കുടുംബത്തെ പോലും ഭയന്ന ആ നടന് അവസാന നാളിൽ ഭക്ഷണം എത്തിച്ചത് സുകുമാരി; നടിയെക്കുറിച്ചുള്ള ഓർമ്മ
മലയാള സിനിമയിൽ ഒരിക്കലും മറക്കാനാവാത്ത നടിയാണ് സുകുമാരി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലെല്ലാം സുകുമാരി പ്രശസ്തയാണ്. ഒട്ടനവധി വേഷങ്ങൾ ചെയ്ത് സുകുമാരിക്ക് കോമഡി, സീരിയസ്, വില്ലൻ വേഷങ്ങൾ ഒരു പോലെ ഇണങ്ങുമായിരുന്നു. അമ്മയായും അമ്മായിമ്മയായും മുത്തശ്ശിയായുമെല്ലാം സുകുമാരി ബിഗ് സ്ക്രീനിൽ തിളങ്ങി.
അഞ്ച് പതിറ്റാണ്ട് പിന്നിട്ട കരിയറിൽ 25000 ഓളം സിനിമകളിൽ സുകുമാരി അഭിനയിച്ചു. ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകളുടെ കാലത്ത് ഒരുപിടി സിനിമകളിൽ നായികയായും സുകുമാരി അഭിനയിച്ചിരുന്നു. 2013 ലാണ് സുകുമാരി മരിക്കുന്നത്. തീപ്പാെള്ളലേറ്റ് ചികിത്സയിലിരിക്കെ ഹൃദയാഘാതം വന്നായിരുന്നു മരണം. സിനിമാ ലോകത്തെയും സിനിമാ പ്രേക്ഷകരെയും ഏറെ ദുഖത്തിലാഴ്ത്തിയ സംഭവമായിരുന്നു ഇത്.

സുകുമാരിയുടെ സ്വഭാവ രീതികളെക്കുറിച്ച് അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോൾ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. എല്ലാവരോടും സ്നേഹത്തോടെ പെരുമാറിയിരുന്ന വ്യക്തിയാണ് സുകുമാരിയെന്നാണ് ജോൺ പോൾ പറഞ്ഞത്. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'തനിക്ക് ലഭിക്കുന്ന അതേ ആനുകൂല്യവും പ്രാധാന്യവും കൂടെ വന്നവർക്ക് കൂടി ലഭിക്കുന്നെന്ന് ഉറപ്പ് വരുത്തുന്നതിൽ അവർ ശ്രദ്ധ കൊടുത്തിരുന്നു. തങ്ങളുടെ ചിത്രത്തിൽ സുകുമാരി ഇല്ലെങ്കിൽ വിരസമായി അനുഭവപ്പെടാറുണ്ടെന്ന് പല സംവിധായകരും അഭിനേതാക്കളും ഒരു പോലെ പറയാറുണ്ടായിരുന്നു'

'മദ്രാസിൽ വന്ന് ആഴ്ചകളോ മാസങ്ങളോ താമസിക്കേണ്ടി വരുമ്പോൾ ഹോട്ടൽ ഭക്ഷണത്തിന്റെ വൈരസ്യതയിൽ നിന്ന് മോചനമാവുന്നത് ഒന്നിലേറെ തവണ അനുഭവിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ ആഴ്ച ഞാനോ മറ്റാരെങ്കിലുമോ മദിരാശിയിൽ ഉണ്ടെന്നറിഞ്ഞാൽ നിർബന്ധപൂർവം നമ്മളെ വീട്ടിലേക്ക് ക്ഷണിച്ച് സ്വന്തം കൈ കൊണ്ട് ഭക്ഷണമുണ്ടാക്കി വിളമ്പിത്തരുന്നതിൽ അവർ വളരെയേറെ ആഹ്ലാദിച്ചിരുന്നു'
'ഇനി അഥവാ രണ്ട് പേർക്കും തിരക്കാണെങ്കിൽ ടിഫിനിൽ തന്റെ പ്രിയപ്പെട്ട അനുചരൻമാരെ ഏൽപ്പിച്ച് ഭക്ഷണം എത്തിക്കും. അഞ്ചെട്ട് പേർക്ക് കഴിക്കാനുള്ള വിഭവ സമൃദ്ധമായ ഭക്ഷണം സുകുമാരിയമ്മ കൊടുത്തയക്കാറുണ്ട്'

'ചിലപ്പോൾ പനിയോ മറ്റോ വന്ന് ഹോട്ടൽ മുറിയിൽ കിടക്കുമ്പോൾ ആരെങ്കിലും വഴി സുകുമാരിയമ്മ അതറിഞ്ഞാൽ രാപകലില്ലാത്ത തിരക്കിനിടയിലും റൂമിലേക്ക് ഓടി വരികയും രോഗം അലക്ഷ്യമായി വിടുന്നതിൽ ശകാരിച്ച് നമ്മളെ ഡോക്ടർമാരുടെയടുത്തേക്ക് കൊണ്ട് പോവുകയും ചെയ്യും'
'ഡോക്ടർ തന്ന മരുന്ന് നമ്മൾ കഴിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ആ സമയത്ത് കഴിക്കാൻ പാകത്തിലുള്ള ഭക്ഷണമെന്തോ അതുണ്ടാക്കി പതിവായി കൊടുത്തയക്കുകയും ചെയ്യുമായിരുന്നു'

'അടൂർ ഭാസി വികാരാധീനനായി പറയാറുള്ള സത്യമുണ്ട്. ജീവിതത്തിൽ അരക്ഷിതാവസ്ഥ വല്ലാതെ അലട്ടുവാൻ തുടങ്ങിയ സമയം ഒരിടത്തും താൻ സുരക്ഷിതനല്ല, എല്ലാവർക്കും സ്നേഹം തന്റെ പണത്തോട് മാത്രമാണെന്ന ദുരന്ത ദുശങ്ക വേട്ടയാടുന്ന നാളുകളിൽ, സ്വന്തം സഹോദരന്റെ വീട്ടിൽ നിന്നും ഉണ്ടാക്കിക്കൊണ്ട് വരുന്ന ഭക്ഷണം കഴിക്കാൻ ഭയപ്പെട്ടിരുന്ന നാളുകളിൽ മൂന്ന് നേരവും ഭവനത്തിലേക്ക് ഭക്ഷണമെത്തിച്ച് തന്നിരുന്നത് സുകുമാരിയാണെന്ന്'
'സുകുമാരിയുടെ വീട്ടിൽ നിന്ന് കൊണ്ട് വരുന്ന ഭക്ഷണത്തെ പൂർണ വിശ്വാസത്തോടെ കഴിക്കാൻ തനിക്ക് വലിയ ധൈര്യമായിരുന്നു എന്ന് അടൂർ ഭാസി പറയാറുണ്ടായിരുന്നു. ആ സ്ത്രീയുമായി അടുത്തിടപഴകിയ എല്ലാവർക്കും തന്നെ ഇത്തരത്തിലുള്ള സ്നേഹ വാത്സല്യത്തിന്റെ ഓർമ്മകളുണ്ട്,' ജോൺ പറഞ്ഞതിങ്ങനെ.


Click it and Unblock the Notifications











