ഡയബറ്റിസ് വന്നതോടെ കരുത്ത് പോയി; അസുഖം വന്ന ശേഷമുള്ള മണി; സംവിധായകന്റെ വാക്കുകൾ
മലയാള സിനിമാ ലോകത്ത് കലാഭവൻ മണിയെ പോലെ ആഘോഷിക്കപ്പെട്ട താരങ്ങൾ കുറവാണ്. ആരാധകരുടെ മനസിനെ ആഴത്തിൽ സ്പർശിച്ച കലാഭവൻ മണി ഇപ്പോഴും സിനിമാ ലോകത്ത് ചർച്ചയാകാറുണ്ട്. ഒരു മിമിക്രി ആർട്ടിസ്റ്റിൽ നിന്നും കലാഭവൻ മണിക്കുണ്ടായ ഉയർച്ചകൾ ചെറുതല്ല. സിബി മലയിൽ സംവിധാനം ചെയ്ത അക്ഷരമാണ് കലാഭവൻ മണിയുടെ ആദ്യ സിനിമ. അതേസമയം നടൻ ശ്രദ്ധിക്കപ്പെടുന്നത് സല്ലാപം എന്ന സിനിമയിലൂടെയാണ്. അക്കാലത്ത് ക്യാരക്ടർ റോളുകൾ തുടരെ മണിയെ തേടി വന്നു.
നായകനായെത്തിയ കരുമാടിക്കുട്ടൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നീ സിനിമകൾ കരിയർ ഗ്രാഫിൽ വലിയ ചലനങ്ങളുണ്ടാക്കി. ഇന്നും ഈ സിനിമകൾ ജനപ്രിയമായി തുടരുന്നു. അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയ സാന്നിധ്യമാകാൻ മണിക്ക് കഴിഞ്ഞു. തമിഴിൽ കൂടുതലും വില്ലൻ വേഷങ്ങളിലാണ് നടൻ അഭിനയിച്ചത്. താരമായി വളർന്നപ്പോഴും തന്റെ പഴയകാലത്തെയോ ജനിച്ച നാടിനെയോ കലാഭവൻ മണി മറന്നില്ല.

ഇന്നും ചാലക്കുടിക്കാരുടെ മനസ്സിൽ മായ്ച്ച് കളയാൻ പറ്റാത്ത സ്ഥാനം കലാഭവൻ മണിക്കുണ്ട്. കരിയറിലെ വളർച്ചയ്ക്കൊപ്പം ജീവിതത്തിൽ ചില വീഴ്ചകളും താരത്തിന് സംഭവിച്ചിട്ടുണ്ട്. മദ്യപാനം നടന്റെ ആരോഗ്യത്തെ കാര്യമായി ബാധിച്ചിരുന്നു. ഒരുപരിധിവരെ ഇത് നടന്റെ കരിയറിനെയും ബാധിച്ചു. ഒരുകാലത്ത് ശ്രദ്ധേയ വേഷങ്ങൾ ലഭിച്ച കലാഭവൻ മണിക്ക് പിന്നീട് മലയാളത്തിൽ പരാജയങ്ങൾ തുടരെ വന്നു.
കലാഭവൻ മണിയെക്കുറിച്ച് സംവിധായകൻ മേലില രാജശേഖരൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഫൈറ്റ് രംഗങ്ങളിൽ പലപ്പോഴും മണിക്ക് പരിക്ക് പറ്റിയിട്ടുണ്ട്. അസുഖം വന്നതോടെയാണ് മണിക്ക് വിഷമങ്ങളുണ്ടായത്. ഡയബറ്റിസ് വന്നതോടെ കരുത്ത് പോയി. മണി ഒരു സാധു മനുഷ്യനാണ്. സൗഹൃദങ്ങളുണ്ട്. നാട്ടിലെ ഉത്സവങ്ങളെല്ലാം സ്വന്തം ഉത്സവങ്ങളാക്കി മാറ്റി.

എല്ലാവരെയും വിളിച്ച് കൂട്ടി ഭക്ഷണം കൊടുക്കും. സ്വാഭാവികമായും മദ്യപാനം ഉണ്ടാകും. അതിലേക്ക് വല്ലാതെ പോയി. അത് കുറച്ച് ദോഷം ചെയ്തു. ആരോഗ്യത്തെയും കരിയറിനെയും മദ്യപാനം ബാധിച്ചെന്നും മേലില രാജശേഖരൻ പറഞ്ഞു. മുമ്പൊരിക്കൽ മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
മണിയുടെ മദ്യപാനത്തെക്കുറിച്ച് നേരത്തെ നിർമാതാവ് സന്തോഷ് ദാമോദരനും സംസാരിച്ചിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിൽ പോയാൽ അദ്ദേഹത്തിന് ഒരു സംഘം ചേരലുണ്ടായിരുന്നു. പുറത്ത് നിന്നൊക്കെ പലരും വരും. ഇവരെല്ലാവരും ആഘോഷിക്കും. ആഘോഷം നടത്താൻ മണിയേ ഉണ്ടാകൂ. മറ്റുള്ളവർ വന്ന് പോകുകയാണെന്നും നിർമാതാവ് അന്ന് ചൂണ്ടിക്കാട്ടി. സംഘം ചേർന്നാണ് സെറ്റിലെത്തുകയെങ്കിലും ഒപ്പമുണ്ടായിരുന്നവർ പ്രശ്നക്കാരായിരുന്നില്ലെന്നും സന്തോഷ് ദാമോദരൻ അന്ന് വ്യക്തമാക്കി.
2016 ലാണ് കലാഭവൻ മണി മരിച്ചത്. മരണ വാർത്ത കേട്ട് ആരാധകർ ഒന്നടങ്കം ഞെട്ടി. തീർത്തും അപ്രതീക്ഷിതമായിരുന്നു മണിയുടെ മരണം. കരൾ രോഗമാണ് മരണത്തിന് കാരണമായത്. എന്നാൽ മരണ കാരണം സംബന്ധിച്ച് അന്ന് പല അഭ്യൂഹങ്ങളും ഉയർന്നിരുന്നു. പോസ്റ്റ്മോർട്ടത്തിൽ മണിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തി. തലേന്ന് നടൻ സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുകയും ചെയ്തിരുന്നു.
ഇത് പല തരത്തിലുള്ള സംശയങ്ങൾക്കും ഇട വരുത്തി. എന്നാൽ ഇത്തരം വാദങ്ങൾ തള്ളിയാണ് സിബിഐ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. കരൾ രോഗം ബാധിച്ചതിനാൽ മദ്യത്തിലെ വിഷാംശം വയറ്റിൽ അവശേഷിച്ചു. ഇതാണ് മരണകാരണമായതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി.


Click it and Unblock the Notifications











