ദുൽഖറും കൽപ്പനയും നടുക്കടലിൽ; കൽപ്പന ചേച്ചി ബുദ്ധിമുട്ടി; ചാർലി ഷൂട്ടിംഗിനെക്കുറിച്ച് പ്രൊഡക്ഷൻ കൺട്രോളർ
2015 ൽ പുറത്തിറങ്ങിയ മലയാള സിനിമയാണ് ചാർലി. മാർട്ടിൻ പ്രകാട്ട് സംവിധാനം ചെയ്ത സിനിമയിൽ ദുൽഖർ സൽമാൻ, പാർവതി തിരുവോത്ത് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങൾ. മികച്ച നടൻ, നടി, സംവിധായകൻ, സിനിമാട്ടോഗ്രഫി എന്നീ നാല് സംസ്ഥാന സർക്കാർ പുരസ്കാരങ്ങൾ സിനിമയ്ക്ക് ലഭിച്ചു. ഇന്നും ഈ സിനിമയ്ക്ക് ആരാധകരുണ്ട്. സിനിമയിൽ നടി കൽപ്പനയും ഒരു പ്രധാന വേഷം ചെയ്തിരുന്നു. മേരി എന്ന കഥാപാത്രത്തെയാണ് കൽപ്പന അവതരിപ്പിച്ചത്.
സിനിമയിൽ കുറച്ച് സമയം മാത്രമേ ഈ കഥാപാത്രത്തെ കാണുന്നുള്ളൂ എങ്കിലും ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. കൽപ്പനയും ദുൽഖറും ഒരുമിച്ചുള്ള ഈ സിനിമയിലെ രംഗങ്ങൾ ചിത്രീകരിച്ചതിെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സിനിമയിൽ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ച അലക്സ് ഇ കുര്യൻ. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സിനിമയിലെ പ്രധാന ഭാഗം ബോട്ടിൽ ഷൂട്ട് ചെയ്യേണ്ടതാണ്. കടലിൽ ഷൂട്ട് ചെയ്യണം. ഷൂട്ട് തുടങ്ങി. കൽപ്പന ചേച്ചിയും ദുൽഖറുമുള്ള ഗാനരംഗമുണ്ട്. ആദ്യം തീരുമാനിച്ചത് സന്ധ്യക്ക് ഷൂട്ട് ചെയ്യാനാണ്. കരയിൽ ഷൂട്ട് ചെയ്യുന്നത് പോലെ എളുപ്പമല്ല വെള്ളത്തിൽ ഷൂട്ട് ചെയ്യാൻ. എല്ലാവരും ബോട്ടും കാര്യങ്ങളും സജ്ജമാക്കി. ക്യാമറ കയറ്റിക്കഴിഞ്ഞപ്പോഴാണ് അവിടെ പാസഞ്ചർ ബോട്ടിന് ഫിഷിംഗ് ബോട്ടിടിച്ചത്. അന്തരീക്ഷം മാറി'

'ഒരുപാട് പേർ മരണപ്പെട്ടു. ഷൂട്ട് പെട്ടെന്ന് നിർത്താൻ പറഞ്ഞു. കുറേദിവസം കഴിഞ്ഞാണ് വീണ്ടും പെർമിഷൻ ലഭിക്കുന്നത്. മൂന്ന് നാല് ദിവസം പോയി സീൻ തീർത്തിട്ട് വരാം എന്നാണ് കരുതിയത്. ഇവിടെ നിന്ന് കയറുമ്പോൾ ഞങ്ങളുടേത് വലിയ ബോട്ടായാണ് തോന്നിയത്. കടലിന്റെ നടുവിലെത്തിയപ്പോഴാണ് ഞങ്ങളുടേത് ഏറ്റവും ചെറിയ ബോട്ടാണെന്ന് മനസ്സിലായത്'
'അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ഛർദ്ദിയും മറ്റുമായി പല ആളുകളും കിടപ്പായി. ഒരു ബോട്ടിൽ നിന്നും വേറൊരു ബോട്ടിലേക്ക് മാറാനൊക്കെ കൽപ്പന ചേച്ചിയൊക്കെ ഒരുപാട് ബുദ്ധിമുട്ടി. അവരെ എല്ലാവരെയും കരയിലേക്ക് തിരിച്ചെത്തിച്ചു. എട്ട്-ഒമ്പത് മണിയായപ്പോൾ ഷൂട്ട് നിർത്തി. ആ പോക്കിൽ ഞങ്ങൾ തീരുമാനിച്ചു നല്ല ആഴമുള്ള കായലിന്റെ സൈഡിൽ ഷൂട്ട് ചെയ്യാമെന്ന്'
വേലിയേറ്റവും വേലിയിറക്കവും ഞങ്ങൾക്ക് അറിയില്ലായിരുന്നു. ആ സമയത്ത് ബോട്ട് സ്റ്റക്കായിപ്പോയി. ചെളിയിൽ താഴ്ന്ന് പോയി. ഒരുപാട് നേരം ഷൂട്ട് നിർത്തി, വേലിയേറ്റത്തിന് കാത്തിരിക്കുകയായിരുന്നെന്നും അലക്സ് ഇ കുര്യൻ ഓർത്തു.
ദുൽഖറിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ് ചാർലി. നായികയായ പാർവതിക്കും കരിയറിൽ ഈ സിനിമ ഗുണം ചെയ്തു. സ്വതന്ത്ര്യമായി നടക്കാനാഗ്രഹിക്കുന്ന രണ്ട് പേരുടെ കഥയായിരുന്നു ചാർലിയുടെ ഇതിവൃത്തം. നിരൂപക പ്രശംസയും ബോക്സ് ഓഫീസ് വിജയവും സിനിമയ്ക്ക് ലഭിച്ചു. ബാംഗ്ലൂർ ഡേയ്സിന് ശേഷം ദുൽഖറും പാർവതിയും ഒരുമിച്ച് അഭിനയിച്ച സിനിമയായിരുന്നു ചാർലി.

ടൊവിനോ, അപർണ ഗോപിനാഥ് എന്നിവരും ചാർലിയിൽ അഭിനയിച്ചിരുന്നു. ദുൽഖർ ഇന്ന് മലയാളത്തിനോടൊപ്പം മറ്റ് ഭാഷകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കുറുപ്പാണ് മലയാളത്തിൽ ഒടുവിൽ പുറത്തിറങ്ങിയ ദുൽഖർ ചിത്രം. സിനിമ ശ്രദ്ധിക്കപ്പെട്ടും. മറുവശത്ത് പാർവതിയും സിനിമാ തിരക്കുകളിലാണ്.
വണ്ടർ വുമണാണ് ഒടുവിൽ പുറത്തിറങ്ങിയ പാർവതി ചിത്രം. സിനിമകളിൽ തുടരെ ഇപ്പോൾ പാർവതിയെ കാണാറില്ല. സിനിമാ രംഗത്തെ പ്രശ്നങ്ങൾക്കെതിരെ സംസാരിച്ചത് നടിയുടെ കരിയറിനെ ബാധിച്ചെന്ന് സംസാരമുണ്ട്. തങ്കലൻ എന്ന തമിഴ് സിനിമയും പാർവതിയുടേതായി പുറത്തിറങ്ങാനുണ്ട്. വിക്രമാണ് സിനിമയിലെ നായകൻ.


Click it and Unblock the Notifications