് ആകുന്നത് കൊണ്ട് ഏഴ് മണിക്ക് വേറെ സീനുകൾ എടുത്തു. നയൻ കൃത്യം 9 മണിക്ക് വരും. 8.55 ആകുമ്പോഴേക്കും വിത്ത് മേക്കപ്പ് ലൊക്കേഷനിലെത്തും. നമ്മൾ സീൻ എടുത്താലും ഇല്ലെങ്കിലും നയൻ വന്നിരിക്കും.
വളരെ പ്രൊഫഷണലാണ്. ഡയലോഗ് പഠിച്ച് ഒരു റിഹേഴ്സലും ഒരു ടേക്കും. കാരവാനിൽ പോലും പോയിരിക്കില്ല. നല്ല ഗ്യാപ്പുണ്ട് നയൻ, ലെെറ്റപ്പിന് സമയമെടുക്കും, കാരവാനിൽ പോയി ഇരുന്നോളൂ എന്ന് പറഞ്ഞാലേ നയൻതാര ഷൂട്ടിംഗ് സ്ഥലത്ത് നിന്നും പോകൂ. ഒരു ദിവസം നേരത്തെ ഷൂട്ടുള്ളതിനാൽ ഏഴ് മണിക്ക് നയൻതാര വന്നിരുന്നെന്നും സിദ്ദിഖ് പറഞ്ഞു. പക്ഷെ അന്ന് ദിലീപ് വരുമ്പോൾ ഏഴ് മണിയായി.

അന്ന് ദിലീപിനെ നയൻതാര കളിയാക്കി വിളിച്ചത് സൽമാൻ ഖാൻ എന്നാണ്. കാരണം സൽമാൻ എപ്പോഴും താമസിച്ചാണ് ഷൂട്ടിംഗിന് വരിക. രാവിലെ വ്യായാമമെല്ലാം കഴിഞ്ഞ് 12 മണി ആകാതെ സൽമാൻ സെറ്റിൽ വരില്ല. വന്ന് കഴിഞ്ഞാൽ അയാളുടെ വർക്ക് തീർത്തിട്ടേ പോകൂ. അത് കൊണ്ടാണ് നയൻതാര ദിലീപിനെ സൽമാൻ ഖാൻ എന്ന് കളിയാക്കി വിളിച്ചത്.
കാരണം ദിലീപ് 11 മണി ആകാതെ എത്തില്ല. ഞങ്ങൾ ഷൂട്ട് ചെയ്യുന്നത് കോട്ടയത്താണ്. ദിലീപ് എല്ലാ ദിവസവും എറണാകുളത്ത് പോയി വരും. രാത്രി എറണാകുളത്ത് പോയി വേറെ സിനിമകളുടെ ചർച്ചകൾ കഴിഞ്ഞ് വെളുപ്പിന് എപ്പഴോ കിടന്ന് ഉറങ്ങിയിട്ടാണ് എഴുന്നേറ്റ് കുളിച്ച് കാറും വിളിച്ച് വരുന്നത്. വരുമ്പോൾ എങ്ങനെയായലും 10-11 മണി ആകും. ദിലീപ് അങ്ങനെയാണ് എന്ന് അറിഞ്ഞ് കൊണ്ട് തന്നെ ഷൂട്ടിംഗ് മുന്നോട്ട് പോയെന്നും സിദ്ദിഖ് അന്ന് പറഞ്ഞു. സഫാരി ചാനലിൽ സംസാരിക്കുകയായിരുന്നു സിദ്ദിഖ്. 2010 ലാണ് ബോഡിഗാർഡ് റിലീസ് ചെയ്തത്. അന്ന് മലയാളത്തിൽ ഏറ്റവും തിരക്കുള്ള നടനാണ് ദിലീപ്.
ഇന്ന് കരിയറിൽ പഴയ താരത്തിളക്കം ദിലീപിനില്ല. ശക്തമായ തിരിച്ച് വരവിനുള്ള ശ്രമത്തിലാണ് ദിലീപ്. ഒടുവിൽ പുറത്തിറങ്ങിയ പ്രിൻസ് ആന്റ് ഫാമിലി എന്ന സിനിമ മികച്ച വിജയം നേടി. വരാനിരിക്കുന്ന സിനിമകളിൽ വലിയ പ്രതീക്ഷ പ്രേക്ഷകർക്കും ദിലീപിനുമുണ്ട്. മറുവശത്ത് നയൻതാര വല്ലപ്പോഴുമേ മലയാള സിനിമകൾ ചെയ്യാറുള്ളൂ. ഡിയർ സ്റ്റുഡന്റ്സ് ആണ് നയൻതാരയുടെ റിലീസ് ചെയ്യാനുള്ള മലയാള സിനിമ.


Click it and Unblock the Notifications











