'ചാക്കോച്ചന്റെ സിനിമകളിൽ അമ്മയും സഹോദരിമാരും ഇടപെട്ടിരുന്നു'; കഥ ഇഷ്ടപ്പെട്ടിട്ടും പിന്മാറി; സഹ സംവിധായകൻ
മലയാള സിനിമയിൽ ഇന്ന് കരിയറിലെ മികച്ച സമയത്ത് നിൽക്കുന്ന നടനാണ് കുഞ്ചാക്കോ ബോബൻ. വ്യത്യസ്തമായ കഥകളും കഥാപാത്രങ്ങളും ഇന്ന് കുഞ്ചാക്കോ ബോബനെ തേടി എത്തുന്നു. ഒരു കാലത്ത് റൊമാന്റിക് ഹീറോയായി മലയാളത്തിൽ നിറഞ്ഞ് നിന്ന നടനാണ് കുഞ്ചാക്കോ ബോബൻ. അന്ന് നടനുണ്ടാക്കിയ തരംഗം ചെറുതല്ല. അനിയത്തി പ്രാവ് എന്ന എവർഗ്രീൻ സിനിമയിലൂടെ വൻ ആരാധക വൃന്ദം കുഞ്ചാക്കോ ബോബൻ സൃഷ്ടിച്ചു.
കുഞ്ചാക്കോ ബോബന്റെ ആരാധികമാർ അന്ന് സിനിമാ ലോകത്ത് ചർച്ചയായിരുന്നു. കരിയറിലെ തിളക്കം അന്ന് പക്ഷെ അധിക കാലം നടന് കാത്തു സൂക്ഷിക്കാൻ കഴിഞ്ഞില്ല. സ്ഥിരം റൊമാന്റിക് വേഷങ്ങളിലെത്തിയതോടെ കുഞ്ചാക്കോ ബോബൻ സിനിമാ രംഗത്ത് ടൈപ് കാസ്റ്റ് ചെയ്യപ്പെട്ടു. നിരവധി പരാജയ സിനിമകളും കുഞ്ചാക്കോ ബോബനുണ്ടായി. വ്യക്തിപരമായ ചില കാരണങ്ങളാൽ ഏറെക്കാലം നടന് സിനിമകളിൽ നിന്ന് മാറി നിൽക്കേണ്ടിയും വന്നു.
കരിയറിലേക്കുള്ള മടങ്ങി വരവ് നടനെ സംബന്ധിച്ചിടത്തോളം പ്രയാസകരമായിരുന്നു. പഴയ താരമൂല്യം നഷ്ടപ്പെട്ട കുഞ്ചാക്കോ ബോബനെയാണ് പിന്നീട് കണ്ടത്. സഹനായകനായും വില്ലനായും രണ്ടാ വരവിലെ തുടക്കത്തിൽ കുഞ്ചാക്കോ ബോബൻ അഭിനയിച്ചു. പതിയെ പഴയ താരമൂല്യം നടന് തിരിച്ച പിടിക്കാനായി. മാറിയ സിനിമയ്ക്കൊപ്പം സഞ്ചരിച്ച കുഞ്ചാക്കോ ബോബൻ വ്യത്യസ്തമായ സിനിമകൾക്ക് കൈ കൊടുത്തു.

ഇന്ന് ഒരു റൊമാന്റിക് ഹീറോ എന്നതിനപ്പുറം വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ചെയ്യുന്ന നായക നടനാണ് കുഞ്ചാക്കോ ബോബൻ. നിർമാതാവായിരുന്ന അന്തരിച്ച ബോബൻ കുഞ്ചാക്കോയുടെ മകനാണ് കുഞ്ചാക്കോ ബോബൻ. സിനിമാ പാരമ്പര്യമുള്ള കുടുംബമായതിനാൽ തന്നെ സിനിമാ ലോകം ചെറുപ്പം മുതലേ കുഞ്ചാക്കോ ബോബന് സുപരിചിതനാണ്.
ഇപ്പോഴിതാ കുഞ്ചാക്കോ ബോബനെക്കുറിച്ച് സഹ സംവിധായകനായി നിരവധി സിനിമകളിൽ പ്രവർത്തിച്ച പോൾസൺ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. താൻ സംവിധാനം ചെയ്യാനിരുന്ന സിനിമയിൽ അഭിനയിക്കാൻ അദ്യം കുഞ്ചാക്കോ ബോബൻ തയ്യാറായെങ്കിലും പിന്നീട് നടൻ പിൻമാറിയെന്ന് ഇദ്ദേഹം പറയുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.
'ചാക്കോച്ചനുമായി ഒരു സിനിമയുടെ ഡിസ്കഷൻ നടത്തിയിരുന്നു. ചാക്കോച്ചന് ചെയ്യാൻ പറ്റിയ സബ്ജക്ട് പറഞ്ഞു. കഥ അവനിഷ്ടപ്പെട്ടു. പക്ഷെ ചാക്കോച്ചൻ അത് കഴിഞ്ഞ് വിവരം പറയാം എന്ന് പറഞ്ഞ് പിന്നെ വിളിച്ചിട്ട് ഫോൺ എടുത്തില്ല. കല്യാണം കഴിക്കുന്നതിന് മുമ്പാണ്. പെങ്ങൾമാരും അമ്മയും വീട്ടിലുണ്ട്'
'ആലപ്പുഴയിലെ വീട്ടിൽ വെച്ചാണ് സംസാരിച്ചത്. കഥയെല്ലാം പറഞ്ഞ് ഒരാഴ്ച കഴിഞ്ഞ് വിളിക്കുമ്പോൾ ഫോണെടുക്കുന്നില്ല. പിന്നെ ഞാൻ വീട്ടിൽ നേരിട്ട് ചെന്നു. എന്തു പറ്റിയെന്ന് ചോദിച്ചു. അത് വേണോ വേറൊരു കഥ നോക്കാമെന്ന് നടൻ പറഞ്ഞു'

'അപ്പോൾ എനിക്ക് മനസ്സിലായി. കഥ വീട്ടിൽ ആർക്കോ ഇഷ്ടപ്പെട്ടില്ല. അന്നങ്ങനെ ഒരു സംഭവമുണ്ടായിരുന്നു. പെങ്ങളും അമ്മയും കയറി ഇടപെടുമായിരുന്നു. പിന്നെ അത് മാറി. ആദ്യത്തെ സിനിമകൾക്ക് ശേഷം അദ്ദേഹത്തിന്റെ അപ്പൻ ഇക്കാര്യങ്ങൾക്കൊന്നും ഇല്ല. അവനവന്റെ ഇഷ്ടം. നല്ല അറിവുള്ള മനുഷ്യനായിരുന്നു'
'എന്നെ പഠിപ്പിച്ച് ഈ രംഗത്തേക്ക് കൊണ്ടു വന്നത് എന്റെ എല്ലാമായ ബോബൻ കുഞ്ചാക്കോയാണ്,' പോൾസൺ പറഞ്ഞതിങ്ങനെ. ന്നാ താൻ കേസ് കൊട്, അറിയിപ്പ് എന്നീ സിനിമകളാണ് അടുത്തിടെ ഇറങ്ങിയതിൽ ചാക്കോച്ചന്റെ ശ്രദ്ധിക്കപ്പെട്ട സിനിമകൾ.


Click it and Unblock the Notifications