മഞ്ജുവിന് പൊക്കം കൂടുതലുണ്ടോ എന്ന് സംശയം: ആദ്യ കൂടിക്കാഴ്ചയെ കുറിച്ച് ദിലീപ്
ദിലീപും മഞ്ജു വാര്യരും മലയാള സിനിമ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത താര ദമ്പതികളായിരുന്നു. 1996ൽ സല്ലാപം എന്ന റൊമാന്റിക് ഡ്രാമയിലൂടെ വെള്ളിത്തിരയിൽ ആദ്യമായി ഒന്നിച്ചെത്തിയ ഇരുവരും, പിന്നീട് ഈ പുഴയും കടന്ന്, കുട മാറ്റം എന്നീ ചിത്രങ്ങളിൽ കൂടി നായികാ-നായകന്മാരായി എത്തി. പിന്നീട് 1999ൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ദിലീപും മഞ്ജുവും വിവാഹിതരായെങ്കിലും, 2014 ഇരുവരും നിയമപ്രകാരം വേർപിരിയുകയും ചെയ്തു.
മഞ്ജുവിന് എന്നേക്കാൾ ഉയരമുണ്ടോ എന്നായിരുന്നു സംശയം: ദിലീപ്
കുറച്ചു വർഷങ്ങൾക്ക് മുൻപ് റെഡ് എഫ്.എമ്മിന് നൽകിയ ഒരു അഭിമുഖത്തിൽ, മഞ്ജു വാര്യരെ ആദ്യമായി കണ്ട നിമിഷത്തെ കുറിച്ച് ദിലീപ് ഓർത്തെടുത്തിരുന്നു. സല്ലാപം എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു ഇരുവരുടെയും ആദ്യ കൂടിക്കാഴ്ച. മുൻ ഭാര്യയെ കുറിച്ച് യാതൊരു പരിഭവവും കൂടാതെയാണ് ജനപ്രിയ നായകൻ അന്ന് സംസാരിച്ചത്.

ആദ്യമായി മഞ്ജു വാര്യരെ കാണുന്നത് ഷൊർണ്ണൂർ ഗസ്റ്റ് ഹൗസിൽ വച്ച്, പ്രശസ്ത സംവിധായകൻ ലോഹിതദാസിന്റെ സാന്നിധ്യത്തിലായിരുന്നു എന്ന് ദിലീപ് വെളിപ്പെടുത്തി. സല്ലാപം എന്ന ചിത്രത്തിൽ നായകനായി തീരുമാനിച്ച നടനെ, പ്രോജെക്ടിലെ നായികയായി എത്തുന്ന പുതിയ കുട്ടിയെ പരിചയപ്പെടുത്താൻ വേണ്ടിയാണ് സംവിധായകൻ കൂട്ടികൊണ്ട് പോയത്. അന്ന്, സാക്ഷ്യം എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്ത പരിചയത്തിന്റെ പിൻബലവുമായിട്ടാണ് മഞ്ജു നായികയാവാൻ എത്തിയത്.
"ലോഹി സാർ കാരണമാണ് ഞാൻ സല്ലാപത്തിൽ വരുന്നത്. അന്ന് ഷൊർണ്ണൂർ ഗസ്റ്റ് ഹൗസിൽ വച്ചാണ് വച്ചാണ് നമ്മൾ (ദിലീപും മഞ്ജു വാര്യരും) ആദ്യമായി കാണുന്നത്. ലോഹി സാർ ആണ് പരിചയപ്പെടുത്തിയത്. അന്ന് മഞ്ജുവിനെ ദൂരെ നിന്ന്, ഒറ്റക്ക് കണ്ടപ്പോൾ നല്ല ഉയരം തോന്നി. എന്നേക്കാൾ ഉയരമുണ്ടോ നായികയ്ക്ക് എന്നായിരുന്നു സംശയം. ലോഹി സാറും അറിയാത്ത മട്ടിൽ അടുത്ത് നിൽക്കുന്ന എന്നെ നോക്കുകയായിരുന്നു - ഇവൾക്ക് എന്നേക്കാൾ പൊക്കമുണ്ടോ എന്നറിയാൻ. ആ ഫിലിമിന്റെ ഷൂട്ടിനിടയിലാണ് ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറിയത്," ദിലീപ് റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

സല്ലാപം ലൊക്കേഷനിൽ വച്ച് ദിലീപും മഞ്ജുവും പ്രണയത്തിലായെങ്കിലും, അത് ഇരുവരും അതീവ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. 1999ൽ ദിലീപിന്റെ ഭാര്യയാകുമ്പോൾ, മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറിന് കഷ്ടിച്ച് 20 വയസ്സായിരുന്നു പ്രായം. തന്റെ ഭാര്യ സിനിമയിൽ അഭിനയിക്കുന്നത്തിൽ താത്പര്യമില്ല എന്ന ദിലീപിന്റെ വെളിപ്പെടുത്തൽ, അന്ന് മഞ്ജു എന്ന സ്റ്റാർ നായികയുടെ ആരാധകരെ തെല്ലൊന്നുമല്ല ഞെട്ടിച്ചത്. പിന്നീട്, 2014ൽ നടനുമായുള്ള ബന്ധം വേർപെടുത്തുന്നത് വരെ, ഒരു സാധാരണ വീട്ടമ്മയായി ഒതുങ്ങി കൂടുകയായിരുന്നു മഞ്ജു.
പിന്നീട്, 2013ൽ മഞ്ജു വാര്യരും ദിലീപും വേർപിരിഞ്ഞു താമസിക്കാൻ തുടങ്ങി. വൈകാതെ 2014ൽ ഇരുവരും വിവാഹമോചിതരാവുകയും ചെയ്തു. നടന് പ്രശസ്ത നടി കാവ്യ മാധവനുമായി ഉണ്ടായിരുന്ന അടുപ്പമാണ് ഇരുവരുടെയും വേർപിരിയലിൽ കലാശിച്ചതെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, ദിലീപ് ആ വാർത്തകൾ പിന്നീട് തള്ളിക്കളഞ്ഞു. ചില പ്രമുഖരുടെ ഇടപെടൽ മൂലമാണ് മഞ്ജുവുമായി സമാധാനത്തിൽ പൊയ്ക്കൊണ്ടിരുന്ന തന്റെ ദാമ്പത്യം അവസാനിച്ചത് എന്നാണ് താരം അവകാശപ്പെട്ടത്.
(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഫിൽമിബീറ്റ് മലയാളത്തിന്റെ സ്വന്തമല്ല. https://www.youtube.com/@MatineeNow, OneIndia.com എന്നീ പേജുകളിൽ നിന്ന് നിന്ന് എടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്).


Click it and Unblock the Notifications











