പൃഥ്വിരാജിനെ ഒതുക്കാൻ ദിലീപ് ശ്രമിച്ചിരുന്നോ? ആരോപണങ്ങൾക്ക് മറുപടിയുമായി താരം എത്തിയപ്പോൾ
പ്രശസ്ത താരം ദിലീപിന്റെ സിനിമ ജീവിതം എന്നും വിവാദങ്ങളുടെ നിഴലിൽ ആയിരുന്നു. നടിയെ ആക്രമിച്ച കേസിൽ സംശയത്തിന്റെ നിഴലിൽ ഇന്നും നിൽക്കുന്ന നടൻ, വളരെ മുൻപ് തന്നെ പല സഹപ്രവർത്തകരിൽ നിന്നും ആരോപണങ്ങൾ നേരിട്ടിരുന്നു. മുൻപ്, പൃഥ്വിരാജ് സുകുമാരൻ, സീനിയർ നടൻ തിലകൻ, തുടങ്ങി പലരെയും ദിലീപ് ഒതുക്കാൻ നോക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആ കാലത്ത്, ഇത് ശരി വയ്ക്കുന്ന രീതിയിൽ, "ദിലീപ് ഒരു വിഷം ആണ്" എന്ന് തിലകൻ തുറന്നടിച്ചു.
പൃഥ്വിരാജിന് തുടക്കകാലത്ത് ഒരുപാട് ചിത്രങ്ങൾ താരത്തിന്റെ ഇടപെടൽ മൂലം നഷ്ടപ്പെട്ടതായി സംസാരം ഉണ്ടായിരുന്നു. അന്ന് തുടക്കക്കാരനായിരുന്ന താരവും, അദ്ധേഹത്തിന്റെ അമ്മ മല്ലിക സുകുമാരനും, പൃഥ്വിയെ സിനിമയിൽ നിന്ന് മാറ്റി നിർത്താൻ ചിലരൊക്കെ കിണഞ്ഞു ശ്രമിക്കുന്നുണ്ടെന്ന്, പേരുകൾ എടുത്തു പറയാതെ വെളിപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ, ആരോപണങ്ങൾ തനിക്ക് നേരെ നീണ്ടപ്പോൾ, അതിന് മറുപടിയുമായി ഒരിക്കൽ ദിലീപ് എത്തി.

മനോരമ ന്യൂസ് ചാനലിന് വേണ്ടി, 'നേരെ ചൊവ്വേ' എന്ന പരിപാടിയിൽ പ്രശസ്ത മാധ്യമ പ്രവർത്തകൻ ജോണി ലൂക്കോസുമായി നടത്തിയ അഭിമുഖത്തിലാണ് ഈ ആരോപണങ്ങൾക്ക് മീശ മാധവൻ താരം മറുപടി പറഞ്ഞത്. മറ്റ് നടന്മാരുടെ സിനിമകൾ ഇറങ്ങുമ്പോൾ ആ തീയറ്ററുകളിൽ കൂക്കി വിളിക്കാൻ ഫാൻസിനെ ഏർപ്പാട് ചെയ്യാറുണ്ട് എന്ന ആരോപണത്തിന്, ചിരിയോടെയാണ് ദിലീപ് മറുപടി നൽകിയത്. "ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന കാശ് ഇത്തരം കാര്യങ്ങൾക്ക് ചിലവാക്കുമോ? എങ്കിൽ എന്റെ പടം ഓടിക്കാൻ അല്ലെ ഞാൻ ശ്രമിക്കൂ?" എന്നാണ് നടൻ മറുപടി പറഞ്ഞത്.
പൃഥ്വിരാജ് സുകുമാരനെ ഒതുക്കാൻ ശ്രമിക്കുന്നു എന്ന ആരോപണത്തോട് പ്രതികരിച്ച ദിലീപ്, "ഞാനും ചെയ്യുന്ന സിനിമകൾ നോക്കിയാൽ തന്നെ അറിയാം, അവ തമ്മിൽ വളരെ വ്യത്യാസമുണ്ട്. പിന്നെ അങ്ങനെ ചെയ്യേണ്ട ആവശ്യം എന്താണ്?" എന്ന മറുചോദ്യമാണ് ചോദിച്ചത്. "എന്റെ സിനിമകൾ കണ്ടാൽ അറിയാം, ഇത് ദിലീപ് ചെയ്താലേ ശരിയാവൂ എന്ന് തോന്നുന്ന വേഷങ്ങളാണ് ഞാൻ ചെയ്യാറുള്ളത്. പൃഥ്വിരാജ് ചെയ്യുന്ന ചിത്രങ്ങൾ നോക്കിയാൽ, അവ എന്റെ സിനിമകളിൽ നിന്ന് എത്ര വ്യത്യസ്തമാണ് എന്ന് മനസ്സിലാവും," അന്നത്തെ യുവ താരവുമായി തനിക്ക് മത്സരമില്ലാത്തതിന്റെ കാരണത്തെ കുറിച്ച് ദിലീപ് വിശദീകരിച്ചു.

"ഞാൻ ചെയ്യുന്ന വേഷങ്ങളും, അയാൾ (പൃഥ്വിരാജ് സുകുമാരൻ) ചെയ്യുന്ന വേഷങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. അയാൾക്ക് വേണ്ടി ഉണ്ടാക്കുന്ന കഥാപാത്രങ്ങൾ ഞാൻ പിടിച്ചു വാങ്ങുകയാണെങ്കിൽ മനസിലാക്കാം. ഏതെങ്കിലും പ്രൊഡ്യൂസറെ നമ്മൾ വിളിച്ചിട്ട്, "ഇത് അയാൾക്ക് വന്ന കഥാപാത്രമാണ്, അതിങ്ങ് തന്നേക്ക്," എന്ന് പറയുമോ? അതിന്റ ആവശ്യമില്ല. ഇതിനൊക്കെ "പേ വാക്കിന് പൊട്ട ചെവി" എന്ന് പറയുമ്പോലെ, എങ്ങനെയാ നമ്മൾ പ്രതികരിക്കുക?" ദിലീപ് ചോദിച്ചു.
ദിലീപ് ഈ വാദങ്ങൾ തള്ളിയെങ്കിലും, മുൻപ് പല അഭിമുഖങ്ങളിലും, തന്നെ ഒരുമിച്ച് ഒന്നിൽ കൂടുതൽ സിനിമകളിൽ നിന്ന് പുറത്താക്കിയിട്ടുണ്ടെന്ന് പൃഥ്വിരാജ് സുകുമാരൻ വെളിപ്പെടുത്തിയിരുന്നു. അതിൽ, ദിലീപിനൊപ്പം അഭിനയിക്കാൻ ഇരുന്ന പെരുമഴക്കാലം എന്ന സിനിമ വരെ ഉൾപ്പെട്ടിരുന്നു. നായികയായ കാവ്യ മാധവനും മറ്റു താരങ്ങളും പൃഥ്വിരാജിനൊപ്പം അഭിനയിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് തനിക്ക് 'അത് മന്ദാരപൂവല്ല' എന്ന സിനിമ ഉപേക്ഷിക്കേണ്ടി വന്നതെന്ന് പ്രശസ്ത സംവിധായകൻ പ്രിയനന്ദനൻ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. അന്നൊക്കെ സംശയത്തിന്റെ മുനകൾ നീണ്ടത് ദിലീപിന് നേരെയാണ്.


Click it and Unblock the Notifications