വരില്ലെന്ന് രാജു; ആളുകൾ വയലന്റായി നടനെ വളഞ്ഞു; രാജു അലറി; മറക്കാനാവില്ലെന്ന് ബാദുഷ
മലയാളികൾക്ക് പ്രിയപ്പെട്ട നടനാണ് പൃഥിരാജ്. മലയാളത്തിൽ ഇന്ന് സൂപ്പർ താര പദവി ആസ്വദിക്കുന്ന പൃഥിക്ക് ഈ നേട്ടത്തിലേക്കെത്തുക എളുപ്പമായിരുന്നില്ല. സിനിമാ ലോകത്തെ എതിർപ്പുകൾ, ഹേറ്റേഴ്സ് തുടങ്ങി പല വെല്ലുവിളികളും പൃഥിരാജിന് നേരിടേണ്ടി വന്നു. നടി മല്ലിക സുകുമാരന്റെയും അന്തരിച്ച നടൻ സുകുമാരന്റെയും മകനായ പൃഥിക്ക് സിനിമാ രംഗത്തേക്കുള്ള പ്രവേശനം ചെറിയ പ്രായത്തിൽ തന്നെ സാധ്യമായി. ആദ്യം റിലീസ് ചെയ്ത സിനിമ നന്ദനം എന്ന സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു.
പിന്നീട് കൈ നിറയെ അവസരങ്ങൾ പൃഥിരാജിനെ തേടി വന്നു. ക്ലാസ്മേറ്റ്സ്, വാസ്തവം തുടങ്ങിയ സിനിമകളിലൂടെ സിനിമാ രംഗത്ത് നടനെന്ന നിലയിൽ തന്നെ അടയാളപ്പെടുത്താൻ പൃഥിക്ക് കഴിഞ്ഞു. ഇന്ന് നടൻ എന്നതിനപ്പുറത്തേക്ക് നിർമാതാവ്, സംവിധായകൻ, വിതരണക്കാരൻ തുടങ്ങി സിനിമയുടെ പല മേഖലകളിൽ പൃഥിരാജ് സാന്നിധ്യം അറിയിക്കുന്നു.

കരിയറിൽ പ്രേക്ഷകരുടെ കുറ്റപ്പെടുത്തലും പുകഴ്ത്തലും ഒരുപോലെ കേട്ട നടനാണ് പൃഥിരാജ്. മുമ്പ് നടന് അഹങ്കാരിയെന്ന പ്രതിച്ഛായയാണ് സിനിമാ ലോകത്തുണ്ടായിരുന്നത്. പൃഥിക്ക് നേരെ വ്യാപക വിമർശനം അക്കാലത്ത് വന്നു. എന്നാൽ പിന്നീട് കുറ്റപ്പെടുത്തിയവർ തന്നെ നടനെ പുകഴ്ത്തുന്ന സാഹചര്യവും ഉണ്ടായി.
ഇപ്പോഴിതാ പൃഥിരാജിനെക്കുറിച്ച് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വർഗം എന്ന സിനിമയിൽ പ്രവർത്തിക്കുമ്പോൾ പൃഥിരാജിനുണ്ടായ അനുഭവമാണ് ഇദ്ദേഹം പങ്കുവെച്ചത്. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പൊലീസ് ക്വാട്ടേർസായി ഷൂട്ട് ചെയ്തത് തളിപ്പറമ്പിലെ വീട്ടിലാണ്. മറക്കാൻ പറ്റാത്ത അനുഭവമുണ്ടായ സ്ഥലം കൂടിയാണത്. ഈ വീടിന്റെ മുന്നിൽ രാവിലെ മുതൽ ജനം വന്ന് നിറയും. ഞാൻ രാജുവിനോട് പറഞ്ഞു, ആള് കുറച്ച് കൂടിയിട്ടുണ്ട് ഒന്ന് പുറത്ത് വന്ന് തല കാണിച്ച് പോയാൽ അവർ പോവുമെന്ന്. അങ്ങനെ രാജു വന്നു. ആൾക്കാരെ വിഷ് ചെയ്തു. കുറേ പ്രാവശ്യം ആയപ്പോൾ പുള്ളിക്ക് മടുപ്പായി തുടങ്ങി'
'കാരണം അകത്ത് ഷൂട്ടിംഗ് നടക്കണം. അവസാനം ഒരിക്കൽ കൂടി പുറത്തേക്ക് വരാൻ പറഞ്ഞപ്പോൾ ഞാനിത് കഴിഞ്ഞേ വരൂ എന്ന് രാജു പറഞ്ഞു. ജനം തിങ്ങിക്കഴിഞ്ഞു. രാജുവിനെ വിളിച്ചിട്ടും മൈൻഡ് ചെയ്യുന്നില്ല. ആൾക്കാർ വയലന്റായി തുടങ്ങി'

'ഞാൻ അകത്ത് ചെന്ന് പപ്പേട്ടനോട് പറഞ്ഞു പാക്കപ്പ് പറയുമ്പോൾ എന്നോട് പറയണം, രാജുവിനെ ഇവിടെ നിന്ന് സേഫായി കാെണ്ടുപോവണമെന്ന്. എന്നാൽ പാക്കപ്പായത് എന്നോട് പറയാൻ പപ്പേട്ടൻ മറന്നു. രാജു ഇറങ്ങി പുറത്തേക്ക് വന്നപ്പോൾ ജനം മുഴുവൻ വളഞ്ഞു. ഇയാളെ പിച്ചാനും മാന്താനും തുടങ്ങി. രാജു അപ്പോൾ തന്നെ ബാദുഷാ എന്ന് പറഞ്ഞ് ഒരു അലർച്ചയായിരുന്നു'
ഞാൻ ടവേരയെടുത്ത് ആൾക്കൂട്ടത്തിലേക്ക് വന്ന് വണ്ടിയിൽ നിന്നിറങ്ങി രാജുവിനെ എങ്ങനെയോ രക്ഷിച്ചു. പിന്നെ എന്റെ അവസ്ഥ വളരെ മോശമായിരുന്നു. ആൾക്കാർ എല്ലാം കൂടെ എന്ന് വലിച്ച് കീറി, ബാദുഷ പറഞ്ഞു. 2006 ൽ പുറത്തിറങ്ങിയ സിനിമയാണ് വർഗം. എം പദ്മകുമാറാണ് സിനിമ സംവിധാനം ചെയ്തത്.
നിലവിൽ കരിയറിന്റെ തിരക്കുകളിലാണ് പൃഥിരാജ്. ആടുജീവിതമാണ് ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന സിനിമ. ബ്ലെസിയാണ് സിനിമ സംവിധാനം ചെയ്തത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയുടെ ട്രെയ്ലർ ശ്രദ്ധ നേടിയിരുന്നു. അമല പോളാണ് സിനിമയിലെ നായിക. തെലുങ്കിൽ പുറത്തിറങ്ങാനിരിക്കുന്ന സലാർ എന്ന സിനിമയിലും പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ട്. പ്രഭാസ് നായകനാവുന്ന സിനിമയിലും പൃഥിക്കും പ്രധാന വേഷമാണെന്നാണ് വിവരം.


Click it and Unblock the Notifications