മകനെ കാണാൻ വരും; രണ്ട് ഭാഗത്തും കുഴപ്പങ്ങളുണ്ടായി; വിവാഹ ജീവിതത്തെക്കുറിച്ച് ജയഭാരതി പറഞ്ഞത്
ഒരു കാലത്ത് സിനിമാ രംഗത്ത് തിരക്കേറിയ നായിക നടിയായിരുന്നു ജയഭാരതി. ഷീല, ജയഭാരതി, ശാരദ എന്നീ നടിമാർ നിറഞ്ഞ് നിന്ന ഒരു കാലം മലയാള സിനിമയ്ക്കുണ്ടായിരുന്നു. പ്രേം നസീറിന്റെ മികച്ച ഓൺസ്ക്രീൻ ജോഡികളിൽ ഒരാളായിരുന്ന ജയഭാരതി നടൻ ജയന്റെ ബന്ധു കൂടിയാണ്. രതിനിർവേദം ഉൾപ്പെടെ ജയഭാരതി അഭിനയിച്ച നിരവധി വലിയ ഹിറ്റായിരുന്നു. വർഷങ്ങളായി സിനിമാ രംഗത്ത് നിന്നും മാറി നിൽക്കുകയാണ് ജയഭാരതി. ഏറെക്കാലത്തിന് ശേഷം അടുത്തിടെ താര സംഘടനായ അമ്മയുടെ യോഗത്തിനെത്തിയപ്പോഴാണ് ജയഭാരതിയെ ആരാധകർ കണ്ടത്.
വർഷങ്ങൾക്ക് മുമ്പ് ജയഭാരതി നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമാ രംഗത്ത് നിന്ന് വിട്ട് നിന്നതിനെക്കുറിച്ച് അന്ന് നടി സംസാരിച്ചു. എസിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. സിനിമ വിട്ട് പോകുകയാണെന്ന് ഒരിക്കലും ഞാൻ പറഞ്ഞിട്ടില്ല. പക്ഷെ എനിക്ക് വേണ്ടി ജീവിക്കാൻ തീരുമാനിച്ചു. അന്ന് സിനിമയിൽ വിളിച്ചു, ഓടി നടന്ന് അഭിനയിക്കുകയും ചെയ്തു. ഇപ്പോഴാണ് താൻ ജീവിക്കുന്നതെന്നും ജയഭാരതി വ്യക്തമാക്കി. ഡാൻസ് ക്ലാസുകൾ നടത്തുന്നുണ്ട്.

സിനിമ നിർമ്മിച്ച് പരാജയപ്പെട്ടാൽ വീണ്ടും അഭിനയരംഗത്ത് വരേണ്ടി വരികയും അവസരങ്ങൾ തേടിപ്പോകേണ്ടിയും വരുമെന്നും ജയഭാരതി ചൂണ്ടിക്കാട്ടി. ചെറുപ്പം മുതലേ കാർക്കശ്യ സ്വഭാവം തനിക്കുണ്ടായിരുന്നെന്നും ജയഭാരതി അന്ന് തുറന്ന് പറഞ്ഞു. അമ്മയ്ക്ക് ഞാനാണ് അമ്മ. എന്റെ കാറിന്റെ ശബ്ദം കേൾക്കുമ്പോഴെക്കും ടിവി കണ്ടുകൊണ്ടിരിക്കുന്ന ചെറിയ സഹോദരങ്ങളെല്ലാം ഓടിപ്പോയി ഒളിച്ചിരിക്കും. അച്ഛൻ ഇല്ലായിരുന്നു.
അതിനാൽ ഞാൻ വളരെ സ്ട്രിക്റ്റായിരുന്നു. ഇപ്പോൾ എനിക്ക് തോന്നുന്നു കുറച്ച് കൂടിപ്പോയെന്ന്. പക്ഷെ സഹോദരങ്ങളെല്ലാം അതുകൊണ്ട് ജീവിതത്തിൽ സെറ്റിൽഡ് ആയി. ജീവിതത്തിൽ എനിക്ക് നല്ല പാഠങ്ങളാണ്. പന്ത്രണ്ട് വയസ് മുതൽ അഭിനയിക്കുന്നതാണ്. അതിൽ ചില കഷ്‌ടങ്ങളും ദുഖങ്ങളും ഉണ്ടാകും. ഒരു ദുഖവും ഉണ്ടാവാതെ ഇരിക്കില്ല. പക്ഷെ ജീവിതത്തിൽ തന്നെ ആരും പറ്റിച്ചിട്ടില്ലെന്നും ജയഭാരതി വ്യക്തമാക്കി.

അന്തരിച്ച നടൻ സാത്താറായിരുന്നു ജയഭാരതിയുടെ ഭർത്താവ്. വിവാഹം ജീവിതം അധിക കാലം മുന്നോട്ട് പോയില്ല. പ്രശ്നങ്ങൾ ഉടലെടുത്തതോടെ വേർപിരിയുകയായിരുന്നു. ഇതേക്കുറിച്ചും ജയഭാരതി അന്ന് പരാമർശിച്ചു. രണ്ട് വശത്തും എന്തെങ്കിലും കുഴപ്പങ്ങളുണ്ടായിക്കാണുമെന്നേ ഞാൻ വിചാരിക്കുന്നുള്ളൂ. ഭർത്താവ് വന്ന് കുട്ടിയെ കാണാറുണ്ട്. അത്തരം കാര്യങ്ങളിലൊന്നും വിഷമിക്കാറില്ല. ഡാൻസിലാണ് തന്റെ മുഴുവൻ ശ്രദ്ധയെന്നും അന്ന് ജയഭാരതി വ്യക്തമാക്കി.
രക്തബന്ധങ്ങളെ കൂട്ടിവെക്കാൻ എനിക്ക് വലിയ താൽപര്യമാണ്. കാരണം വേറെ ആരും ഇല്ല. ഞങ്ങളേയുള്ളൂ. വ്യക്തിബന്ധങ്ങളെയും ഞാൻ കളയാറില്ല. ജോലിക്കാരാണെങ്കിൽ പോലും അവർ ചെയ്ത സഹായം താൻ മറക്കാറില്ല. രക്തബന്ധങ്ങൾക്ക് എപ്പോഴും മൂല്യമുണ്ടാകുന്നത് അവരും നമ്മളോട് നല്ല രീതിയിൽ നിന്നാലാണ്. അല്ലെങ്കിൽ അവരുടെ മുഖത്ത് പോലും നോക്കാറില്ലെന്നും ജയഭാരതി വ്യക്തമാക്കി.
2019 ലാണ് ജയഭാരതിയുടെ മുൻ ഭർത്താവ് സാത്താർ മരിച്ചത്. ജയഭാരതിയുമായി പിരിഞ്ഞതിനെക്കുറിച്ച് സാത്താർ ഒരിക്കൽ സംസാരിച്ചിട്ടുണ്ട്. അന്ന് തോന്നിയ ചില വാശിയും ഈഗോയുമാണ് ഞങ്ങളെ അകറ്റിയത്. ജയഭാരതിക്ക് എല്ലാം പേടിയായിരുന്നു. അവിടെ പോകരുത്, അത് ചെയ്യരുത് എന്നൊക്കെ പറയും. ആ വിലക്കുകൾ തന്റെ ഈഗോയെ മുറിവേൽപ്പിച്ചെന്നും സാത്താർ അന്ന് വ്യക്തമാക്കി. കൃഷ് ജെ സാത്താർ എന്നാണ് ജയഭാരതിയുടെയും സാത്താറിന്റെയും മകന്റെ പേര്.


Click it and Unblock the Notifications