ഷൂട്ട് കഴിഞ്ഞാൽ പാർവ്വതി ജയറാമിന്റെ കൺവെട്ടത് നിൽക്കരുതെന്ന് അമ്മ; രക്ഷിച്ചത് കമലിന്റെ ബുദ്ധി
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് ജയറാമും പാർവ്വതിയും. സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ ഏറെ ആരാധിച്ചിരുന്ന പ്രശസ്ത നായികയെ, തന്റെ സിനിമാ ജീവിതം തുടങ്ങി കുറച്ചു കാലങ്ങൾക്കുള്ളിൽ തന്നെ പ്രശസ്ത നടൻ ജീവിത സഖിയാക്കി. ആദ്യമായി തമ്മിൽ കാണുന്നതിന് വളരെ മുൻപേ തനിക്ക് പാർവ്വതിയോട് കടുത്ത പ്രണയമായിരുന്നുവെന്നും, ആദ്യമായി തമ്മിൽ കണ്ട നിമിഷം അത് ഇരട്ടിയായെന്നുമാണ് ജയറാം പറഞ്ഞിട്ടുള്ളത്. എന്നാൽ, അരങ്ങേറ്റ ചിത്രമായ അപരനിൽ തന്റെ സഹോദരിയുടെ വേഷമാണ് പാർവ്വതിയ്ക്ക് എന്ന് അറിഞ്ഞപ്പോൾ ജയറാം കുറച്ചൊന്നുമല്ല നിരാശപ്പെട്ടത്.
പക്ഷെ അധികം വൈകാതെ തന്നെ ഇരുവരും തമ്മിൽ അടുത്തു തുടങ്ങി. പക്ഷെ പാർവ്വതിയുടെ കർശനക്കാരിയായ അമ്മ എന്നും നടിക്കൊപ്പം സെറ്റുകളിൽ എത്തിയിരുന്നു. അവർ അറിയാതെയായിരുന്നു ജയറാമുമായുള്ള താരത്തിന്റെ പ്രണയം മുന്നോട്ട് നീങ്ങിയത്. അന്ന് പ്രണയ ലേഖനങ്ങൾ എഴുതിയ അമ്മ കണ്ടുപിടിക്കുമെന്ന് ഭയന്ന നടൻ, ആരുമറിയാതെ കാസ്സെറ്റുകളിൽ തനിക്ക് പറയാനുള്ളത് റെക്കോർഡ് ചെയ്ത് പാർവ്വതിക്ക് സുഹൃത്തുക്കളുടെ കൈയിൽ കൊടുത്തയക്കുമായിരുന്നു.

പക്ഷെ ശുഭ യാത്ര എന്ന സിനിമയുടെ സെറ്റിൽ എത്തിയപ്പോഴേയ്ക്കും, നടിയുടെ അമ്മ ജയറാമുമായി തന്റെ മകൾ പ്രണയത്തിലാണെന്ന് തിരിച്ചറിഞ്ഞു. ആ സിനിമയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചെങ്കിലും, ഷൂട്ട് കഴിഞ്ഞാൽ പാർവ്വതി ജയറാമിന്റെ കൺവെട്ടത് പോലും നിൽക്കരുത് എന്നായിരുന്നു അമ്മയുടെ തീരുമാനം. എന്നാൽ പ്രണയ ജോടിയ്ക്ക് എന്നും സഹായവുമായി ആ ചിത്രത്തിന്റെ സംവിധായകനും, ജയറാമിന്റെ അടുത്ത സുഹൃത്തുമായ സംവിധായകൻ കമൽ ഉണ്ടായിരുന്നു. അങ്ങനെ അമ്മയ്ക്ക് കമലിനോട് കടുത്ത ദേഷ്യമായി. ഇതേക്കുറിച്ച് ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ ഒരിക്കൽ നടൻ മനസ്സ് തുറന്നു.
"ഞങ്ങളുടെ പ്രേമത്തിന്റെ സമയത്ത്, കമലിന്റെ സിനിമകളാണ് ഏറ്റവും കൂടുതൽ ചെയ്തത്. പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, പ്രാദേശിക വാർത്തകൾ, ശുഭ യാത്ര, ആ സമയത്തുള്ള സിനിമകളൊക്കെയും കമലിന്റെ കൂടെയായിരുന്നു അധികം. അത് തന്നെ കമൽ ഇക്ക ആയിരുന്നു ഞങ്ങൾക്കിടയിലെ ഹംസം. എന്റെ അമ്മായിഅമ്മയ്ക്ക് (പാർവ്വതിയുടെ അമ്മയ്ക്ക്) ഏറ്റവും കൂടുതൽ ദേഷ്യമുണ്ടായിരുന്ന ഡയറക്ടർ ആണ് കമൽ. എന്തോ പറഞ്ഞു വന്നപ്പോൾ "മിണ്ടിപ്പോകരുത്," എന്നൊക്കെ പറഞ്ഞ് ഒരുപാട് ചീത്തയൊക്കെ പറഞ്ഞിരുന്നു," ജയറാം ഒരു ചിരിയോടെ ഓർത്തെടുത്തു.

"ശുഭ യാത്ര എന്ന പടം നടക്കുമ്പോൾ, ഞാൻ പറഞ്ഞു "കമൽ ഇക്ക പ്ളീസ്... ഷൂട്ടിംഗ് തീരുന്നതിന് മുൻപ് ഒന്ന് കാണാൻ പറ്റുമോ?" കാരണം ഷൂട്ടിംഗ് തീരുന്ന സെക്കന്റിൽ പാർവ്വതിയെ എന്റെ കൺവെട്ടത്ത് നിന്ന് മാറ്റും. ജയറാമിന്റെ കൺവെട്ടത്ത് നില്ക്കാൻ പാടില്ലെന്ന് പറഞ്ഞ് കാറിൽ കയറ്റി കൊണ്ടുപോവും. അപ്പോൾ, കമൽ എന്ത് ചെയ്തു - ഷൂട്ടിംഗ് കഴിഞ്ഞിരുന്നു സത്യത്തിൽ. പക്ഷെ ഷൂട്ടിംഗ് കഴിഞ്ഞിട്ട് ഒരു മാരുതി ഒമിനിയിൽ ഞങ്ങളെ രണ്ടു പേരെയും കയറ്റി ഷോട്ട് എടുക്കാനുണ്ടെന്ന് പറഞ്ഞ്, പറഞ്ഞു വിട്ടു. ഒന്ന് കറങ്ങിയിട്ടു വന്നോളാൻ പറഞ്ഞു," ജയറാം വെളിപ്പെടുത്തി.
"അപ്പോഴേക്കും അമ്മ വന്നു പെട്ടെന്ന്, എവിടേയ്ക്കാ അവര് പോയത് എന്നും ചോദിച്ചു. "അല്ല ഷൂട്ടിംഗ് ഉണ്ട്," എന്ന് കമൽ. "ഷൂട്ടിങ്ങൊ? ക്യാമറ ഇവിടെ ഇരിക്കുകയല്ലേ, പിന്നെ എവിടേക്കാണ് താൻ കേറ്റി വിട്ടത് എന്റെ മോളെ," എന്നും ചോദിച്ച് അമ്മ കമൽ ഇക്കയെ കുറെ ചീത്ത പറഞ്ഞു. അതിന് ശേഷം കമൽ പറഞ്ഞു, "നിങ്ങൾ കാരണം ഞാൻ എന്തോരം ചീത്തയാണ് കേട്ടത്," എന്ന്. അതാണ് ഞങ്ങളുടെ കമൽ ഇക്ക," ഒരുപാട് സ്നേഹത്തോടെ പ്രശസ്ത നടൻ പറഞ്ഞു നിർത്തി. എന്തായാലും പിന്നീട് ഇരു വീട്ടുകാരെയും സമ്മതിപ്പിച്ച് ജയറാമും പാർവ്വതിയും ഒന്നിച്ചു. ഇന്ന് ഇരുവർക്കും കാളിദാസ്, മാളവിക (കണ്ണൻ, ചക്കി) എന്ന രണ്ടു മക്കളുണ്ട്, അവരും ഇന്ന് വിവാഹിതരായിക്കഴിഞ്ഞു.


Click it and Unblock the Notifications











