ഏഴ് മണി കഴിഞ്ഞാൽ വെള്ളമടിക്കാതെ പറ്റാതായി; അവസാന കാലത്ത് ഓവറായി; മുരളിയെക്കുറിച്ച് സംവിധായകൻ
മലയാള സിനിമാ രംഗത്ത് അഭിനയ മികവ് കൊണ്ട് ഏറെ പ്രശംസ നേടിയ നടനാണ് മുരളി. നാടകരംഗത്ത് നിന്നും സിനിമയിലേക്ക് കടന്ന് വന്ന മുരളിക്ക് ശ്രദ്ധേയമായ നിരവധി സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു. വെങ്കലം, അമരം, കിരീടം തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. ഹരിഹരന്റെ പഞ്ചാഗ്നിയാണ് നടന്റെ ആദ്യം റിലീസ് ചെയ്ത സിനിമ. സംസ്ഥാന, ദേശീയ പുരസ്കാരങ്ങളും മുരളിക്ക് ലഭിച്ചിട്ടുണ്ട്.
നാല് തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം മുരളിക്ക് ലഭിച്ചു. നെയ്ത്തുകാരൻ എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും താരത്തെ തേടി വന്നു. അനശ്വരമായ ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ച മുരളിക്ക് പക്ഷെ ഓഫ് സ്ക്രീനിൽ പലപ്പോഴും വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. മുരളിയുടെ മദ്യപാനം സിനിമാ ലോകത്ത് അന്ന് സംസാര വിഷയമായിരുന്നു. നടന്റെ കരിയറിനെയും ഇത് ബാധിച്ചു.

സെറ്റിൽ പ്രശ്നങ്ങൾ, ഷൂട്ടിംഗിന് എത്താതിരിക്കൽ തുടങ്ങിയ പ്രശ്നങ്ങൾ മുരളിയുടെ പേരിൽ ആരോപിക്കപ്പെട്ടിട്ടുമുണ്ട്. മുരളിയെക്കുറിച്ച് സംവിധായകൻ കലാധരൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു ഘട്ടത്തിൽ മുരളി മദ്യത്തിന് അടിമപ്പെട്ട് പോയിരുന്നെന്ന് കലാധരൻ വ്യക്തമാക്കി. മുമ്പൊരിക്കൽ മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
അവസാന കാലത്ത് ഓവറായി കുടി തുടങ്ങി. ഏഴ് മണിയായാൽ വെള്ളമടിക്കാതെ ഇരിക്കാൻ പറ്റാത്ത അവസ്ഥ വന്നു. പെർഫോമൻസ് കാണുമ്പോൾ കഴിച്ചിട്ടുണ്ടോ എന്ന് അറിയാം. അത് പറഞ്ഞാലും പുള്ളി ഗൗനിക്കില്ല. ഞങ്ങൾക്കിടയിൽ മാനസികമായി ചില പൊരുത്തക്കേടുകൾ ഉണ്ടായി. എന്നെ വലിയ കാര്യമായിരുന്നു. പക്ഷെ അവസാനമായപ്പോഴേക്കും മദ്യപാനം കൊണ്ടുള്ള പ്രശ്നങ്ങൾ വന്നു. മദ്യത്തോട് ആസക്തി തോന്നിയാൽ മറ്റുള്ളതെല്ലാം സെക്കന്ററി ആയിപ്പോകും. മദ്യപിക്കേണ്ട സമയം ആയാൽ അവരുടെ ശരീരം ആവശ്യപ്പെടുമെന്നും കലാധരൻ പറഞ്ഞു.

മുരളിയെക്കുറിച്ച് മുമ്പൊരിക്കൽ പ്രൊഡക്ഷൻ കൺട്രോളർ പൂജപ്പുര രാജൻ പറഞ്ഞ വാക്കുകളും സമാനമായിരുന്നു. അവസാന കാലത്താണ് മുരളിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്ന് തുടങ്ങിയതെന്ന് ഇദ്ദേഹം പറഞ്ഞു. മരിക്കുന്നതിന് മൂന്നോ നാലോ വർഷം മുമ്പാണ് മദ്യപാനം കൂടിയത്. സ്വഭാവത്തിലും മാറ്റം വന്നു. ഷൂട്ടിംഗിന് സമയത്ത് വരാത്തത് കാരണം നടനെ ഒഴിവാക്കിയതായി കേട്ടിട്ടുണ്ടെന്നും പൂജപ്പുര രാജൻ അന്ന് വ്യക്തമാക്കി. 2009 ൽ ആഗസ്റ്റ് ആറിനാണ് മുരളി മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണ കാരണം.
മുരളിയുടെ മരണം സിനിമാ ലോകത്തെ ഏറെ വിഷമിപ്പിച്ചു. അന്തരിച്ച നടൻ മാമുക്കോയ മുരളിയുൾപ്പെടെയുള്ള താരങ്ങളെ മദ്യപാനം ബാധിച്ചതെങ്ങനെയെന്ന് മുമ്പൊരിക്കൽ തുറന്ന് പറഞ്ഞിരുന്നു. ചിലർ മദ്യത്തിന് അടിമപ്പെട്ട് നിർത്താൻ പറ്റാതായിട്ടുണ്ട്. മുരളി രാവും പകലും മദ്യപാനമായിരുന്നു. മരിക്കുന്നത് വരെ തുടർന്നു. എന്താണ് കാരണമെന്ന് ആർക്കും അറിയില്ല. മാനസികമായിട്ട് ചില പ്രയാസങ്ങൾ ഉണ്ടായിരുന്നിരിക്കണം.
അതേസമയം സിനിമാരംഗത്ത് മാത്രമല്ല മദ്യപാനം കൊണ്ടുള്ള പ്രശ്നങ്ങൾ ഉള്ളതെന്നും അന്ന് മാമുക്കോയ ചൂണ്ടിക്കാട്ടി. കൊച്ചിൻ ഹനീഫ മദ്യം തൊടാത്ത ആളാണ്. സിനിമയ്ക്ക് പുറത്ത് നിരവധി പേർ മദ്യപിച്ച് നശിക്കുന്നുണ്ടെന്നും മാമുക്കോയ അന്ന് ചൂണ്ടിക്കാട്ടി. സിനിമാ രംഗത്തെ ലഹരി ഉപയോഗം അടുത്തിടെയും ചർച്ചയായിട്ടുണ്ട്. ചില താരങ്ങൾ ലഹരിക്ക് അടിമപ്പെട്ടു എന്ന് വെളിപ്പെടുത്തലുകളും വന്നു. ലഹരി ഉപയോഗം മൂലം ഒരു നടന്റെ പല്ല് കൊഴിഞ്ഞ് പോയെന്ന് അടുത്തിടെ നടൻ ടിനി ടോം തുറന്ന് പറഞ്ഞു.


Click it and Unblock the Notifications