ആറടി ഉയരമില്ലാത്തതു കൊണ്ട് കരിയറിൽ ഗുണങ്ങൾ മാത്രം: ദിലീപ് പറയുന്നു
ഒരു മിമിക്രി താരമായി തുടങ്ങി, അസിസ്റ്റന്റ് ഡയറക്ടർ ആയി, പിന്നീട് സഹ നടനിലേക്കും അവിടെ നിന്ന് നായകനിലേക്കും ഉള്ള വലിയ വളർച്ചയുടെ കഥയാണ് ദിലീപിന്റേത്. മലയാള സിനിമയിൽ ആദ്യം താരം എത്തിയത്, സംവിധായകൻ കമലിന്റെ അസിസ്റ്റന്റ് ആയിട്ടാണ്. പിന്നീട്, ചില സിനിമകളിൽ ചെറിയ റോളുകൾ തുടങ്ങിയ നടന്, നായകനാവാൻ കുറച്ചു കാലം കാത്തിരിക്കേണ്ടി വന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ, ഉയര കുറവിന്റെയും, വണ്ണം ഇല്ലായ്മയുടെയും പേരിൽ താൻ പല കമന്റുകളും ആ സമയത്ത് കേട്ടിരുന്നു എന്നാണ് ദിലീപ് പറഞ്ഞത്.
ഉയരക്കുറവ് കരിയറിൽ അനുഗ്രഹമായെന്ന് ദിലീപ്
അടുത്തിടെ, തന്റെ പുതിയ ചിത്രമായ പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷനായി ഒരു മലയാളം ഓൺലൈൻ ചാനലിനോട് സംസാരിക്കുമ്പോൾ, തന്റെ കരിയറിന്റെ തുടക്കത്തിൽ നേരിടേണ്ടി വന്ന ചില കമന്റുകളെ കുറിച്ച് ദിലീപ് സംസാരിച്ചിരുന്നു. തന്റെ ശരാശരി പൊക്കം നായകനാവാൻ തടസ്സമാണെന്നും, വണ്ണം കുറവാണെന്നും, പലരും തന്നോട് പറഞ്ഞിരുന്നു എന്നാണ് പ്രശസ്ത താരം വെളിപ്പെടുത്തിയത്.

"ഞാൻ വളരെ സാധാരണക്കാരനാണ്, അന്നും ഇന്നും എന്നും. ചിലപ്പോൾ അതായിരിക്കാം എന്റെ പ്ലസ് പോയിന്റ്. ഞാൻ സിനിമയിൽ വന്ന സമയത്ത്, പലരും ഞാൻ തടിയില്ല, പൊക്കമില്ല, എന്നൊക്കെ പറയുമായിരുന്നു. എനിക്ക് ഒരു ശരാശി മനുഷ്യന്റെ പൊക്കമല്ലേ ഉള്ളു. പക്ഷെ, പിന്നീട് കരിയറിൽ ആ പൊക്കം എനിക്ക് ഒരു അനുഗ്രഹമായിട്ടാണ് തോന്നിയത്," ദിലീപ് തന്റെ അഭിമുഖത്തിൽ വെളിപ്പെടുത്തി.
"എനിക്ക് ഒരു ആറടിയോ, അല്ലെങ്കിൽ ആറടിക്ക് മുകളിലോ പൊക്കം ഉണ്ടായിരുന്നെങ്കിൽ, എനിക്ക് ഒരു ചാന്തുപൊട്ടോ, ഒരു കുഞ്ഞി കൂനാണോ, ഒരു മായാ മോഹിനിയോ, അല്ലെങ്കിൽ അത് പോലത്തെ മറ്റ് ഒരുപാട് കഥാപാത്രങ്ങളോ ചെയ്യാൻ പറ്റില്ലായിരുന്നു," എല്ലാവരും തുടക്കത്തിൽ ഒരു കുറവായി കണക്കാക്കിയിരുന്ന തന്റെ ശരാശരി ഉയരം, കരിയറിൽ എങ്ങനെ സഹായകമായി എന്നതിനെ കുറിച്ച് ദിലീപ് വിശദീകരിച്ചു.

"ദൈവം ഓരോ സാധനങ്ങളും മോൾഡ് ചെയ്യുന്നതിന് ഓരോ കാരണങ്ങൾ ദൈവം തന്നെ തീരുമാനിച്ചിട്ടുണ്ട്. അങ്ങനെ നോക്കുകയാണെങ്കിൽ, നമുക്ക് ഏത് രൂപമാണെങ്കിലും, നമ്മൾ കാണാൻ എങ്ങിനെയാണെങ്കിലും, അതിൽ സംതൃപ്തി അടയുക. കാരണം, അതിനൊരു കാരണം ഉണ്ടാവും എന്നാണ് പറയപ്പെടുന്നത്. ദൈവം ഒന്നും കാണാതെ ഒന്നിനെയും മോൾഡ് ചെയ്യില്ല," ദിലീപ് പറഞ്ഞു.
"അങ്ങനെ കുറെ അനുഗ്രഹങ്ങൾ എനിക്കുണ്ട് - ആദ്യം അതിൽ എനിക്ക് സങ്കടം ഉണ്ടായിരുന്നു. പിന്നീട് അതിനെയൊക്കെ ഞാൻ അനുഗ്രഹങ്ങൾ ആയി കണ്ടു തുടങ്ങി. പിന്നീട് അതെ കുറിച്ച് ആലോചിക്കുമ്പോൾ, ഇത് തന്നെയാണല്ലോ ശരി എന്ന് തോന്നാറുണ്ട്. അത്രയും വലിയ രൂപമുണ്ടെങ്കിൽ ചാന്തുപൊട്ടിലേത് പോലത്തെ ഒരു കഥാപാത്രം ചെയ്താൽ, "ഇയാൾ എന്താ ഈ കാണിക്കുന്നത്" എന്ന് പ്രേക്ഷകർക്ക് തോന്നില്ലേ. മായ മോഹിനിയായിട്ടോ, കുഞ്ഞി കൂനനായിട്ടോ, ആറടി പൊക്കമുള്ള ഒരാൾ വന്നാൽ ശരിയാകില്ല. അങ്ങനെ നോക്കുമ്പോൾ വലിയ അനുഗ്രഹമല്ലേ ദൈവം തന്നത്," ദിലീപ് കൂട്ടിച്ചേർത്തു.
വളരെക്കാലം നീണ്ടു നിന്ന കരിയറിലെ മോശം സമയത്തിന് ശേഷം, പ്രിൻസ് ആൻഡ് ഫാമിലിയുടെ വിജയത്തിലൂടെയാണ് ദിലീപിന്റെ കരിയറിൽ ആശ്വാസത്തിന്റെ കാലം എത്തിയത്. അടുത്തതായി, ഭ.ഭ.ബ എന്ന ആക്ഷൻ കോമഡി ചിത്രത്തിലൂടെ തീയറ്ററുകളിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങുകയാണ് പ്രശസ്ത നടൻ. ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അതിഥി താരമായി മോഹൻലാൽ എത്തുമെന്നാണ് സൂചന.


Click it and Unblock the Notifications