വാപ്പയെ ഇപ്പോഴും ചെറിയ പേടിയുണ്ട്, പക്ഷെ വഴക്കു പറയുമ്പോൾ..: ദുൽഖർ സൽമാൻ വെളിപ്പെടുത്തിയത്
മലയാളത്തിൽ ഇന്ന് ഏറ്റവും താര മൂല്യമുള്ള നടന്മാരിൽ ഒരാളാണ് ദുൽഖർ സൽമാൻ. തന്റെ അച്ഛനും, ലെജൻഡറി നടനുമായ മമ്മൂട്ടിയുടെ നിഴലിൽ നിന്ന് മാറി, തന്റെതായ ഒരിടം സിനിമാ രംഗത്ത് ഉണ്ടാക്കിയെടുക്കുക്കാൻ ഉസ്താദ് ഹോട്ടൽ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇന്ന്, 'ലോക: ചാപ്റ്റർ ഒന്ന് - ചന്ദ്ര' എന്ന സിനിമ ഇൻഡസ്ട്രി ഹിറ്റ് ആയി മാറിയതോടെ, മലയാളത്തിലെ ഏറ്റവും വിജയിച്ചു നിൽക്കുന്ന ഒരു പ്രൊഡ്യൂസർ കൂടി ആയിരിക്കുകയാണ് ദുൽഖർ സൽമാൻ. എന്നാൽ വീട്ടിലെത്തിയാൽ, ഇന്നും വാപ്പച്ചി മമ്മൂട്ടിയുടെ തണലിൽ നിൽക്കാനാണ് അദ്ദേഹത്തിന് ഇഷ്ടം.
മുൻപൊരിക്കൽ, ബിഹൈൻഡ്‌വുഡ്സ് മലയാളം യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ, വീട്ടിലെത്തിയാൽ താൻ എങ്ങനെയാണ് എന്നതിനെ കുറിച്ച് ദുൽഖർ സൽമാൻ മനസ്സ് തുറന്നിരുന്നു. വാപ്പച്ചി മമ്മൂട്ടിയെ ഇന്നും കുറച്ചു പേടിക്കുന്നൊരു മകനാണ് താനെന്ന് പ്രശസ്ത താരം വെളിപ്പെടുത്തിയിരുന്നു. എന്നാൽ, തന്റെ അച്ഛനും അമ്മയും ഇടയ്ക്കൊക്കെ വഴക്ക് പറയുമ്പോൾ, അത് ആസ്വദിക്കുന്ന മകനാണ് താനെന്നും നടൻ പറഞ്ഞു.

"ഡി.ക്യൂ.വിന് ശെരിക്കും മമ്മൂക്കയെ പേടിയുണ്ടോ?" എന്ന അവതാരക വീണയുടെ ചോദ്യത്തിന്, "ഉറപ്പായിട്ടും," എന്നാണ് ദുൽഖർ സൽമാൻ മറുപടി നൽകിയത്. "പക്ഷെ അത് ഒരു ബഹുമാനം കൊണ്ടുള്ള പേടിയാണ്. അല്ലാതെ അല്ല. എന്ന് വച്ചാൽ, എനിക്ക് അത് ഇഷ്ടവുമാണ്. ഇപ്പോഴും വാപ്പച്ചിയുടെ അടുത്ത് നിന്നും വഴക്ക് കേൾക്കുന്നത് ഒക്കെ എനിക്ക് ഇഷ്ടമാണ്," ഒരു ചിരിയോടെ ബാംഗ്ലൂർ ഡേയ്സ് താരം വെളിപ്പെടുത്തി.
"എന്റെ അച്ഛനമ്മമാർ ഇപ്പോൾ - ഞാൻ ഇപ്പോൾ ഇത്രയും വലുതായി, അല്ലെങ്കിൽ എനിക്ക് എന്റേതായ ഒരു ഫാമിലിയൊക്കെ ആയി - പക്ഷെ ഇപ്പോഴും ഞാൻ ചിലപ്പോൾ വീട്ടിലേക്ക് വല്ലാതെ വൈകി വരികയോ, ഒക്കെ ചെയ്യുമ്പോൾ ഒന്ന് വഴക്കൊക്കെ പറയും. അത് കേൾക്കുമ്പോൾ, അവർക്ക് ഇപ്പോഴും "ഞങ്ങൾ ഇപ്പോഴും ഇവന്റെ പേരെന്റ്സ് ആണ്" എന്ന ഫീൽ കിട്ടും എന്നാണ് ഞാൻ ആലോചിക്കാറുള്ളത്. അപ്പോൾ അതെനിക്ക് ഇഷ്ടമാണ്. ആ പേടിയൊക്കെ എനിക്ക് ഇഷ്ടമാണ്," പ്രശസ്ത താരം വെളിപ്പെടുത്തി.

ഇന്ന് താനൊരു തിരക്കുള്ള നടനായി വളർന്നെങ്കിലും, വാപ്പച്ചിയും ഉമ്മയും ഉള്ളപ്പോൾ വീട്ടിൽ ഏറെ വൈകി ചെന്നാലാണ് ഏറ്റവും കൂടുതൽ വഴക്ക് കേൾക്കേണ്ടി വരാറുള്ളതെന്ന് ദുൽഖർ സൽമാൻ വെളിപ്പെടുത്തി. ചിലപ്പോൾ പ്രൊമോഷൻ പരിപാടികളുമായി തിരക്കിലാവുമ്പോൾ വീട്ടിൽ സമയത്ത് ഏതാണ് സാധിക്കാറില്ല. "ഇന്നലെ ഞാൻ ലേറ്റ് ആയി ചെന്നപ്പോൾ, "ഇത്രയും നേരമാണോ പ്രൊമോഷൻ," എന്നാണ് വാപ്പച്ചി ചോദിച്ചത്," എന്ന് കാന്ത താരം വെളിപ്പെടുത്തി. അതിന് കാരണം, താൻ കൂടുതലും സമയം ചിലവഴിക്കുന്നത് ചെന്നൈയിലും, വാപ്പച്ചിയും ഉമ്മയും താമസിക്കുന്നത് കൊച്ചിയിലും ആണെന്നതാണ് എന്നും നടൻ പറഞ്ഞു.
ദുൽഖർ സൽമാൻ അടുത്തതായി പ്രത്യക്ഷപ്പെടുക 'കാന്ത' എന്ന തമിഴ് പീരീഡ് ഡ്രാമ ചിത്രത്തിലാണ്. അധികം വൈകാതെ ആർ.ഡി.എക്സ് സംവിധായകൻ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിം എന്ന മലയാളം സിനിമയുടെ ഷൂട്ടിങ് തുടങ്ങാനും നടന് പ്ലാൻ ഉണ്ട്. ഒപ്പം, ലോക പരമ്പരയിൽ അടുത്ത ചിത്രമായ ലോക: ചാപ്റ്റർ രണ്ട് - ചാത്തൻ, തെലുങ്ക് ചിത്രമായ 'ആകാശം ലോ ഒക താര' തുടങ്ങി നിരവധി ചിത്രങ്ങൾ ദുൽഖറിന്റേതായി ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications











