സുരേഷ് ഗോപി നോക്കുന്നുണ്ട്, എനിക്ക് മനസിലായില്ല; ഇറങ്ങിപ്പോയാലോ എന്ന് കരുതി; ദിനേശ് പണിക്കരുടെ വാക്കുകൾ
സിനിമാ നിർമാണ രംഗത്ത് നിന്നും അഭിനയ രംഗത്തേക്ക് കടന്ന് വന്ന ദിനേശ് പണിക്കർ ഇതിനോടകം ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്തു. സിനിമകളിലും സീരിയലുകളിലും ദിനേശ് പണിക്കർ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സിനിമാ ലോകത്ത് നിരവധി അടുത്ത സൗഹൃദങ്ങൾ ദിനേശ് പണിക്കർക്കുണ്ട്. അഭിമുഖങ്ങളിൽ ഇതേക്കുറിച്ച് ഇദ്ദേഹം സംസാരിക്കാറുമുണ്ട്. കരിയറിൽ ദിനേശ് പണിക്കർ ചെയ്ത ഏറ്റവും ശ്രദ്ധ നേടിയ നെഗറ്റീവ് വേഷം ജനകനിലേതാണ്.
സുരേഷ് ഗോപി നായകനായെത്തിയ ജനകനിൽ ക്രൂരനായ കഥാപാത്രത്തെയാണ് ദിനേശ് പണിക്കർ ചെയ്തത്. ഇതേക്കുറിച്ച് ഒരിക്കൽ ദിനേശ് പണിക്കർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഈ വേഷത്തെക്കുറിച്ച് താൻ അറിഞ്ഞത് ജനകന്റെ സെറ്റിലെത്തിയ ശേഷമാണെന്ന് ദിനേശ് പണിക്കർ പറഞ്ഞു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.

രണ്ട് ദിവസം ഡേറ്റ് വേണം, മോഹൻലാലും സുരേഷ് ഗോപിയുമുള്ള പടമാണെന്ന് പറഞ്ഞു. കഥയൊന്നും കേൾക്കാതെ ഞാൻ തയ്യാറായി. ആദ്യത്തെ ദിവസത്തെ ഷൂട്ടിന് വിളിച്ചു. ബിഎംഡബ്ല്യു കാറിൽ വരുന്ന കോടീശ്വരൻ. മുഖ്യമന്ത്രിയുടെ കഥാപാത്രത്തോട് സംസാരിക്കുന്ന സീനാണ്. ഞാൻ ഹാപ്പിയായി. രണ്ടാമത്തെ ദിവസം ചെന്നപ്പോൾ കോമ്പിനേഷൻ സീനെടുക്കുകയാണ്. സുരേഷ് ഗോപിയും ബിജു മേനോനും ഹരിശ്രീ അശോകനുമുണ്ട്. ഞാൻ കൊച്ചു നടനാണ്.
ഞാൻ മാറി ഇരുന്നു. കുറച്ച് കഴിഞ്ഞ് സുരേഷ് ഗോപിയും ബിജു മേനോനുമെല്ലാം എന്നെ നോക്കുന്നു. ബിജു മേനോൻ പൊട്ടിച്ചിരിക്കുന്നു. എനിക്ക് മനസിലായില്ല. ഞാൻ സീൻ വായിച്ചിട്ടില്ലെന്ന് അവർക്ക് മനസിലായി. ദിനേശേ സീൻ വായിച്ചില്ലേ എന്ന് സുരേഷ് ഗോപി ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോൾ വായിച്ച് നോക്കെന്ന് സുരേഷ്. അപ്പോഴാണ് സീൻ എന്റെ കൈയിൽ കിട്ടുന്നത്.

നോക്കിയപ്പോൾ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ മകളെ റേപ്പ് ചെയ്ത് കൊല്ലുന്ന കഥാപാത്രമാണ്. അത് കഴിഞ്ഞ് ഇവരെല്ലാം കൂടെ വന്ന് എന്നെ കൊല്ലുന്നു. എന്റെ താഴേക്ക് ചെത്തിക്കളയുന്ന സീനുമുണ്ട്. ഇത് വായിച്ച് എന്റെ മുഖം മാറി. ബ്ലഡ് പ്രഷർ കൂടി. എന്താണ് ചെയ്യേണ്ടതെന്ന് മനസിലായില്ല. ജീവിതത്തിലാദ്യമായാണ് നെഗറ്റീവ് വേഷം ചെയ്യുന്നത്. അതും ഇത്ര വൃത്തികെട്ട വേഷം.
ഇറങ്ങിപ്പോയാലോ എന്ന് വരെ ചിന്തിച്ചു. എന്നാൽ ഒരു ചലഞ്ചായെടുത്ത് ആ കഥാപാത്രം ചെയ്തെന്നും ദിനേശ് പണിക്കർ വ്യക്തമാക്കി. ചിന്താമണി കൊലക്കേസിലെ നെഗറ്റീവ് വേഷത്തിലേക്കും തന്നെ ആദ്യം പരിഗണിച്ചിരുന്നെന്നും എന്നാൽ ഡേറ്റിന്റെ പ്രശ്നം കാരണം ചെയ്യാൻ സാധിച്ചില്ലെന്നും നടൻ വ്യക്തമാക്കി.
പ്രേം പ്രകാശാണ് ദിനേശ് പണിക്കറിന് പകരം ഈ വേഷം ചെയ്തത്. ജനകനിലെ വേഷം കാരണം നടി ശാലു കുര്യൻ തന്നോട് സംസാരിക്കാൻ ഭയന്നതിനെക്കുറിച്ച് ദിനേശ് പണിക്കർ നേരത്തെ സംസാരിച്ചിട്ടുണ്ട്. ചന്ദനമഴ എന്ന സീരിയലിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഷൂട്ടിംഗിന്റെ ആദ്യ ദിവസങ്ങളിൽ ശാലു തന്നോട് സംസാരിക്കാൻ മടിച്ചെന്നും പിന്നീട് നല്ല കൂട്ടായെന്നുമാണ് ദിനേശ് പണിക്കർ പറഞ്ഞത്.


Click it and Unblock the Notifications