വീട്ടിലും ഇങ്ങനെയാണോ എന്ന് ജയനോട് ഞാൻ ചോദിച്ചു; ഭാഗ്യം ചെയ്തവർ; നടനെക്കുറിച്ച് ജീജ സുരേന്ദ്രൻ
മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ജയസൂര്യ. ജയസൂര്യയുടെ കരിയർ ഗ്രാഫിന്റെ പല ഘട്ടങ്ങൾ പ്രേക്ഷകർ കണ്ടതാണ്. കോമഡി കലർന്ന നായക വേഷത്തിലൂടെയാണ് തുടക്ക കാലത്ത് ജയസൂര്യ ശ്രദ്ധ നേടുന്നത്. പിന്നീട് സഹനായക വേഷങ്ങളിലേക്ക് നടൻ മാറി. വില്ലൻ വേഷങ്ങളും ഇക്കാലത്ത് നടൻ ചെയ്തു. കങ്കാരു, ലോലിപോപ്പ് തുടങ്ങിയ സിനിമകൾ ഇതിനുദാഹരണമാണ്. ഇതിന് ശേഷമാണ് വ്യത്യസ്തമായ വേഷങ്ങളിലൂടെ ജയസൂര്യ ജനപ്രീതി നേടുന്നത്. ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങിയ സിനിമകൾ ഇക്കാലത്താണ് പുറത്തിറങ്ങുന്നത്.
ശ്രദ്ധേയമായ ഒരുപിടി സിനിമകളിലൂടെ താരമൂല്യമുള്ള നായക നടനായി ജയസൂര്യ വളർന്നു. സിനിമയിലേക്ക് മാത്രം ശ്രദ്ധ കൊടുക്കുന്ന ജയസൂര്യ വിവാദങ്ങളിൽ നിന്ന് പരമാവധി മാറി നിൽക്കുന്ന നടനാണ്. വർഷങ്ങൾ നീണ്ട കരിയറിൽ നടൻ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്. ജയസൂര്യയെക്കുറിച്ച് നടി ജീജ സുരേന്ദ്രൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

'ജയസൂര്യയുടെ കൂടെ മേരി ആവാസ് സുനോ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. എല്ലാവരേക്കാളും അടുപ്പം ജയസൂര്യക്കുണ്ട്. അമ്മ, സ്നേഹം എന്നൊക്കെയുള്ള ബന്ധം ജയസൂര്യക്കുണ്ട്. നല്ല കുട്ടിയാണ്. ഒരു ജാഡയുമില്ല. രാവിലെ വന്ന് കഴിഞ്ഞാൽ അമ്മയോട് സ്വന്തം മക്കൾ കാണിക്കുന്ന സ്നേഹം കാണിക്കും. നമ്മൾ ആരോ ആണ്. അവരുടെ കുഞ്ഞമ്മയായി അഭിനയിക്കുന്നു എന്ന് മാത്രമേയുള്ളൂ,' ജീജ സുരേന്ദ്രൻ പറയുന്നു.
പക്ഷെ എത്രയോ കാലം മുമ്പ് ബന്ധം ഉള്ളത് പോലെയാണ് പെരുമാറ്റം. ഈ കുട്ടിയുടെ അച്ഛനും അമ്മയും ഭാഗ്യം ചെയ്തവരാണെന്ന് മനസ്സിൽ വിചാരിച്ചു. വീട്ടിൽ ചെന്നാലും ഇങ്ങനെ തന്നെയാണോ എന്ന് ജയന്റെയടുത്ത് ഞാൻ ചോദിച്ചിരുന്നു. ഇതിന്റെ ഇരട്ടിയാണെന്നാണ് ജയൻ പറഞ്ഞതെന്നും ജീജ സുരേന്ദ്രൻ വ്യക്തമാക്കി. മുമ്പൊരിക്കൽ മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

സിനിമാ, സീരിയൽ രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന ജീജ സുരേന്ദ്രൻ സഹതാരങ്ങളെക്കുറിച്ച് നടത്തുന്ന പരമർശങ്ങൾ ശ്രദ്ധ നേടാറുണ്ട്. മഞ്ജു വാര്യറെയും ദിലീപിനെയും കുറിച്ച് ജീജ പറഞ്ഞ വാക്കുകൾ ചർച്ചയായിരുന്നു. മഞ്ജുവിനെ പോലൊരു ഭാര്യയെ സൂക്ഷിക്കാൻ പറ്റാത്തവർ ഭാഗ്യമില്ലാത്തവർ ആണെന്ന് ജീജ തുറന്നടിച്ചു.
'മഞ്ജുവിനെ കണ്ട് പഠിക്കണം. ലൊക്കേഷനിൽ മഞ്ജു വന്നാൽ എല്ലാവരോടും എന്തൊരു സ്നേഹമാണ്. മഞ്ജുവിനെ കണ്ടാൽ നമ്മൾ ആ സംഭവം ചിന്തിക്കുക പോലുമില്ല. അതൊക്കെ പഴയ കഥ. മഞ്ജുവാണ് പെണ്ണ്. ആ കുട്ടിയുടെ നാവിൽ നിന്ന് യൂട്യൂബുകാർക്ക് എന്തെങ്കിലും കലക്കാൻ കിട്ടിയോ. അവളാണ് പെണ്ണ്. അങ്ങനെയുള്ള ഭാര്യമാരെ കിട്ടാൻ പുണ്യം ചെയ്യണം. അവരെ മരണം വരെ സൂക്ഷിക്കാൻ പറ്റാത്തവർ ഹതഭാഗ്യരാണ്,' ജീജ സുരേന്ദ്രൻ പറഞ്ഞതിങ്ങനെ. മഞ്ജുവിന്റെ ആരാധകർ ഏറ്റെടുത്ത വാക്കുകളായിരുന്നു ഇത്.
മഞ്ജു വാര്യർക്കും ജയസൂര്യക്കും ഒപ്പമാണ് മേരി ആവാസ് സുനോ എന്ന ചിത്രത്തിൽ ജീജ സുരേന്ദ്രൻ അഭിനയിച്ചത്. പ്രജേഷ് സെൻ സംവിധാനം ചെയ്ത സിനിമ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ശിവദ, ഗൗതമി നായർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തു.
മഞ്ജുവും ജയസൂര്യയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ടായിരുന്നു. പക്ഷെ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. കഴിഞ്ഞ കുറച്ച് നാളുകളായി കരിയറിൽ എടുത്ത് പറയത്തക്ക ഹിറ്റുകൾ ജയസൂര്യക്കില്ല. നടന്റെ ശക്തമായ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.


Click it and Unblock the Notifications