മാധ്യമങ്ങൾ എന്നെ പത്ത് തവണ കല്യാണം കഴിപ്പിച്ചു: കാവ്യയുടെ ഭർത്താവാകുന്നതിന് മുൻപ് ദിലീപ് പറഞ്ഞത്
മലയാളം സിനിമയിലെ ജനപ്രിയ താരമായി ഒരുകാലത്ത് പേരെടുത്ത നടനാണ് ദിലീപ്. സൂപ്പർ താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും ഏതാണ്ട് ഒപ്പം എത്താൻ, തുടരെ തുടരെയുള്ള ബോക്സ് ഓഫീസിൽ വിജയങ്ങളും, ആദ്യ കാലത്തെ നല്ല നിലവാരമുള്ള കോമഡി ചിത്രങ്ങളും നടനെ പ്രാപ്തനാക്കി. എന്നാൽ, ദിലീപിന്റെ വ്യക്തിജീവിതം എന്നും വിവാദങ്ങളുടെ നിഴലിൽ ആയിരുന്നു. ആദ്യം, മഞ്ജു വാര്യരുമായുള്ള പ്രണയ വിവാഹവും, പിന്നീട് നടിക്ക് അഭിനയിക്കാൻ ഏർപ്പെടുത്തിയ വിലക്കുകളും കൊണ്ടാണ് താരം വാർത്തകളിൽ നിറഞ്ഞത്.
എന്നാൽ, മഞ്ജുവിന്റെ ഭർത്താവായിരിക്കെ തന്നെ, പല വട്ടം നടി കാവ്യ മാധവനുമായി ദിലീപ് പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ അന്നൊക്കെ, ഇതെല്ലാം വെറും അടിസ്ഥാനരഹിതമായ, മാധ്യമങ്ങൾ കെട്ടി ചമയ്ക്കുന്ന ഊഹാപോഹങ്ങളാണെന്നാണ് ഇരുവരും അവകാശപ്പെട്ടത്. പിന്നീട്, 2014ൽ മഞ്ജു വാര്യരുമായി വിവാഹമോചനം നേടിയ ശേഷവും, ദിലീപ് തന്റെ ഈ വാദത്തിൽ വളരെ കാലം ഉറച്ചു നിൽക്കുകയായിരുന്നു.

2016 നവംബറിലാണ് ദിലീപും കാവ്യയും വിവാഹിതരായത്. എന്നാൽ, ആ വർഷം തുടക്കത്തിൽ നൽകിയ അഭിമുഖങ്ങളിൽ പോലും, നടിയുമായി തന്റെ പേര് ചേർത്ത് വരുന്ന ഗോസിപ്പുകൾ തീർത്തും അടിസ്ഥാനരഹിതമാണെന്നാണ് താരം അവകാശപ്പെട്ടത്. 2015 ഒക്ടോബറിൽ മനോരമ ഓൺലൈനിലെ 'ഐ, മീ, മൈസെൽഫ്' എന്ന സ്പെഷ്യൽ പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ, സോഷ്യൽ മീഡിയയും മാധ്യമങ്ങളും ചേർന്ന് ഇപ്പോൾ തന്നെ തന്നെ പത്ത് തവണ കല്യാണം കഴിപ്പിച്ചു കഴിഞ്ഞു, എന്നാണ് ദിലീപ് പറഞ്ഞത്. സത്യാവസ്ഥ അന്വേഷിക്കുക പോലും ചെയ്യാതെയാണ് പലരും ഇത്തരം ഗോസിപ്പുകൾ പടച്ചു വിടുന്നതെന്നാണ് അന്ന് പ്രശസ്ത താരം ആരോപിച്ചത്.
"മനുഷ്യന്റെ ജീവിതത്തിൽ പല ദുരന്തങ്ങളും ഉണ്ടാവും. അല്ലെങ്കിൽ, ഈ ലോകത്ത് ആരും പെർഫെക്റ്റ് ആയിട്ടുള്ള, എല്ലാം തികഞ്ഞ ആളുകളല്ല. എല്ലാവരുടെയും ജീവിതത്തിൽ പല തരത്തിലുള്ള പരാജയങ്ങൾ സംഭവിച്ചേക്കാം. ഇപ്പോൾ, എന്റെ ജീവിതത്തിൽ വലിയൊരു, ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരു പരാജയം ഉണ്ടായ സമയത്ത്, സോഷ്യൽ മീഡിയയിൽ ഞാൻ പോലും അറിയാത്ത കാര്യങ്ങൾ വളച്ചൊടിച്ചൊക്കെ വരുന്നത് കണ്ടപ്പോൾ ഞാൻ അമ്പരന്നു," പ്രശസ്ത നടൻ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞു.

"എന്താണ് എന്റെ ജീവിതത്തിൽ സംഭവിച്ചത് എന്നതിന്റെ യാഥാർഥ്യമൊന്നും അന്വേഷിക്കാതെ - എനിക്കത് പറയാനും താത്പര്യമില്ല, കാരണം അത് അങ്ങനത്തെ ഒരു വിഷയം ആയതു കൊണ്ട് - അത് മറ്റൊരു രീതിയിൽ വളച്ചൊടിച്ചു വരുന്നത് കണ്ടപ്പോൾ, എന്തായിപ്പോ ഇങ്ങനെ എന്നാണ് തോന്നിയത്," ദിലീപ് വിശദീകരിച്ചു. "ഒരു വാർത്തയും കിട്ടിയില്ലെങ്കിൽ, എന്നാൽ പിന്നെ ദിലീപിന്റെ സംഭവം അങ്ങ് കീച്ചിയാലോ, എന്ന് പറയുന്ന രീതിയാണ് ഞാൻ കാണുന്നത്. ഞാൻ ഒരു പത്ത് തവണ ഇപ്പോൾ കല്യാണം കഴിച്ചു കഴിഞ്ഞു (ഗോസിപ്പുകൾ ഉദ്ദേശിച്ച്)," നടൻ തുറന്നടിച്ചു.
"ഒരിക്കൽ പതിനാറാം തിയതി കല്യാണം എന്നൊരു ഡേറ്റ് ഒക്കെ ഇട്ടിട്ട് വരുന്നു (കല്യാണ ഗോസിപ്പുകൾ). അപ്പോൾ ഞാൻ പോലും പലതും കാണുമ്പോൾ "ദൈവമേ ഇവരിത് സ്ഥലം പറഞ്ഞിട്ടുമില്ല, ഈ പതിനാറ് എന്ന് പറയുന്ന ദിവസം ഞാൻ ഇവിടെ ഇല്ല താനും, ഇനി എനിക്കിത് മിസ് ആവുമോ?" ആ ഒരു രീതിയിലൊക്കെ ആണ് നമ്മുടെ അവസ്ഥ," സ്വതസിദ്ധമായ തമാശ കലർത്തികൊണ്ട് ദിലീപ് പറഞ്ഞു. എന്തായാലും, എല്ലാ ഊഹാപോഹങ്ങൾക്കും ഒടുവിൽ ഏറെ നാളത്തെ ഗോസിപ്പുകൾക്ക് വിരാമമിട്ടു കൊണ്ട്, ഈ അഭിമുഖം പുറത്തിറങ്ങി ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചു. ഇന്ന് ഇരുവർക്കും മഹാലക്ഷ്മി എന്നൊരു മകളും ഉണ്ട്.


Click it and Unblock the Notifications