മണിയെ വാഴ്ത്താനല്ല ഞാൻ വന്നത്; സുഹൃത്തുക്കൾ നടനോട് ചെയ്തത്; അവസാന കാലത്ത് ഡിപ്രഷൻ; ജോൺ പോൾ പറഞ്ഞത്
കുറച്ച് ദിവസങ്ങൾ മുമ്പാണ് കലാഭവൻ മണിയുടെ മരണത്തെക്കുറിച്ച് അന്വേഷണത്തിന്റെ ഭാഗമായ ഉണ്ണിരാജൻ ഐപിഎസ് വെളിപ്പെടുത്തലുകൾ നടത്തിയത്. പ്രമേഹവും കരൾ രോഗവും വകവെക്കാതെ അനിയന്ത്രിതമായി ബിയർ കഴിച്ചതാണ് മരണത്തിന് കാരണമായതെന്ന് ഇദ്ദേഹം തുറന്ന് പറഞ്ഞു. പരാമർശം വലിയ തോതിൽ ചർച്ചയായി. മികച്ച കലാകാരനായിട്ടും മണിക്ക് ജീവിതത്തിൽ സംഭവിച്ച പാളിച്ചകൾ ഏവരും ചൂണ്ടിക്കാട്ടി. മദ്യപാനവും സുഹൃദ്വലയങ്ങളുമാണ് മണിയുടെ ജീവിതത്തെയും കരിയറിനെയും ബാധിച്ചത്.
ഇതേക്കുറിച്ച് അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോൾ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സഫാരി ടിവിയാണ് ഇദ്ദേഹം തുറന്ന വിമർശനം നടത്തിയത്. കരിയറിൽ വളരാത്തതിൽ മണിയുടെ വിദ്യാഭ്യാസ പരിമിതികൾ പലരും ചൂണ്ടിക്കാണിച്ചു. മണിയേക്കാൾ കൂടുതൽ വിദ്യാഭ്യാസമൊന്നും ഇന്ത്യൻ സിനിമയിലെ മഹാനടൻ എന്ന ഖ്യാതി നേടിയ കൊട്ടാരക്കര ശ്രീധരൻ നായർക്കും ഉണ്ടായില്ല.

പക്ഷെ നമ്മളെ വിസ്മയിപ്പിച്ച എത്രയോ അഭിനയ മുഹൂർത്തങ്ങൾ അദ്ദേഹം സമ്മാനിച്ചെന്നും ജോൺപോൾ ചൂണ്ടിക്കാട്ടി. മണിക്കും അത് കഴിയുമായിരുന്നു. മഹാനായ കലാകാരനായി വരാനുള്ള എല്ലാ അളവുമാത്രകളും അദ്ദേഹത്തിലുണ്ടായിരുന്നു. പക്ഷെ അവയെ തേച്ച് മിനുക്കി എടുക്കുന്നതിൽ എത്രത്തോളം സമർപ്പിതമായി എന്ന ചോദ്യമുണ്ടെന്നും ജോൺ പോൾ അന്ന് അഭിപ്രായപ്പെട്ടു.
അദ്ദേഹത്തിന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ നിലയ്ക്കാത്ത മണി മുഴക്കം എന്ന പേരിൽ ചില അനുസമരണങ്ങൾ നടത്തുകയുണ്ടായി. മൂന്നോ നാലോ സ്ഥലത്തേക്ക് എന്നെയും ക്ഷണിച്ചിരുന്നു. അവിടെ ചെന്നപ്പോഴെല്ലാം എനിക്ക് പറയാനുണ്ടായിരുന്നത് നിങ്ങൾ വാഴ്ത്തുന്ന മണിയെക്കുറിച്ച് കൂടുതൽ വാഴ്ത്താനല്ല ഞാൻ വന്നത്. ജീവിച്ചിരിക്കുമ്പോഴും മരണാനന്തരവും മണിയോട് പരിഭവമുള്ള മനസുമായാണ് ഞാൻ നിൽക്കുന്നത്. അതിന്റെ ഏക കാരണം മണി മണിയോട് കാണിക്കേണ്ടിയിരുന്ന ആത്മസമർപ്പണം വേണ്ടവിധം കാണിച്ചില്ല എന്നാണ്.

അതൊരിക്കലും മണിയെ അവമതിച്ച് കണ്ടതല്ല. അഭിനയമെന്ന വരത്തെ പരിപോഷിപ്പിക്കാൻ ലൗകിക സുഖങ്ങളിൽ ചിലത് ത്വജിക്കേണ്ടി വരും. എല്ലാത്തിൽ നിന്നും ഒഴിഞ്ഞ് ആൾക്കൂട്ടത്തിൽ നിന്നും മാറി നിൽക്കണം എന്നല്ല. പക്ഷെ ഞാനേറ്റെടുത്തത് ദിവ്യമായ ദൗത്യമാണെന്ന ഒരു ഉൾ തെളിവ് നമ്മുടെ മനസിലുണ്ടാകണം. അതിന് വേണ്ടി നമ്മുടെ ആഘോഷങ്ങളെ ഉത്സവങ്ങളാക്കുന്ന പതിവ് രീതികളെ ത്വജിച്ച് കൊണ്ട് ഏത് മേഖലയിലാണോ ആത്മാവിനെ പ്രകാശിപ്പിക്കുന്നത് അതിന് വേണ്ടി സ്വയം സമർപ്പിക്കണം.
ചങ്ങാതിക്കൂട്ടത്തിനൊപ്പം തന്റെ ഒഴിവ് വേളകൾ ഉത്സവമേളകളാക്കുന്നതിനിടയിൽ മണിക്ക് അതിനെത്ര മാത്രം സാധിച്ചു എന്നത് ഒരു ചോദ്യ ചിഹ്നമാണ്. അംഗീകാരവും ജനപ്രീതിയും പ്രശസ്തിയും ലഭിച്ചപ്പോൾ കലാകാരന്റെ സമർപ്പണത്തെക്കുറിച്ച് മണി തിരിച്ചറിഞ്ഞില്ലെന്നും ജോൺ പോൾ ചൂണ്ടിക്കാട്ടി. നാടൻപാട്ടുകൾക്കപ്പുറം പാരഡി ഗാനങ്ങളിലൂടെയാണ് മണി അറിയപ്പെട്ടതെന്നും ജോൺ പോൾ അന്ന് വ്യക്തമാക്കി.
ചങ്ങാതികൾ എന്ന് മണി ധരിച്ച അകമ്പടി വൃന്ദത്തിന്റെ കൂടെ രണ്ടറ്റവും കത്തിച്ച് വെച്ച തിരി പോലെ എരിഞ്ഞ് തീരാനായിരുന്നു മണിയുടെ കലാജീവിതത്തിന്റെ രണ്ടാം പാദത്തിന്റെ ഊഴം. വ്യത്യസ്തമായൊരു കഥാപാത്രമായിരുന്നു, മണി ചെയ്താൽ നന്നായിരിക്കും എന്ന് തോന്നിയാൽ മണിയുടെ അടുത്ത് എത്താൻ പോലും പല ചങ്ങാതിക്കൂട്ടങ്ങളും അനുവദിച്ചില്ലെന്ന് പല സംവിധായകരും തിരക്കഥാകൃത്തുകളും പറഞ്ഞിട്ടുണ്ട്. കാരണം അവിടെ ഉത്സവ രാവുകളും ആഘോഷത്തിമർപ്പുകളുമായിരുന്നു.
അവസാന നാളുകളിൽ മണി വല്ലാതെ ഡിപ്രഷൻ ഉണ്ടായിരുന്നെന്നാണ് ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞത്. അസ്വസ്ഥത അല്ലാതെ വല്ലാതെ വേട്ടയാടിയിരുന്നു. അഭിനയിക്കാനുള്ള അവസരങ്ങൾ ഇല്ലാതായിരുന്നില്ല. സാമ്പത്തികമായ പരാധീനതകൾ ഉണ്ടായിരുന്നില്ല. ഇതിനെല്ലാമപ്പുറത്ത് അസ്വസ്ഥ തോന്നണമെങ്കിൽ അദ്ദേഹം സ്വയം പ്രവേശിച്ച ചില സാഹചര്യങ്ങൾ കാരണമായിരിക്കുമെന്നും ജോൺ പോൺ അന്ന് അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications