ഫോട്ടോ ചോദിച്ച് വന്ന ദമ്പതികൾ; ജയറാമും ഞാനും തീർത്ത് പറഞ്ഞു; ലോകത്തങ്ങനെ സംഭവിച്ച് കാണില്ല; മുകേഷ്
സിനിമാലോകത്തെ സംഭവകഥകൾ രസകരമായി പങ്കുവെക്കുന്ന താരമാണ് മുകേഷ്. മുകേഷിലൂടെ നിരവധി നടീ നടൻമാരെക്കുറിച്ചുള്ള കഥകൾ പ്രേക്ഷകർ അറിഞ്ഞിട്ടുണ്ട്. പാെതുവേദികളിലും തന്റെ യൂട്യൂബ് ചാനലിലും ഇത്തരം അനുഭവ കഥകൾ മുകേഷ് പങ്കവെക്കാറുണ്ട്. മലയാളത്തിലെ പ്രമുഖ താരങ്ങളിൽ പലരുമായും മുകേഷിന് അടുത്ത സൗഹൃദമുണ്ട്. ഇവരിലൊരാളാണ് നടൻ ജയറാം. ജയറാമും മുകേഷും ഒരുമിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഫ്രണ്ട്സ് ഉൾപ്പെടെയുള്ള ഹിറ്റ് സിനിമകളിൽ ജയറാം-മുകേഷ് കോംബോ ജനപ്രീതി നേടി.
ജയറാമിനൊപ്പമുള്ള ഒരു അനുഭവം പങ്കുവെക്കുകയാണ് മുകേഷിപ്പോൾ. ഒരു ഗൾഫ് ഷോയ്ക്കിടെയുണ്ടായ അനുഭവമാണ് യൂട്യൂബ് ചാനലിലൂടെ മുകേഷ് പങ്കുവെച്ചത്. ഇന്നും തനിക്ക് ഈ സംഭവം മറക്കാൻ പറ്റിയിട്ടില്ലെന്ന് മുകേഷ് പറയുന്നു. ലോകത്ത് അങ്ങനെ മറ്റൊരു സംഭവം നടന്നോ എന്നെനിക്ക് സംശയമുണ്ട്. സിനിമയോടുള്ള അഭിനിവേശത്തിന്റെ ഉത്തമ ഉദാഹരണം ആണത്.

ഞാനും ജയറാമും പങ്കെടുക്കുന്ന ഗൾഫ് ഷോ. അടിച്ച് പൊളിയായിരുന്നു. അതിഗംഭീരമായ ഗ്രൂപ്പ്. ജയറാമും ഞാനും അവസാനം ഒരു ഡാൻസ് ചെയ്യുന്നുണ്ട്. ഒരു വാശിയും മത്സരവും ഉണ്ട്. നന്നായിട്ട് ചെയ്യണമെന്ന ആരോഗ്യകരമായ മത്സരമാണ് ഞങ്ങളുടെ മനസിൽ. സ്ഥിരമായ ഡാൻസേർസ് അല്ല ഞങ്ങൾ. ഒരു ത്രില്ലിന്റെ പുറത്ത് ചെയ്യുന്നതാണ്.
പ്രോഗ്രാം തുടങ്ങിയപ്പോൾ മുതൽ ഒരു ഭാര്യയും ഭർത്താവും അവിടെയുണ്ട്. സ്പോൺസറുടെ അടുത്ത ആൾക്കാരാണ്. കല്യാണം കഴിഞ്ഞിട്ട് കുറച്ച് നാളേ ആയുള്ളൂ. ഞങ്ങളെ പരിചയപ്പെടുത്തി. ഞങ്ങൾ ഡാൻസ് ചെയ്യുമ്പോഴൊക്കെ സ്റ്റേജിന്റെ സൈഡിൽ നിൽക്കുന്നുണ്ട്. മുമ്പിലിരിക്കാം എന്ന് ആരോ പറഞ്ഞപ്പോൾ ഇങ്ങനെയാെരു ചാൻസ് കിട്ടില്ലല്ലോ ഞങ്ങളിവിടെ നിൽക്കാം എന്ന് പറഞ്ഞു.

ഡാൻസിന്റെ സമയമായി. ജയറാം ഈ സൈഡിൽ നിന്നും ഞാൻ ആ സൈഡിൽ നിന്നും കയറി. ഘോര ഘോരം ഡാൻസ്. തിരിച്ച് വരുമ്പോൾ ശ്വാസം കിട്ടുന്നില്ല. അണച്ച് കൊണ്ടാണ് വരുന്നത്. കാരണം സ്ഥിരമായി ഡാൻസ് ചെയ്യുന്നവർ അല്ല ഞങ്ങൾ. ഗ്രീൻ റൂമിൽ ചെന്ന് അവിടെയുള്ള രണ്ട് പായിലോട്ട് വീണു. കുറച്ച് കഴിഞ്ഞിട്ടേയുള്ളു അടുത്ത പ്രോഗ്രാം.
ശ്വാസം കിട്ടാതിരിക്കുമ്പോൾ ആ ഭർത്താവ് ഒരു ഫോട്ടോ വേണമെന്ന് പറഞ്ഞു. ഇപ്പോഴോ എന്ന് ചോദിച്ചപ്പോൾ ഞങ്ങൾ
ക്ക് പോകാൻ സമയമായെന്ന് അവർ. ജയറാമെ ഇവർക്ക് ഫോട്ടോ വേണമെന്ന് ഞാൻ പറഞ്ഞു. രണ്ട് മണിക്കൂർ ഞങ്ങളിവിടെ ഉണ്ടായിരുന്നല്ലോ, ആ സമയത്തൊന്നും ഫോട്ടോ വേണ്ടായിരുന്നോ എന്ന് ജയറാമും ചോദിച്ചു. കുറച്ച് ദൂരമുണ്ട് ഇവിടെ നിന്ന്, ഞങ്ങൾക്ക് പോകാൻ സമയമായെന്ന് അവർ വീണ്ടും പറഞ്ഞു.
ക്യാമറയൊക്കെയുണ്ട്. എന്നാൽ എന്ത് പ്രശ്നം വന്നാലും 15-20 മിനുട്ട് കഴിയാതെ എഴുന്നേൽക്കില്ലെന്ന് ഞാനും ജയറാമും പറഞ്ഞു. നിങ്ങൾ എഴുന്നേൽക്കെണ്ടെന്ന് അദ്ദേഹം. ഡെയ് കിടന്നാട്ടെ എന്ന് ഭാര്യയോട് അയാൾ പറഞ്ഞു. ഞങ്ങൾ രണ്ട് പേരുടെയും നടുക്ക് ഭാര്യ കിടന്നു. ഇയാൾ ഫോട്ടോ എടുക്കുന്നു. അവരുടെ നിഷ്കളങ്കതയും സിനിമയോടുള്ള ആരാധനയും കൊണ്ടാണ്. പക്ഷെ ലോകത്ത് ഒരു നടനും ഇങ്ങനെയാെരു അനുഭവം ഉണ്ടായിട്ടുണ്ടാകില്ലെന്നും മുകേഷ് ചിരിയോടെ പറഞ്ഞു. ഗൾഫ് ഷോകളെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കവെയാണ് മുകേഷ് ഇങ്ങനെയൊരു അനുഭവത്തെക്കുറിച്ചും തുറന്ന് പറഞ്ഞത്.


Click it and Unblock the Notifications