ചാക്കോച്ചന് കരിയറിൽ സംഭവിച്ചതിന് കാരണം അതാണ്; വിളിച്ച് പറയണമെന്ന് കരുതി; ഫാസിൽ പറഞ്ഞത്
മലയാള സിനിമയിൽ വർഷങ്ങളായി താരമായി തുടരുന്ന നടനാണ് കുഞ്ചാക്കോ ബോബൻ. ആദ്യ കാലത്ത് ചോക്ലേറ്റ് ബോയ് ആയി , സിനിമകളിൽ തിളങ്ങിയ ബോബൻ അന്ന് ഉണ്ടാക്കിയ തരംഗം ചെറുതല്ല. കുഞ്ചാക്കോ ബോബൻ ആരാധകരുടെ എണ്ണം അന്ന് സിനിമാ ലോകത്തെ വരെ അമ്പരപ്പിച്ചിരുന്നു. കരിയറിൽ തിരിച്ചടികളും ഒരുപാട് നേരിട്ട നടനാണ് കുഞ്ചാക്കോ ബോബൻ.

റൊമാന്റിക് ഹീറോ എന്ന ലേബലിൽ തളയ്ക്കപ്പെട്ട കുഞ്ചാക്കോ ബോബന് പിന്നീട് നിരന്തരം ഇത്തരം വേഷങ്ങൾ ലഭിക്കുകയും തുടരെ പരാജയങ്ങൾ നേരിടേണ്ടിയും വന്നു. ഇടക്കാലത്ത് സിനിമകളിൽ നിന്നും കുഞ്ചാക്കോ ബോബൻ പൂർണമായും വിട്ടു നിന്നു.
പിന്നീട് സിനിമകളിലേക്ക് തിരിച്ചെത്തിയ നടൻ പതിയെ പഴയ താരമൂല്യം തിരിച്ച് പിടിച്ചു. ഇപ്പോഴിതാ ചാക്കോച്ചനെക്കുറിച്ച് സംവിധായകൻ ഫാസിൽ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അമൃത ടിവിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡബ്ബിംഗിൽ ഇംപ്രൂവ് ചെയ്യാനുണ്ടെന്ന് ചാക്കോച്ചനോട് ഞാൻ പറഞ്ഞിരുന്നു. ബോഡി ലാംഗേ്വജ് പെർഫെക്ട് ആണ്. ഡാൻസ്, ഇമോഷൻ, റൊമാൻസ് എല്ലാം കൊണ്ട് വരാൻ പറ്റുന്ന ആളാണ്. ഡബ്ബിംഗിൽ ഒന്നു കൂടെ ഡവലപ് ചെയ്യാനുണ്ടെന്ന് ഫാസിൽ പറഞ്ഞു. ഇതേ ചാക്കോച്ചൻ ഹരികൃഷ്ണൻസിൽ അസ്സലായി ഡബ് ചെയ്തു. എനിക്കത് നിർബന്ധം ആയിരുന്നു. അനിയത്തി പ്രാവിനേക്കാളും ടഫ് ആയിരുന്നു അതെന്നും ഫാസിൽ പറഞ്ഞു.

'അനിയത്തി പ്രാവിലേക്ക് ചാക്കോച്ചനെ കണ്ടെത്തിയത് ഞാൻ അല്ല. എന്റെ ഭാര്യ ആണ്. അനിയത്തി പ്രാവ് എഴുതി കഥാപാത്രം രൂപപ്പെട്ടു. നായകനെ തപ്പി നടക്കുകയായിരുന്നു. എന്റെ ഹൗസ് വാമിംഗിന്റെ ആൽബം ഭാര്യ നോക്കിക്കാെണ്ടിരിക്കുകയായിരുന്നു'
'ചാക്കോച്ചനും അപ്പച്ചനും അന്ന് വന്നിരുന്നു. ഫോട്ടോ കണ്ട് ചാക്കോച്ചൻ പോരെ എന്ന് ചോദിച്ചു. അപ്പോൾ തന്നെ ഞാൻ വിളിച്ചു. അന്ന് ഫൈനൽ ഇയർ ബി കോം ആണ്.
ചാക്കോച്ചൻ വന്ന് ആദ്യത്തെ കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ശരിയായി'

'മമ്മൂട്ടിയും മോഹൻലാലും ഭാഗ്യം ചെയ്തവരാണ്. അവരെ എഴുത്തുകാർ കാത്ത് നിൽക്കുകയല്ലേ. പക്ഷെ ഇപ്പോൾ എഴുത്തുകാരുടെ ആ ജനറേഷൻ ഇല്ല. ചാക്കോച്ചനെ ഒക്കെ ഭയങ്കരമായി ബാധിച്ചിരിക്കുന്നത് ചാക്കോച്ചന് പറ്റിയ ചലഞ്ചിംഗ് ആയ റോൾ എടുത്ത് കഥ എഴുതാനുള്ള ആൾക്കാരില്ല. ഇവരെയൊക്കെ അത് ഭയങ്കരമായി ബാധിച്ചിട്ടുണ്ട്'
'ഞാൻ ഇടയ്ക്ക് വിളിച്ച് പറയണം എന്ന് വിചാരിച്ചു കഥ തെരഞ്ഞെടുക്കുന്നത് വളരെ സൂക്ഷിച്ച് വേണം എന്ന്. നല്ല കഥകൾ വരണം അങ്ങനെയൊരു അഭാവം ബാധിക്കുന്നുണ്ട്. അത് നമ്മുടെ മലയാളം ഇൻഡസ്ട്രിയെയും ബാധിക്കുന്നുണ്ട്,' ഫാസിൽ അന്ന് പറഞ്ഞതിങ്ങനെ.

ഫാസിനെ പറ്റി കുഞ്ചാക്കോ ബോബനും സംസാരിച്ചു. ഡബ്ബിംഗിൽ പാച്ചിക്കയെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ചത് ഞാൻ ആയിരിക്കും. അനിയത്തിപ്രാവിൽ ആദ്യം എന്നെക്കൊണ്ട് ഡബ് ചെയ്യിക്കാനാണ് നോക്കിയത്. പക്ഷെ ശരിയായില്ലെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
'ഞാൻ വളരെ കംഫർട്ടബിൾ ആയി വർക്ക് ചെയ്തത് ഒന്ന് പാച്ചിക്ക, സിബി മലയിൽ, ലോഹിയേട്ടൻ, സത്യേട്ടൻ തുടങ്ങിയവരുമായാണ്. എനിക്ക് വളരെ എളുപ്പത്തോടെ വർക്ക് ചെയ്യാൻ പറ്റിയ സംവിധായകർ ആണ്. കാരണം അവർ കഥാപാത്രത്തിനും പ്രാധാന്യം കൊടുക്കുന്നുണ്ട്,' ചാക്കോച്ചൻ പറഞ്ഞു.


Click it and Unblock the Notifications











