അമാൽ ആദ്യം ശ്രദ്ധിച്ചില്ല, പ്രായവ്യത്യാസം പ്രശ്നമായി: ദുൽഖർ സൽമാൻ വെളിപ്പെടുത്തിയ പ്രണയകഥ
സൗത്ത് ഇന്ത്യയിൽ നടൻ ദുൽഖർ സൽമാന് ഇന്നുള്ള ഫാൻ ബേസ് വളരെയേറെ വലുതാണ്. ആദ്യമൊക്കെ റൊമാന്റിക് റോളുകളിലൂടെ പേരെടുത്ത താരം, ഇന്ന് തനിക്ക് മറ്റാരേക്കാളും വേർസറ്റൈൽ ആകാൻ കഴിയുമെന്ന് തെളിയിച്ചു കഴിഞ്ഞു. എന്നാൽ, വ്യക്തിജീവിതത്തിലേക്ക് എത്തിയാൽ, അച്ഛൻ മമ്മൂട്ടിയെ പോലെ തന്നെ ദുൽഖറും ഒരു തികഞ്ഞ ഫാമിലി മാൻ ആണ്. എല്ലായ്പ്പോഴും, തന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്നും, ട്രൂ ലവ്വ് എന്നും എന്ന് വിളിക്കാവുന്നത് തന്റെ ഭാര്യ അമാൽ സൂഫിയയെ ആണെന്ന് നടൻ പറയാറുണ്ട്.
മുൻപൊരിക്കൽ ബോളിവുഡ് ബബ്ബിളിന് നൽകിയ അഭിമുഖത്തിൽ, ദുൽഖർ സൽമാൻ തന്റെ പ്രണയകഥ വെളിപ്പെടുത്തിയിരുന്നു. ആദ്യമായി ഭാര്യ അമാലിനെ കണ്ടുമുട്ടുമ്പോൾ ദുൽഖർ സിനിമയിൽ എത്തിയിരുന്നില്ല. ഒരു രണ്ടാഴ്ചയ്ക്കുള്ളിൽ, പല പല ഇടങ്ങളിൽ വച്ച് ഒരു സുന്ദരിയായ പെൺകുട്ടിയെ വീണ്ടും വീണ്ടും കാണാൻ ഇടയായപ്പോൾ, അവളോട് ഒരു 'സ്പാർക്ക്' തോന്നിയിരുന്നു എന്നാണ് ദുൽഖർ പറഞ്ഞത്. ആ പെൺകുട്ടിയാണ്, പിന്നീട് നടന്റെ ഭാര്യയായ അമാൽ.

"അവൾ എന്നെക്കാൾ അഞ്ച് വയസ്സിന് താഴെയായിരുന്നു, അത് തന്നെ വിചിത്രമാണ്. ഞാൻ പന്ത്രണ്ടാം ക്ലാസിൽ, അവൾ ഏഴാം ക്ലാസിൽ, അവൾ ഒരു കുട്ടിയെപ്പോലെയായിരുന്നു... പക്ഷെ എന്തോ ഏതോ വിചിത്രമായ കാരണത്താൽ, ഞാൻ എന്റെ ഭാര്യ അമാലിനെ ചെന്നൈയിൽ വെച്ച് നിരന്തരം കാണാറുണ്ടായിരുന്നു. രണ്ടാഴ്ചത്തേക്ക്, ഞാൻ അവളെ കണ്ടുമുട്ടിക്കൊണ്ടേയിരുന്നു," ദുൽഖർ സൽമാൻ ഓർത്തെടുത്തു. പിന്നീടാണ്, അമാലും താൻ പഠിച്ച സ്കൂളിൽ തന്നെയാണ് പഠിച്ചതെന്ന് നടൻ അറിഞ്ഞത്. ഫേസ്ബുക്കിൽ അവർക്ക് റിക്വസ്റ്റ് അയച്ചെങ്കിലും, അമാൽ ദുൽഖറിനെ ശ്രദ്ധിച്ചതേയില്ല.
പിന്നെ പതുക്കെ അമാലും ദുൽഖറിനെ ശ്രദ്ധിക്കാൻ തുടങ്ങി, അങ്ങനെ ഇരുവരും സംസാരിച്ചു തുടങ്ങി. "തീയറ്ററിലും, സലൂണിലും ഒക്കെ ആയി കാണാറുണ്ട്. ഇതൊരു സൂചനയായിരിക്കുമെന്ന് എനിക്ക് തോന്നി. അതുകൊണ്ട് ഞാൻ ഫേസ്ബുക്കിലോ മറ്റോ അവളെ കോൺടാക്റ്റ് ചെയ്തു. പിന്നെ ഞാൻ വീട്ടിൽ ചെന്ന് എല്ലാവരോടും, "നോക്കൂ, എന്റെ സ്കൂളിലെ ഒരു പെൺകുട്ടിയുണ്ട്. അവളെ വിവാഹം കഴിക്കണം എന്നുണ്ട്. പക്ഷേ ആദ്യം അവളെ കാണണം, താത്പര്യം ഉണ്ടോയെന്ന് നോക്കണം," എന്ന് പറഞ്ഞു," താരം പറഞ്ഞു.

"നിന്റെ മാതാപിതാക്കളോടും പറയണമെന്ന് ഞാൻ അവളോട് പറഞ്ഞു. "നമ്മൾ ഔദ്യോഗികമായി ഒരു കാപ്പി കുടിക്കാൻ കാണും. അവിടെ ഒന്നുമില്ല. ഒരു കപ്പ് കാപ്പി കുടിക്കാൻ കണ്ടുമുട്ടിയ സ്കൂൾ സുഹൃത്തുക്കൾ മാത്രമായിരിക്കും നമ്മൾ," എന്നാണ് പറഞ്ഞത്," ദുൽഖർ ഓർത്തെടുത്തു. "എന്റെ ഭാര്യയുമായുള്ള എന്റെ ആദ്യ ഡേറ്റിൽ, ഒന്നര മണിക്കൂറിനുള്ളിൽ ഞാൻ അവളെ ചെന്നൈയിൽ നിന്ന് പോണ്ടിച്ചേരിയിലേക്ക് കൊണ്ടുപോയി. ഞങ്ങൾ ഏകദേശം നാല് മണിക്കൂർ സംസാരിച്ചു, ഞാൻ തിരികെ വണ്ടിയോടിച്ചു," താരം കൂട്ടിച്ചേർത്തു.
ദുൽഖർ സൽമാനോട്, ജീവിതത്തിൽ സ്ത്രീകളുടെ സ്വാധീനം എത്രത്തോളാൻ ഉണ്ട് എന്ന് ചോദിച്ചപ്പോൾ, അച്ഛൻ തന്റെ കരിയറിൽ തിരക്കിലായതിനാൽ, അമ്മ, സഹോദരി, മുത്തശ്ശി എന്നിവരോടൊപ്പമാണ് താൻ വളർന്നതെന്ന് നടൻ വെളിപ്പെടുത്തി. പിന്നീട് ഭാര്യ അമാൽ സൂഫിയയെയും, കുറച്ചു വർഷങ്ങൾക്ക് മുൻപ് മകൾ മറിയം അമീറ സൽമാനെയും കുടുംബത്തോട് ചേർത്തതോടെ, മുഴുവനായും തനിക്ക് സ്ത്രീകളെ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു വീടാണ് ലഭിച്ചതെന്ന് സീത രാമം താരം വളരെ അഭിമാനത്തോടെ പറഞ്ഞു.


Click it and Unblock the Notifications











