മഞ്ജുവിന് സിനിമയിൽ എന്നും പത്തൊൻപത് വയസ്സാണ്, തിരിച്ചു വന്നാൽ പഴയത് പോലെയാവില്ല: ദിലീപിന്റെ തകർന്ന വാദങ്ങൾ
മലയാള സിനിമ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. കരിയറിന്റെ രണ്ടു ഘട്ടത്തിലും പ്രശസ്ത നടിക്ക് തന്റേതായ സ്ഥാനം ഇൻഡസ്ട്രിയിൽ നേടിയെടുക്കാനായി. ഇതിൽ രസകരമായ കാര്യം, തന്റെ കരിയറിന്റെ ആദ്യ ഘട്ടത്തിൽ, നാല് വർഷം മാത്രമാണ് മഞ്ജു സിനിമയിൽ ഉണ്ടായിരുന്നത്. വെറും ഇരുപത് ചിത്രങ്ങളിൽ മാത്രമാണ് നടി അന്ന് അഭിനയിച്ചത്. കഷ്ടിച്ചു ഇരുപത് വയസ്സ് മാത്രം പ്രായമുള്ളപ്പോൾ പ്രശസ്ത നടൻ ദിലീപിനെ വിവാഹം ചെയ്ത് സിനിമയോട് വിട പറയുകയായിരുന്നു മഞ്ജു.
അന്ന്, തന്റെ ഭാര്യ സിനിമകളിൽ അഭിനയിക്കുന്നതിനോട് താത്പര്യമില്ല എന്ന ദിലീപിന്റെ വെളിപ്പെടുത്തൽ, വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. മലയാളത്തിലെ ഏറ്റവും കഴിവുള്ള നടിയെ വീട്ടമ്മയാക്കി ഒതുക്കിയ നടനോട് ക്ഷമിക്കാൻ പ്രേക്ഷകർ ഒരുപാട് കാലം തയ്യാറായിരുന്നില്ല. മഞ്ജുവിന്റെ വളർച്ചയിൽ ദിലീപിന് അസൂയയാണെന്ന് പോലും അന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. എന്നാൽ പിന്നീട്, മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ, മഞ്ജു അഭിനയിക്കാത്തതിന് തന്റെ ഭാഗത്തുള്ള ന്യായങ്ങൾ നടൻ വെളിപ്പെടുത്തി.

മഞ്ജു വാര്യരോട് ദിലീപിന് അസൂയ ഉണ്ടോ എന്ന അവതാരകൻ ജോണി ലൂക്കോസിനോട് ഒരു ചിരിയോടെ, "മഞ്ജു ഒരു പാവമാണ്, അവളോട് എനിക്ക് എന്തിനാണ് അസൂയ?" എന്ന മറുചോദ്യമാണ് നടൻ ചോദിച്ചത്. താനോ മഞ്ജുവോ ഒരിക്കലും അവർ ഇനി അഭിനയിക്കുന്നില്ല എന്ന് പ്രഖ്യാപിച്ചിട്ടില്ല എന്നും, എല്ലാം മാധ്യമ സൃഷ്ടിയാണെന്നുമാണ് ദിലീപ് അന്ന് അവകാശപ്പെട്ടത്. വിവാഹം കഴിഞ്ഞ ഉടനെ നടി രണ്ടു ചിത്രങ്ങളുടെ ഷൂട്ടിംഗ് തീർക്കുന്ന തിരക്കിലായിരുന്നുവെന്നും, അന്ന് ഏതാണ്ട് പതിനഞ്ചു ദിവസത്തിന് ശേഷമാണ് അവരെ താൻ പിന്നീട് കണ്ടതെന്നും നടൻ പറഞ്ഞു.
"സ്വാഭാവികമായും ഇതിൽ വില്ലൻ ഭർത്താവ് തന്നെയാവും, അത് അങ്ങനെ നിൽക്കട്ടെ," നടൻ ഒരു ചിരിയോടെ പറഞ്ഞു. സിനിമയും കുടുംബവും കൂട്ടിചേർത്താൽ വലിയ കുഴപ്പമാണെന്ന് പറഞ്ഞ ദിലീപ്, എല്ലാവരും ജോലിക്ക് വരുന്നത് ഭാര്യമാരോടൊപ്പമാണോ എന്നും ചോദിച്ചു. "മഞ്ജു ഇന്ന് വളരെ എൻഗേജ്ഡ് ആണ്. എന്റെ കാര്യങ്ങൾ നോക്കണം, കുഞ്ഞിന്റെ കാര്യങ്ങളുണ്ട്, കമ്പനി കാര്യങ്ങളുണ്ട്. ഇതൊക്കെ നോക്കണം," നടൻ പറഞ്ഞു. ഒപ്പം, മഞ്ജുവിനെ കുറിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഒരു ഇമേജ് മാത്രമാണ് ഉള്ളതെന്നും, മടങ്ങി വന്നാൽ സിനിമയിൽ നിന്ന് പുതിയ മഞ്ജുവിന് ആ സ്നേഹം കിട്ടണമെന്നില്ല എന്നും ദിലീപ് അവകാശപ്പെട്ടു.

"ഞാൻ മഞ്ജുവിനോട് പറയാറുണ്ട് - സിനിമയിൽ എന്നും നിനക്ക് പത്തൊൻപത് വയസ്സാണ്, എന്ന്. അതിന് അപ്പുറമുള്ള ഒരു പ്രായം ആരും കണ്ടിട്ടില്ല. ഉണ്ടാക്കി വച്ചിരിക്കുന്ന ഇമേജും അതാണ്. ഒരു നടി അഭിനയത്തിൽ നിന്ന് പോയി, കല്യാണം കഴിഞ്ഞു, പിന്നീട് അഭിനയത്തിലേക്ക് തിരിച്ചു വന്നു - അങ്ങനെ വന്നാൽ ഈ കാണുന്ന ബഹളങ്ങൾ ഒന്നും പിന്നീട് ഉണ്ടാവാറില്ല - മുൻപ് മടങ്ങി വന്നവരുടെ കണക്കുകൾ എടുത്താൽ അതാണ് കാണാൻ പറ്റുന്നത്," ദിലീപ് വിശദീകരിച്ചു. സിനിമയിലേക്ക് മടങ്ങി വരുന്ന നടിമാർക്ക് പ്രേക്ഷകരിൽ നിന്ന് പഴയ സ്വീകാര്യത കിട്ടാറില്ല എന്നാണ് തന്റെ വിശ്വാസമെന്ന് നടൻ പറഞ്ഞു.
എന്നാൽ, ഈ കാര്യത്തിൽ ദിലീപിന്റെ കാഴ്ചപ്പാടുകൾ തെറ്റാണെന്ന് കാലം തെളിയിച്ചു. കാരണം, മഞ്ജു വാര്യരുടെ ജീവിതത്തിൽ സംഭവിച്ചത് മറിച്ചാണ്. വിവാഹമോചന ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തിയ മഞ്ജുവിനെ കേരളം ഇരുകൈയും നീട്ടി സ്വീകരിച്ചു. അധികം വൈകാതെ തമിഴിലും അരങ്ങേറ്റം കുറിച്ച താരം, മമ്മൂട്ടി, മോഹൻലാൽ, രജിനികാന്ത്, അജിത് കുമാർ, വിജയ് സേതുപതി, ധനുഷ്, തുടങ്ങിയ രണ്ടു ഇൻഡസ്ട്രികളിലെയും സൂപ്പർ താരങ്ങളോടൊപ്പം ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. ഇന്ന്, അധികമാർക്കും കിട്ടാത്ത ജനപ്രീതിയും മഞ്ജു വാര്യർ എന്ന താരത്തിന് സൗത്ത് ഇന്ത്യയിൽ ഉണ്ട്.


Click it and Unblock the Notifications