പാർവ്വതിയുടെ ഏറ്റവും മോശം സ്വഭാവത്തെ കുറിച്ച് ജയറാം: മക്കൾക്ക് ഇത് കിട്ടരുതേയെന്ന് ആഗ്രഹിച്ചു
ജയറാമിന്റെയും പർവ്വതിയുടെയും അപൂർവ്വ പ്രണയകഥ മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. തന്റെ ആദ്യ സിനിമയായ അപരനിൽ സഹോദരിയായി എത്തുന്നത് പാർവ്വതിയാണെന്ന് അറിഞ്ഞപ്പോൾ, ജയറാം എന്ന പുതുമുഖം കുറച്ചൊന്നുമല്ല വിഷമിച്ചത്. കാരണം, ആദ്യമായി കാണുന്നതിന് ഒരുപാട് മുൻപ് തന്നെ, അന്നത്തെ പ്രശസ്ത നായികയോട് നടന് കടുത്ത പ്രണയമായിരുന്നു. അധികം വൈകാതെ ജയറാം വിലപ്പിടിപ്പുള്ള താരമാവുകയും, പാർവ്വതിയുടെ നായകനായി ഒരുപാട് സിനിമകളിൽ അഭിനയിക്കുകയും ചെയ്തു.
അധികം വൈകാതെ ജയറാമും പാർവ്വതിയും പ്രണയത്തിലായി, അത് ഇരുവരും ഒന്നിക്കുന്ന സിനിമ സെറ്റുകളിലെ പരസ്യമായ രഹസ്യമായി. വളരെയേറെ എതിർപ്പുകൾ നടിയുടെ വീട്ടുകാരുടെ, പ്രത്യേകിച്ച് അമ്മയുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നുവെങ്കിലും, അതെല്ലാം തരണം ചെയ്ത് ഇരുവരും വിവാഹിതരായി. പിന്നീട് ആ അമ്മയ്ക്ക് ഏറെ പ്രിയപ്പെട്ട മരുമകനായി ജയറാം മാറുകയും ചെയ്തു.

മുൻപൊരിക്കൽ, കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ, തന്റെ പ്രിയപ്പെട്ട ഭാര്യയുടെ ഏറ്റവും ഇഷ്ടമല്ലാത്ത ഒരു സ്വഭാവത്തെ കുറിച്ച് ജയറാം വെളിപ്പെടുത്തിയിരുന്നു. ജേർണലിസ്റ്റും, എം.പി.യുമായ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടിയായി, അൽപ്പം നർമ്മം കലർത്തിയാണ് പ്രശസ്ത താരം ആ വെളിപ്പെടുത്തൽ നടത്തിയത്. വളരെ ഗൗരവമുള്ള ഒരു കാര്യമായിരിക്കും ജയറാം പറയുക എന്ന് പ്രതീക്ഷിച്ചിരുന്ന അവതാരകൻ ബ്രിട്ടാസിനെയും പ്രേക്ഷകരെയും ഒരുപോലെ ചിരിപ്പിച്ചു നടന്റെ മറുപടി.
പാർവ്വതിയിൽ തനിക്ക് ഏറ്റവും ഇഷ്ടമില്ലാത്തത്, ഇടയ്ക്കൊക്കെ ഒന്ന് വെറ്റില മുറുക്കണം എന്ന നടിയുടെ തോന്നൽ ആണെന്നാണ് ജയറാം പറഞ്ഞത്. തന്റെ ഭാര്യക്ക് ഈ സ്വഭാവം കിട്ടിയത്, അവരുടെ അമ്മയിൽ നിന്നാണ് എന്നും, അത് മക്കളായ കണ്ണനും ചക്കിക്കും (കാളിദാസിനും മാളവികയ്ക്കും) ഒരിക്കലും കിട്ടരുതേയെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്നും പ്രശസ്ത താരം ചിരിയോടെ വെളിപ്പെടുത്തി.

"വല്ലപ്പോഴും... അശ്വതിയുടെ (പാർവ്വതിയുടെ) അമ്മ മുറുക്കും. വല്ലപ്പോഴുമേ ഉള്ളു, ഒളിച്ചിരുന്നാണ് മുറുക്കുക. അപ്പൊ ഇടക്ക് പാർവ്വതിയും ചോദിക്കും, ഒന്ന് മുറുക്കിക്കോട്ടെ എന്ന്. വല്ല കല്യാണത്തിനോ മറ്റോ പോവുമ്പോൾ എന്നെ വിളിക്കും, എന്നിട്ട് ചോയ്ക്കും "ഒരു വെറ്റില എടുത്തു തരുമോ" എന്ന്. അപ്പോൾ ഞാൻ പറയും: "ഇത് വൃത്തികേടാണ്, ഈ സാധനം. എടുക്കല്ലേ," എന്ന്. അപ്പോൾ പാർവ്വതി, "അയ്യോ ഒരെണ്ണം മാത്രം," എന്ന് പറയും. "പക്ഷെ അത് വല്ലപ്പോഴും മാത്രമേയുള്ളു. ആണ്ടിൽ ഒരു അഞ്ചു പ്രാവശ്യമോ, പത്തു പ്രാവശ്യമോ എന്ന് വേണമെങ്കിൽ പറയാം. അങ്ങനെ ഇടക്ക് മുറുക്കും. അപ്പോൾ ഞാൻ പറയും പിള്ളേരോട്, "ഇതൊരു വൃത്തികെട്ട സ്വഭാവമാണ്, പകർത്തരുത്," എന്ന്," ജയറാം വെളിപ്പെടുത്തി.
ഇന്ന്, വിവാഹിതരായി 33 തികയാറാവുമ്പോൾ, മലയാള സിനിമയുടെ മാതൃക ദമ്പതികളുടെ പട്ടികയിൽ പേര് നേടിക്കഴിഞ്ഞു ജയറാമും പാർവ്വതിയും. മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും, തമിഴിലും തെലുങ്കിലും ചില മികച്ച സിനിമകളുമായി തിരക്കിലാണ് ജയറാം. പാർവ്വതിയാവട്ടെ തന്റെ നൃത്തപരിപാടികളുടെ തിരക്കിലും. ഇരുവരുടെയും മകൻ കാളിദാസ് ജയറാം അടുത്തിടെയാണ് മോഡൽ താരിണി കലിംഗരായരെ വിവാഹം കഴിച്ചത്. മകൾ മാളവിക കഴിഞ്ഞ വർഷമാണ് നവനീത് ഗിരീഷ് എന്ന യു.കെ. ബേസ്ഡ് ചാർട്ടേഡ് അക്കൗണ്ടന്റിനെ വിവാഹം ചെയ്തത്.
(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഫിൽമിബീറ്റ് മലയാളത്തിന്റെ സ്വന്തമല്ല. https://www.instagram.com/actorjayaram_official/, https://www.instagram.com/kalidas_jayaram/, എന്നീ പേജുകളിൽ നിന്നു കൂടി എടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്).


Click it and Unblock the Notifications











