ഭരതന്റെ കുടുംബത്തിന്റെ ഭദ്രത; ശ്രീവിദ്യയും കെപിഎസി ലളിതയും സുഹൃത്തുക്കളായി തുടരാൻ കാരണം; ജോൺ പോൾ പറഞ്ഞത്
മലയാളികൾക്ക് മറക്കാനാകാത്ത നടിയാണ് അന്തരിച്ച ശ്രീവിദ്യ. തമിഴ്നാട്ടുകാരിയാണെങ്കിലും മലയാളികൾക്ക് പ്രത്യേക മമത ശ്രീവിദ്യയോടുണ്ടായിരുന്നു. നായികയായി തിളങ്ങിയ ശ്രീവിദ്യ പിൽക്കാലത്ത് സഹനടീ വേഷങ്ങളിലേക്ക് മാറി. അമ്മ വേഷങ്ങളിൽ നിരവധി സിനിമകളിൽ ശ്രീവിദ്യ അഭിനയിച്ചു. ജീവിതത്തിൽ പല ഘട്ടങ്ങൾ ശ്രീവിദ്യ കണ്ടതാണ്. വിഷമകരമായ ഘട്ടങ്ങളിലും ശ്രീവിദ്യ മുന്നോട്ട് നീങ്ങി. പ്രണയത്തകർച്ചകൾ ഒന്നിലേറെ തവണ ശ്രീവിദ്യക്കുണ്ടായി. വിവാഹബന്ധവും വേർപിരിയലിൽ അവസാനിച്ചു.
സംവിധായകൻ ഭരതനും നടൻ കമൽ ഹാസനുമായി ശ്രീവിദ്യക്കുണ്ടായിരുന്ന പ്രണയ ബന്ധം സിനിമാ ലോകത്ത് പരസ്യമാണ്. ശ്രീവിദ്യയുടെ പ്രണയങ്ങളെക്കുറിച്ച് അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോൾ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സഫാരി ടിവിയിൽ സംസാരിക്കവെയാണ് ജോൺ പോൾ നടിയെക്കുറിച്ച് സംസാരിച്ചത്.

ആരോടെങ്കിലും ആദരവ് കലർന്ന സ്നേഹം തോന്നിയാലോ, ഒരു സൗഹൃദത്തിന്റെ ശീതളിമ തനിക്ക് സ്വാന്തനമാകുന്നു എന്ന് തിരിച്ചറിഞ്ഞാൽ അത്തരം ആഭിമുഖ്യങ്ങളെ പ്രണയമായി മാത്രം പ്രകടിപ്പിക്കാൻ കഴിഞ്ഞ ജന്മമായിരുന്നു ശ്രീവിദ്യയുടേതെന്ന് ജോൺ പോൾ അന്ന് തുറന്ന് പറഞ്ഞു. ശ്രീവിദ്യ ഏറ്റവും കൂടുതൽ സ്നേഹിച്ചത് കമൽ ഹാസനെയായിരുന്നില്ല, സംവിധായകൻ ഭരതനെയായിരുന്നെന്നും ജോൺ പോൾ വ്യക്തമാക്കി.
ഭരതൻ കെപിഎസി ലളിതയുമായി വിവാഹ ജീവിതത്തിലേക്ക് കടന്നതിന് ശേഷവും ഈ ബന്ധം തുടർന്നിരുന്നു. ഇതേക്കുറിച്ചും ജോൺ പോൾ സംസാരിച്ചു. ഒരിക്കലും ഒരു ദാമ്പത്യത്തിന്റെ സാഫല്യത്തിലേക്ക് എത്താനുള്ളതല്ല തങ്ങൾ തമ്മിലുള്ള ആഭിമുഖ്യം എന്നറിഞ്ഞ് കൊണ്ട് പ്രണയത്തിന്റെ ഫലം പ്രണയം മാത്രമെന്ന് തിരിച്ചറിഞ്ഞ് അന്യോനം പ്രണയ വർഷം ചൊരിഞ്ഞവരായിരുന്നു ഭരതനും ശ്രീവിദ്യയും. ഭരതന്റെ ജീവിതത്തിന്റെ പങ്കാളി ലളിതയാണെന്നും ആ കുഞ്ഞുങ്ങൾക്ക് അമ്മ ലളിതയാണെന്നും അവരുടെ ജീവിതത്തിന്റെ ഭദ്രതയാണ് ഭരതന്റെ ഊർജത്തിന്റെ ശ്രോതസ്സെന്നും ഏറ്റവും കൂടുതൽ തിരിച്ചറിഞ്ഞത് ശ്രീവിദ്യ തന്നെയാണ്.

അതുകൊണ്ട് തന്നെയാണ് ലളിതയും വിദ്യയും നല്ല ചങ്ങാതിമാരായി തീർന്നത്. കൃഷ്ണമൂർത്തി എന്ന അഭിനേതാവിന്റെയും ഭാര്യ ഗായിക എംഎൽ വസന്തകുമാരിയുടെയും മകളായാണ് ശ്രീവിദ്യ ജനിക്കുന്നത്. ശ്രീവിദ്യയുടെ കുട്ടിക്കാലത്ത് തന്നെ അസുഖങ്ങളാൽ കൃഷ്ണമൂർത്തി അഭിനയ രംഗത്ത് നിന്നും മാറിയിട്ടുണ്ട്. പിന്നീട് ആ കുടുംബത്തിന്റെ ഏക സാമ്പത്തിക ആശ്രയം എംഎൽ സംഗീത കച്ചേരികളായിരുന്നു. തിരക്കുകൾ കാരണം അമ്മയ്ക്ക് തന്നെ മുലയൂട്ടുവാൻ പോലും പലപ്പോഴും സമയം കിട്ടിയിട്ടില്ലെന്ന് ശ്രീവിദ്യ പറഞ്ഞിട്ടുണ്ടെന്നും ജോൺ പോൾ അന്ന് വ്യക്തമാക്കി.
അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ലഭിക്കണമെന്ന് ശ്രീവിദ്യ എന്നും ആഗ്രഹിച്ചിരുന്നെന്നും തിരക്കഥാകൃത്ത് തുറന്ന് പറഞ്ഞു. ശ്രീവിദ്യയുടെ ജീവിതത്തിലെ അവസാന നാളുകൾ ദുഖവും ദുരിതപൂർണവുമായിരുന്നു. കാൻസർ അവരെ വല്ലാതെ പീഡിപ്പിച്ചിരുന്നു. അവസാന നാളുകൾ തിരുവനന്തപുരത്താണ് കഴിഞ്ഞത്. അവരെ ഒരുപാട് പേർ ഇഷ്ടപ്പെട്ടിരുന്നു.
എന്നാൽ അവരുടേത് എന്ന് പറയാൻ ആരും ബാക്കിയുണ്ടായിരുന്നില്ല. സ്വന്തം കുടുംബക്കാർ പോലും ദൂരെ നിന്ന് കാണുന്ന കാഴ്ചക്കാരായി. അവർക്ക് അവർ മാത്രമാണുണ്ടായിരുന്നത്. അഭിനയിക്കാനും സ്നേഹിക്കാനുമായാണ് ശ്രീവിദ്യ ജനിച്ചതെന്നും ജോൺ പോൾ പറഞ്ഞു. 2006 ഒക്ടോബർ 19 നാണ് ശ്രീവിദ്യ മരിച്ചത്. വർഷങ്ങൾക്കിപ്പുറവും ശ്രീവിദ്യ പ്രേക്ഷകരുടെ മനസിൽ നിറഞ്ഞ് നിൽക്കുന്നു. ശ്രീവിദ്യയെക്കുറിച്ചുള്ള ഓർമ്മകൾ ഇപ്പോഴും സഹപ്രവർത്തകർ പങ്കുവെക്കാറുണ്ട്. സിനിമാ ലോകത്ത് നിരവധി സുഹൃത്തുക്കൾ ശ്രീവിദ്യക്കുണ്ടായിരുന്നു.


Click it and Unblock the Notifications











