ഒരു ടെൻഷനും തരില്ല, അനാവശ്യ ചോദ്യങ്ങളില്ല: മഞ്ജുവെന്ന ഭാര്യയെക്കുറിച്ച് ദിലീപ് പറഞ്ഞത്
മലയാള സിനിമാ വ്യവസായത്തെ ഏറ്റവും അത്ഭുതപ്പെടുത്തിയ സംഭവങ്ങളിൽ ഒന്നാണ്, 1998ൽ നടന്ന ദിലീപിന്റെയും മഞ്ജു വാര്യരുടെയും വിവാഹം. ഒരു ഒക്ടോബർ ഇരുപതാം തിയതി പുലർച്ചെയ്ക്ക് മഞ്ജുവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടു പോയി വിവാഹം കഴിക്കുകയായിരുന്നു ദിലീപ്. ആലുവ ശ്രീ കൃഷ്ണ സ്വാമി അമ്പലത്തിൽ വച്ച് നടന്ന വിവാഹത്തിൽ, പത്തിൽ താഴെ അതിഥികൾ മാത്രമാണ് പങ്കെടുത്തത്. എന്നാൽ അധികം വൈകാതെ ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹ വാർത്ത കേരളം മുഴുവൻ അറിഞ്ഞു.
അന്ന് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്ന മഞ്ജു വാര്യർ വിവാഹത്തോടെ അഭിനയം നിർത്താൻ തീരുമാനിച്ചു. ആ തീരുമാനം, മലയാള സിനിമ രംഗത്തെയും, പ്രേക്ഷകരെയും കുറച്ചൊന്നുമല്ല നിരാശപ്പെടുത്തിയത്. എന്നാൽ, ദിലീപിന് തന്റെ ഭാര്യ സിനിമയിൽ അഭിനയിക്കുന്നതിനോടുള്ള താത്പര്യ കുറവ് കണക്കിലെടുത്താണ്, അഭിനയം നിർത്തി ഒരു വീട്ടമ്മയായി ഒതുങ്ങിക്കൂടാൻ മഞ്ജു തീരുമാനിച്ചത്. 2000ത്തിൽ മകൾ മീനാക്ഷിയ്ക്ക് ജൻമം നൽകിയതോടെ, പൊതു വേദികളിൽ പോലും പ്രശസ്ത താരം അധികം എത്താതെയായി.

വിവാഹം കഴിഞ്ഞു കുറച്ചു വർഷങ്ങൾക്ക് ശേഷം, അന്നത്തെ പ്രശസ്ത മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ, മഞ്ജു വാര്യർ എന്ന ഭാര്യയെ കുറിച്ച് ദിലീപ് വാചാലനായി. ഒരു നല്ല കുടുംബിനിയുടെ റോളിൽ തിളങ്ങി നിൽക്കുകയാണ് പ്രശസ്ത താരം എന്നും, തന്റെ കുടുംബത്തിന്റെ എല്ലാ ഉത്തരവാദിത്തവും മഞ്ജു സന്തോഷത്തോടെ ഏറ്റെടുത്തുവെന്നും, നടൻ പറഞ്ഞു. തന്നെക്കാൾ തിരക്കാണ് തന്റെ ഭാര്യക്ക് എന്നാണ് അന്ന് ജനപ്രിയ നായകനായി വളർന്നു കൊണ്ടിരുന്ന നടൻ വെളിപ്പെടുത്തിയത്.
മഞ്ജുവിനൊപ്പമുള്ള ജീവിതം എങ്ങനെയിരിക്കുന്നു എന്ന ചോദ്യത്തിന്: "കുഴപ്പമില്ല, നന്നായി പോവുന്നു. ഭാര്യ എന്നതിലുപരി മഞ്ജു എന്റെ നല്ല സുഹൃത്താണ്. നമ്മൾക്ക് അങ്ങനെ യാതൊരു ടെൻഷനും കാര്യങ്ങളും ഒന്നും തന്നെ തരാത്ത ഒരാളാണ് അവൾ. ചില സമയത്ത് ഞാൻ ഏതു സിനിമയാണ് ചെയ്യുന്നത് എന്നു പോലും ചോദിക്കാറില്ല. ഞാൻ ഇന്ന് എന്ത് ചെയ്തു, എവിടെയാണ്, എന്നൊന്നും ചോദിക്കാറില്ല," എന്നാണ് ദിലീപ് മറുപടി നൽകിയത്. ഷൂട്ടിങ് കഴിഞ്ഞ് ക്ഷീണിച്ചു വീട്ടിലെത്തുമ്പോൾ, ഒരു വിഷമങ്ങളും തന്നെ അറിയിക്കാതെ കെയർ ചെയ്യുന്ന ഭാര്യയാണ് മഞ്ജു എന്ന് നടൻ പറഞ്ഞു.

ലൈം ലൈറ്റിൽ നിന്ന് മാറി നിൽക്കുന്നതിൽ മഞ്ജുവിന് ബുദ്ധിമുട്ടില്ലാത്തത്, അവർ അത്രയും തിരക്കിലായതു കൊണ്ടാണെന്നാണ് അന്ന് ദിലീപ് അവകാശപ്പെട്ടത്. "അങ്ങനെ ഒന്നുമില്ല... ആള് ഭയങ്കര ബിസി ആണെന്ന് എനിക്ക് ഫീൽ ചെയ്യുന്നുണ്ട്. ഞാൻ ചെല്ലുമ്പോൾ ഒക്കെ ഭയങ്കര ബിസി ആണ്. ഇപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഓടി നടക്കുന്നത് കാണാം. അത് ചെയ്തോ, ഇത് ചെയ്തോ, അതിന്റെ കണക്ക്, ഇതിന്റെ കണക്ക്, എന്നൊക്കെ പറഞ്ഞ്. അങ്ങനെ വീട്ടുകാര്യങ്ങളിൽ ആള് ഫുൾ ബിസി ആണ്," നടൻ പറഞ്ഞു
എന്തായാലും, 2013ൽ ദിലീപുമായി വേർപിരിയാൻ തീരുമാനിച്ച മഞ്ജു വാര്യർ തന്റെ തൃശ്ശൂരിലെ വീട്ടിലേക്ക് താമസം മാറി. 2014ൽ ഇരുവരും നിയപരമായി വിവാഹമോചിതരാവുകയും ചെയ്തു. കാവ്യ മാധവനുമായി ദിലീപിന് ഉണ്ടായിരുന്ന അടുപ്പമാണ് മഞ്ജുവുമായി പിരിയാൻ കാരണമെന്ന് ഗോസിപ്പുകൾ വന്നപ്പോൾ നടൻ അത് നിഷേധിച്ചിരുന്നു. പക്ഷെ, രണ്ടു വർഷങ്ങൾക്ക് ശേഷം, തന്റെ പേരിൽ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് ബലിയാടായി കാവ്യയെ തന്നെ ദിലീപ് വിവാഹം കഴിച്ചു. മഞ്ജുവിന്റെ മകൾ മീനാക്ഷി, തന്റെ അച്ഛനോടും കാവ്യയോടും ഒപ്പമാണ് താമസം.


Click it and Unblock the Notifications