കണക്ക് പറഞ്ഞ് കാശ് വാങ്ങും, അത് കൊണ്ട് സുകുമാരനുണ്ടായ ഗുണം; ജഗന്നാഥ വർമ്മയുടെ വാക്കുകൾ
ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാള സിനിമ രംഗത്ത് ശ്രദ്ധിക്കപ്പെട്ട നടനാണ് അന്തരിച്ച ജഗന്നാഥ വർമ. ലേലം, ന്യൂഡൽഹി തുടങ്ങിയ സിനിമകളിൽ ജഗന്നാഥ വർമ്മ ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. കഥകളി കലാകരൻ കൂടിയായിരുന്നു ജഗന്നാഥ വർമ്മ. ഡോൾസ് എന്ന സിനിമയിലാണ് നടൻ അവസാനമായി അഭിനയിച്ചു. മംഗല്യപട്ട് ആണ് അവസാനമായി ചെയ്ത സീരിയൽ. 2017 ലാണ് ജഗന്നാഥ വർമ്മ മരിക്കുന്നത്. സിനിമാ രംഗത്തെ ജഗന്നാഥ വർമയുടെ സുഹൃത്തുക്കളിൽ ഒരാളായിരുന്നു നടൻ സുകുമാരൻ.
സുകുമാരന്റെ കാർക്കശ്യത്തെക്കുറിച്ച് മുമ്പൊരിക്കൽ ജഗന്നാഥ വർമ്മ സഫാരി ടിവിയിൽ പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. പ്രതിഫലക്കാര്യത്തിൽ വിട്ടു വീഴ്ച ചെയ്യാത്ത നടനായിരുന്നു സുകുമാരനെന്ന് ജഗന്നാഥ വർമ്മ അന്ന് ചൂണ്ടിക്കാട്ടി. സുകുമാരൻ സുഹൃത്തായിരുന്നു. നല്ല കാര്യങ്ങൾക്ക് വേണ്ടി പണം മുടക്കാൻ തയ്യാറായ വ്യക്തി. ഒരു കാര്യം വിചാരിച്ചാൽ നടത്തിയിരിക്കും. സിനിമാ ഫീൽഡിൽ കണക്ക് പറഞ്ഞ് കാശ് മേടിച്ച നടൻ സുകുമാരൻ മാത്രമാണ്.

മറ്റുള്ളവർ ഒരുപാട് വിട്ട് വീഴ്ച ചെയ്തിട്ടുണ്ട്. അതിന്റെ ഗുണം അദ്ദേഹത്തിനുണ്ടായിട്ടുണ്ട്. ഒരുപാട് സ്വത്തുക്കൾ സുകുമാരന് സമ്പാദിക്കാൻ സാധിച്ചു. വിട്ടുവീഴ്ചയില്ല. പ്രതിഫലം കിട്ടിയിട്ടേ ചെയ്യൂ. പണം കൊടുക്കാൻ ബാക്കിയുണ്ടെങ്കിൽ അടുത്ത പടത്തിൽ വിളിക്കില്ല.
അത് സിനിമയുടെ ദൂഷ്യ വശമാണ്. അയാൾക്ക് കാശ് കൊടുക്കാനുണ്ട്, ഇനി വിളിച്ചാൽ ബാക്കി കാശ് കൊടുക്കേണ്ടി വരും എന്ന് പറയും.
നേരെ മറിച്ച് കാശ് കണക്ക് പറഞ്ഞ് വാങ്ങിച്ചയാളെ വിളിക്കും. അയാൾക്ക് പൈസ കൊടുത്തതാണല്ലോ, ഇനി കാശ് കുറച്ച് കുറഞ്ഞാലും അയാൾ വരും എന്ന് പറഞ്ഞ് അവരെ വിളിക്കും. മലയാളത്തിൽ ഭംഗിയായി ഡയലോഗ് പറയുന്ന വ്യക്തിയായിരുന്നു സുകുമാരനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നടിമാരെക്കുറിച്ച് പറയുമ്പോൾ എന്തുകൊണ്ടും എടുത്ത് പറയേണ്ട പേരാണ് സുകുമാരി ചേച്ചി. കണ്ട അന്ന് മുതൽ ഒരു ബഹുമാനം പരസ്പരം അങ്ങോട്ടും ഇങ്ങോട്ടുമുണ്ടെന്ന് ജഗന്നാഥ വർമ പറഞ്ഞു. തിരുവനന്തപുരത്ത് വരുമ്പോൾ എന്റെ വീട്ടിൽ പല പ്രാവശ്യം വന്നിട്ടുണ്ട്. യാതൊരു മടിയും കൂടാതെ വരും. മറ്റ് പല നടിമാരാണെങ്കിലും കാറിലിരിക്കുകയേയുള്ളൂ.
എന്നാൽ ഇവർ ചേച്ചീ ഞാൻ വന്ന് കേട്ടോ എന്ന് പറഞ്ഞ് വരും. കൈയിൽ എന്തെങ്കിലുമുണ്ടാകും. ആർക്ക് എപ്പോൾ എന്ത് സഹായം ചെയ്യാനും സുകുമാരി തയ്യാറായിരുന്നെന്നും അന്ന് ജഗന്നാഥ വർമ ചൂണ്ടിക്കാട്ടി. സുകുമാരനും സുകുമാരിയും ലോകത്തോട് വിട പറഞ്ഞിട്ട് വർഷങ്ങളായി. 1997 ൽ 49ാം വയസിലാണ് സുകുമാരൻ മരിക്കുന്നത്. ഹൃദയാഘാതം മൂലമായിരുന്നു മരണം.
സുകുമാരന്റെ മരണമുണ്ടാക്കിയ ആഘാതത്തെക്കുറിച്ചും പിന്നീടുള്ള ജീവിതത്തെക്കുറിച്ചും സുകുമാരന്റെ ഭാര്യയും നടിയുമായ മല്ലിക സുകുമാരൻ അടുത്തിടെ സംസാരിക്കുകയുണ്ടായി. 2013 ൽ 72ാം വയസിലാണ് സുകുമാരി മരിക്കുന്നത്. പൂജാ മുറിയിൽ നിന്ന് തീപ്പൊള്ളലേറ്റ് ചികിത്സയിൽ കഴിയവെയായിരുന്നു മരണം. സിനിമാ ലോകത്ത് ഇരുവരും ഇന്നും ഓർമ്മിക്കപ്പെടുന്നു.


Click it and Unblock the Notifications











