പാർവ്വതിയുടെ കത്തുമായി ജയറാമിനെ അന്വേഷിച്ച് ജയിലിൽ എത്തിയ പയ്യൻ: പ്രണയം പാട്ടായത് ഇങ്ങനെ
മലയാള സിനിമ ഏറെ ആഘോഷിച്ച താര പ്രണയകഥയാണ് ജയറാമിന്റെയും പാർവ്വതിയുടെയും ബന്ധം. പ്രശസ്ത നടൻ സിനിമയിൽ എത്തുന്നതിന് വളരെ മുൻപ് തന്നെ ആരാധിച്ചിരുന്ന താരത്തെ തന്നെ, പിന്നീട് നായകനായതിന് ശേഷം അദ്ദേഹം ജീവിത സഖിയാക്കുകയായിരുന്നു. ആദ്യ സിനിമയായ അപരനിൽ തന്നെ ജയറാം പാർവ്വതിയ്ക്ക് ഒപ്പം അഭിനയിച്ചിരുന്നു. എന്നാൽ ആ സിനിമയിൽ, നടന്റെ സഹോദരിയുടെ റോളായിരുന്നു താരത്തിന്. പക്ഷെ പിന്നീട്, ഒരുപാട് സിനിമകളിൽ ഇരുവരും നായികാനായകന്മാരായി എത്തി.
മുൻപൊരിക്കൽ, ബിഹൈൻഡ്‌വുഡ്സ് ഐസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, പാർവ്വതിയുടെയും തന്റെയും പ്രണയത്തെ കുറിച്ച് ജയറാം മനസ്സ് തുറന്നിരുന്നു. അതീവ രഹസ്യമായിട്ടാണ് അന്ന് തങ്ങൾ പ്രണയിച്ചിരുന്നതെന്നും, അന്ന് തന്റെ ഭാര്യയുടെ കത്ത് കൊണ്ട് വന്നു തന്ന ഒരു പയ്യന്റെ ചെറിയൊരു അബദ്ധം കാരണമാണ് സിനിമാ സെറ്റിൽ ഉള്ളവർ തന്റെയും പാർവ്വതിയുടെയും ബന്ധം അറിഞ്ഞതെന്നും പ്രശസ്ത നടൻ വെളിപ്പെടുത്തി.

"തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ഷൂട്ടിംഗ് നടക്കുകയാണ്. ഞാനും ഉണ്ട്, മമ്മൂക്കയും ഉണ്ട്. ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്നതിന് ഇടയ്ക്ക് - അന്ന് എല്ലാവർക്കും ഒരു സംശയമുണ്ട്, ജയറാമും പാർവ്വതിയും തമ്മിൽ എന്തൊരു റിലേഷൻ ഉണ്ടോ, എന്ന്. ആ സമയത്ത് പെട്ടെന്ന് ജയിലിന്റെ പുറത്ത് ഒരു പയ്യൻ വന്നു നിന്നിട്ട് ഒരുപാട് നേരമായി അവിടെ കറങ്ങുകയാണ്. അപ്പോൾ, പോലീസ്‌കാർ അവനെ വിളിച്ച് എന്താ കാര്യമെന്ന് ചോദിച്ചു. അപ്പോൾ, അവൻ ജയറാമിനെ കാണാൻ വേണ്ടി വന്നതാണെന്ന് പറഞ്ഞു. എന്താ കാര്യം എന്ന് അവർ ചോദിച്ചപ്പോൾ, പാർവ്വതി ഒരു കത്ത് തന്നയച്ചിട്ടുണ്ട്, അത് കൊൺടുക്കാൻ വേണ്ടി വന്നതാണെന്ന് ചെക്കൻ," ഒരു ചിരിയോടെ ജയറാം വെളിപ്പെടുത്തി.

"ആ ബുദ്ധിയില്ലാത്ത ചെക്കൻ ആ വിവരം അവിടെ പറഞ്ഞു. ആ പോലീസ്‌കാരും മോശമല്ല. ഒരു സെക്കന്റ് കൊണ്ട് വയർലെസ് ഫോൺ എടുത്ത് വച്ച്, "ഒരു മിനിറ്റ്, പുറത്തു നിന്ന് ഒരാൾ... ഹലോ... കേൾക്കാമോ? പാർവ്വതി ഒരു കത്ത് കൊടുത്തയച്ചിട്ടുണ്ട് ജയറാമിന്," എന്ന് അവരും പറഞ്ഞു. അങ്ങനെ ഒരു വയര്ലെസ്സിൽ നിന്ന് അടുത്ത വയർലെസ്സിൽ എത്തി, ഒരു മിനിറ്റ് കൊണ്ട് ആ സെൻട്രൽ ജയിലിൽ ഉള്ളവർ മുഴുവൻ അതറിഞ്ഞു. ഞാൻ അവനോട് ചോദിച്ചു, "നീ എവിടുന്നാ മോനെ" എന്ന്. അപ്പോൾ അവൻ, "ഞാൻ ജോലി അന്വേഷിച്ചു പാർവ്വതിയുടെ വീട്ടിൽ പോയപ്പോൾ, അവർ കത്ത് കൊണ്ടുപോയി സെൻട്രൽ ജയിലിൽ കൊടുത്തിട്ട് വാ, എന്നാൽ നിനക്ക് ജോലി തരാമെന്ന് പറഞ്ഞു," എന്നാണ് പറഞ്ഞത്," പ്രശസ്ത താരം ഓർത്തെടുത്തു.
"ആ കത്ത് തുറന്ന് മമ്മൂക്ക പറഞ്ഞു, "വായിക്ക്... എല്ലാവരും കേൾക്കട്ടെ. മുഴുവനും വായിക്ക്," എന്ന്. അങ്ങനെ അവിടെ ഉള്ള എല്ലാവരും - കേരള പൊലീസും, ബാക്കി ഉള്ള ആൾക്കാരും, പടത്തിന്റെ ക്രൂവും, എല്ലാരും അറിഞ്ഞു. ഞാൻ മാത്രം തലയ്ക്ക് കൈയും കൊടുത്തു ഇരുന്നു, അവർക്കൊക്കെ നല്ല രസമായിരുന്നു," ഒരു ചിരിയോടെ സമ്മർ ഇൻ ബെത്ലെഹേം താരം കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











