മമ്മൂട്ടിക്കും മോഹൻലാലിനും തലകുത്തി നിന്നാലും അത് ചെയ്യാനാവില്ല: ജയറാമിന്റെ രസകരമായ വെളിപ്പെടുത്തൽ ഇതാണ്
കുടുംബ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട മലയാളി താരങ്ങളിൽ ഒരാളാണ് ജയറാം. തന്റെ രസകരമായ കോമഡി ചിത്രങ്ങളും, ഫാമിലി ഡ്രാമകളും കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ പ്രശസ്ത നടൻ, മലയാളത്തിൽ മാത്രമല്ല, തമിഴ് സിനിമയിലും വളരെ പ്രശസ്തനാണ്. തന്റെ കരിയറിന്റെ പീക്ക് കാലത്ത്, മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ചിത്രങ്ങൾക്കൊപ്പം, അല്ലെങ്കിൽ അതിനും മുകളിലോ വിജയങ്ങൾ നേടാൻ ജയറാം ചിത്രങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. അതിൽ പല സിനിമകളും, പ്രത്യേകിച്ച് കോമഡി ചിത്രങ്ങൾ, ഇന്ന് കൾട്ട് ക്ലാസിക് പദവി നേടിക്കഴിഞ്ഞു.
വർഷങ്ങൾക്ക് മുൻപ് മനോരമ ന്യൂസ് ചാനലിൽ സംപ്രേക്ഷണം ചെയ്ത 'നേരെ ചൊവ്വേ' എന്ന പരിപാടിയിൽ പങ്കെടുത്ത ജയറാമിനെ, അവതാരകൻ ജോണി ലൂക്കോസ് മമ്മൂട്ടിയോടും മോഹൻലാലിനോടും താരതമ്യം ചെയ്തിരുന്നു. ആ ചോദ്യങ്ങളെ പ്രശസ്ത നടൻ നേരിട്ടത്, അതിലെ നർമ്മം ഉൾക്കൊണ്ടുകൊണ്ടാണ്. അതിന് അദ്ദേഹം നൽകിയ മറുപടികളും വളരെ രസകരമായിരുന്നു.

"മമ്മൂട്ടിയും മോഹൻലാലും ഉള്ളപ്പോൾ മലയാള സിനിമയിൽ പിന്നെ എന്തിനാണ് ജയറാം," എന്ന് അവതാരകൻ ചോദിച്ചപ്പോൾ, അതിന് വളരെ രസകരമായ, തമാശ കലർന്ന ഒരു മറുപടിയാണ് പ്രശസ്ത താരം നൽകിയത്. "എനിക്ക് ആറടി പൊക്കമുണ്ട്. മമ്മൂട്ടി അഞ്ച് പതിനൊന്ന്, മോഹൻലാൽ അഞ്ച് പത്ത്. എനിക്ക് രണ്ടു മണിക്കൂർ ഇപ്പോഴും സ്റ്റേജിൽ നിന്ന് മിമിക്രി ചെയ്യാൻ പറ്റും. ഇവര് രണ്ടു പേരും തലകുത്തി നിന്നാലും അത് ചെയ്യാൻ പറ്റില്ല. രണ്ടര മണിക്കൂർ പഞ്ചാരി മേളം ഞാൻ നിന്ന് കോട്ടാം, ചിന്തിക്കുകയെ വേണ്ട ഇവർക്ക് രണ്ട് പേർക്കും," ഒരു ചിരിയോടെ ജയറാം തിരിച്ചടിച്ചു.
എന്നാൽ, മലയാള സിനിമയുടെ സൂപ്പർ താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും മുന്നിൽ നിൽക്കുമ്പോൾ തനിക്കുള്ള പോരായ്മകളെ കുറിച്ച് പറയാനും പ്രശസ്ത നടൻ മടിച്ചില്ല എന്നതാണ് രസകരമായ കാര്യം. "അങ്ങനെയുള്ള കുറെ കാര്യങ്ങൾ ഞാൻ ചെയ്യാം. പക്ഷെ എനിക്ക്, എന്നേക്കാൾ ഒരു ഗുണം ഇവർക്ക് രണ്ടു പേർക്കും (മമ്മൂട്ടിക്കും, മോഹൻലാലിനും) കൂടുതൽ ഉണ്ടെന്ന് തോന്നിയിട്ടുള്ളത്, അവർ രണ്ടു പേർക്കും എന്നെക്കാൾ നന്നായിട്ട് അഭിനയിക്കാൻ അറിയാം എന്നത് മാത്രമാണ്," വീണ്ടും ഒരു നിറഞ്ഞ ചിരിയോടെ ജയറാം വെളിപ്പെടുത്തി. ഇന്നും ഈ അഭിമുഖത്തിന്റെ പഴയ വീഡിയോയ്ക്ക് താഴെ, നടന്റെ ലാളിത്യത്തെയും, തമാശ രൂപേണ ചോദ്യങ്ങൾക്ക് മറുപടി പറയാനുള്ള കഴിവിനെയും, പ്രേക്ഷകർ വാനോളം പ്രശംസിക്കുന്നത് കാണാനാവും.

"മമ്മൂട്ടിയും മോഹൻലാലും നിറഞ്ഞു നിൽക്കുന്ന ഒരു കാലഘട്ടത്തിൽ, സിനിമയിൽ വന്ന് പെട്ടല്ലോ എന്ന് തോന്നിയിട്ടുണ്ടോ?" എന്ന് അവതാരകൻ ചോദിച്ചപ്പോൾ, "ഒരിക്കലുമില്ല" എന്നായിരുന്നു താരത്തിന്റെ മറുപടി. "എനിക്ക് അതിൽ അഭിമാനമേ തോന്നിയിട്ടുള്ളൂ. നമ്മൾ തന്നെ സ്‌ക്രീനിൽ കണ്ടിട്ടുള്ള മമ്മൂട്ടിയും മോഹൻലാലും നിൽക്കുന്ന കാലത്ത്, സിനിമയിലൊക്കെ അഭിനയിക്കണം എന്ന് മനസ്സിൽ മോഹം മാത്രം ഉണ്ടായിരുന്ന കാലത്ത്, പത്മരാജൻ സാറിനെ പോലെ അന്നത്തെ ഏറ്റവും പ്രശസ്തനായ സംവിധായകന്റെ സിനിമയിൽ, ആദ്യം തന്നെ രണ്ടു കഥാപാത്രങ്ങൾ അവതരിപ്പിച്ച്, ഇവരൊക്കെ ഉള്ള സമയത്ത് നായകനായി അഭിനയിക്കാൻ പറ്റി എന്നുള്ളത് എന്നും എനിക്ക് ക്രെഡിറ്റ് ആയി പറയാവുന്ന കാര്യമല്ലേ," ജയറാം പറഞ്ഞു നിർത്തി.
(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഫിൽമിബീറ്റ് മലയാളത്തിന്റെ സ്വന്തമല്ല. https://www.instagram.com/actorjayaram_official/, https://x.com/mammukka, എന്നീ പേജുകളിൽ നിന്ന് എടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്).


Click it and Unblock the Notifications











