വഴിപാട് ചെയ്ത് ലഭിച്ച മകൻ, എവിടെ പോയാലും എന്റെ കൈയിൽ അവനുണ്ടാകും; ഗിന്നസ് പക്രുവിനെക്കുറിച്ച് അമ്മ പറഞ്ഞത്
പരിമിതികളെ മറികടന്ന് ജീവിതത്തിലും കരിയറിലും ഉയരാൻ കഴിഞ്ഞ നടനാണ് ഗിന്നസ് പക്രു. നടനും സംവിധായകനുമായെല്ലാം പേരെടുത്ത ഗിന്നസ് പക്രു സഹപ്രവർത്തകർക്കെല്ലാം പ്രിയങ്കരനാണ്. ജീവിതത്തിലെ സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് ഗിന്നസ് പക്രു ഇപ്പോൾ പോകുന്നത്. കഴിഞ്ഞ വർഷമാണ് നടൻ രണ്ടാമതും അച്ഛനായത്. ഇന്നത്തെ നിലയിലേക്ക് എത്താൻ ഗിന്നസ് പക്രു എടുത്ത പ്രയത്നങ്ങൾ ചെറുതല്ല. മുമ്പൊരിക്കൽ ഗിന്നസ് പക്രുവും അമ്മ അംബുജാക്ഷിയമ്മയും ജീവിതത്തിൽ കടന്ന് വന്ന വഴികളെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മഴവിൽ മനോരമയിൽ സംസാരിക്കവെയാണ് ഇവർ മനസ് തുറന്നത്.
മലയാള സിനിമയിലെ ഏതാണ്ട് മിക്ക നടൻമാരും എന്നെ എടുത്തിട്ടുണ്ട്. പക്ഷെ എന്നെ ഏറ്റവും കൂടുതൽ എടുത്തിട്ടുള്ളത് അമ്മയാണ്. പ്രത്യേകിച്ച് സ്കൂൾ യുവജനോത്സവത്തിൽ ഞാൻ മത്സരിക്കാൻ പോകുമ്പോൾ എന്നോപോലെ അമ്മയും പ്രശസ്തയാണ്. കാരണം എന്നോടൊപ്പം അമ്മയുടെ ഫോട്ടോയും പത്രങ്ങളിലുണ്ടാകും. കോളേജിലൊക്കെ കൊണ്ട് വിട്ടതും അമ്മയാണെന്നും ഗിന്നസ് പക്രു അന്ന് ഓർത്തു. മകനെക്കുറിച്ച് അംബുജാക്ഷിയമ്മയും അന്ന് സംസാരിച്ചു.

ഞാനെന്തൊക്കെ ചെയ്തെന്ന് പറഞ്ഞാലും അതിന് പ്രചോദനം എന്റെ മകന്റെ വിജയങ്ങളാണ്. എത്ര കഷ്ടപ്പെട്ട് എവിടെ കൊണ്ട് പോയാലും അവിടെ വിജയം നിശ്ചയമായിരുന്നു. അത് കാരണം അടുത്ത ഘട്ടത്തെക്കുറിച്ച് ചിന്തിച്ച് നിൽക്കേണ്ടി വന്നിട്ടില്ല. എവിടെ മത്സരമുണ്ടോ അവിടെ വിജയനുണ്ട്. അന്ന് സാമ്പത്തികമായി ബുദ്ധിമുട്ടുണ്ട്. അതെല്ലാം തരണം ചെയ്തു. ഒരു മത്സരത്തിൽ നിന്നും അവനെ മാറ്റിയിട്ടില്ല. മത്സരിച്ചിടത്ത് നിന്നെല്ലാം സമ്മാനവും കിട്ടിയിട്ടുണ്ട്. എനിക്ക് പ്രചോദനമായത് മുഴുവൻ പരദേവതയാണ്. വരാൻ പോകുന്നതൊന്നും ചിന്തിച്ചിട്ടില്ല.
മൂന്ന് മക്കളാണെനിക്ക് അവനും രണ്ട് പെൺകുട്ടികളും. മൂത്തത് അജയനാണ്. വഴിപാട് ചെയ്ത് ഉണ്ടായ മകനാണ്. ഒന്നര വയസ് മുതൽ കലയോട് അവന് പ്രത്യേക കമ്പം ഉണ്ടായിരുന്നു. ഗ്ലാസ്, അരിയളക്കുന്ന നാഴി, അമൂൽ ടിന്നും മുമ്പിൽ വെച്ച് സ്പൂണും ചീപ്പും വെച്ച് അടിക്കും. ഞാൻ മാറി നിന്ന് ശ്രദ്ധിക്കും. ഇവന് പ്രത്യേക കഴിവ് ഈശ്വരൻ കൊടുത്തിട്ടുണ്ടെന്ന് മനസിലായി. രണ്ട് പെൺകുട്ടികളുണ്ടെങ്കിലും അവരുടെ കാര്യം ശ്രദ്ധിച്ചിട്ടേ ഇല്ല. മൂത്ത മകൾ നന്നായി വരയ്ക്കുമായിരുന്നു. അതിനൊന്നും ശ്രദ്ധ കൊടുക്കാൻ പറ്റിയില്ല. എന്റെ ശ്രദ്ധ മുഴുവൻ മകനിലേക്കായിരുന്നു.

എവിടെ പോയാലും എന്റെ കൈയിൽ അവൻ ഉണ്ടാകും. കാരണം എന്റെ വിചാരം കുറച്ച് കഴിഞ്ഞാൽ ഇവന് എവിടെയും പോകാൻ പറ്റില്ലല്ലോ, ആര് കൊണ്ട് പോകും, എനിക്ക് കൊണ്ട് പോകാൻ പറ്റുന്ന സമയത്തല്ലേ കൊണ്ട് പോകാൻ പറ്റൂ. കല്യാണത്തിന് പോയാലും അമ്പലത്തിൽ പോയാലും എന്റെ കൂടെ മകനുണ്ടായിരുന്നെന്നും അംബുജാക്ഷിയമ്മ അന്ന് പറഞ്ഞു. കവിത, സംഗീത എന്നിവരാണ് ഗിന്നസ് പക്രുവിന്റെ അനിയത്തിമാർ. ഇവരെക്കുറിച്ചും അംബജാക്ഷിയമ്മ അന്ന് സംസാരിച്ചു.
ഒരിക്കൽ കളിച്ചോണ്ടിരുന്നപ്പോൾ ഒരു ചെറുക്കൻ ഇവനെ പിടിച്ച് തള്ളിയിട്ടു. അവന്റെ കുത്തിന് പിടിച്ച് രണ്ട് മൂന്ന് തവണ ഇടിച്ച് തൊട്ട് പോയാൽ നിന്റെ കൈയും കാലും ഞാൻ വെട്ടുമെന്ന് ഇളയവൾ കവിത പറഞ്ഞു. പക്ഷെ ഞാനും ഇവനും ഒരുപാട് അനുഭവിച്ചു. ഇതെല്ലാം ഒത്തിരി കേട്ടതാണെന്നും ഗിന്നസ് പക്രുവിന്റെ അമ്മ പറഞ്ഞു.


Click it and Unblock the Notifications











