ഒന്നും നോക്കേണ്ട അടിച്ചോയെന്ന് ലിജോ; ഫൈറ്റ് സീനിൽ ശരിക്കും അടിയായി; അങ്കമാലി ഡയറീസിന് പിന്നിൽ
സിനിമാ പ്രേക്ഷകർക്ക് മറക്കാനാകാത്ത ചിത്രമാണ് 2017 ൽ പുറത്തിറങ്ങിയ അങ്കമാലി ഡയറീസ്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിൽ വഴിത്തിരിവായ സിനിമ പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യാനുഭവമായിരുന്നു. ആന്റണി വർഗീസ് പെപെ, അപ്പാനി ശരത്ത് തുടങ്ങിയവർ പ്രധാന വേഷം ചെയ്ത സിനിമ മികച്ച വിജയം നേടി. ഇരുവരുടെയും തകർപ്പൻ പ്രകടനമാണ് ചിത്രത്തിൽ കണ്ടത്. ആന്റണി വർഗീസ് പെപെയുടെ അരങ്ങേറ്റ സിനിമയായിരുന്നു അങ്കമാലി ഡയറീസ്. തുടക്കം നടൻ ഗംഭീരമാക്കി.
അങ്കമാലി ഡയറീസിന്റെ ഷൂട്ടിംഗ് ഓർമ്മകൾ പങ്കുവെക്കുകയാണ് സിനിമയിൽ ലൈൻ പ്രൊഡ്യൂസറായി പ്രവർത്തിച്ച ആൻസൺ ആന്റണി. ലിജോ ജോസ് പെല്ലിശേരിയുടെ കസിൻ കൂടിയാണ് ഇദ്ദേഹം. സഫാരി ടിവിയിലാണ് ഇദ്ദേഹം ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവെച്ചത്. അങ്കമാലി ഡയറീസിലെ കാസ്റ്റിംഗിനെക്കുറിച്ചും ഫൈറ്റ് സീനുകളെക്കുറിച്ചും ആൻസൺ സംസാരിക്കുന്നുണ്ട്. പെപ്പെയെ ഒരു ഷോർട്ട് ഫിലിം കണ്ട് അതിൽ നിന്ന് തെരഞ്ഞെടുത്തതാണ്. ലിച്ചി നഴ്സായിരുന്നു. ആശുപത്രിയുടെ പരസ്യങ്ങളിൽ ലിച്ചിയുടെ ഫോട്ടോയുണ്ട്. ലിജോയ്ക്ക് ഇത് കണ്ട് ഇഷ്ടപ്പെട്ടു.

വിജയ് ബാബു വഴിയാണ് ലിച്ചിയെ ഈ സിനിമയിലേക്ക് കൊണ്ടുവരുന്നത്. കാലടി ശിവശങ്കര യൂണിവേഴ്സിറ്റിയിൽ ഓഡിഷൻ നടത്തിയാണ് അപ്പാനി ശരത്തിനെ തെരഞ്ഞെടുക്കുന്നത്. ബാക്കിയുള്ള മിക്കവരും സുഹൃത്തുക്കളായിരുന്നെന്ന് ആൻസൺ പറയുന്നു. ഹോട്ടലിൽ എല്ലാവരെയും വിളിച്ച് വരുത്തി സ്ക്രിപ്റ്റ് റീഡ് ചെയ്യാൻ നോക്കും.
സ്ക്രിപ്റ്റ് റീഡ് ചെയ്യുന്ന സമയത്താണ് ഞാൻ കഥ മുഴുവനായും അറിയുന്നത്. റീഡിംഗ് കഴിഞ്ഞ ശേഷം നാലഞ്ച് ദിവസത്തെ ആക്ടിംഗ് ക്ലാസ് ഉണ്ടായിരുന്നു. പിന്നീടാണ് ഷൂട്ട് തുടങ്ങിയതെന്നുും ഇദ്ദേഹം ഓർത്തു. ഫൈറ്റ് സീനുകളിൽ എല്ലാവർക്കും ഫൈറ്റ് അറിയില്ല. പുതുമുഖങ്ങളാണ്. എന്റെ ജമ്മിലെ പിള്ളേരും കോളേജിലെ പിള്ളേരുമാണ് ജൂനിയർ ആർട്ടിസ്റ്റ്. നാട്ടിൽ അഭിനയിക്കാൻ താൽപര്യമുള്ള എല്ലാവരെയും നമ്മൾ വിളിച്ചിട്ടുണ്ട്. നിങ്ങൾ നോക്കേണ്ട, ശരിക്കും ഇടിച്ചോ എന്ന് ലിജോ പറഞ്ഞു. പിന്നെയങ്ങോട്ട് ഇടി തുടങ്ങി. ബാറിലെ സീനുകളൊക്കെ ഫൈറ്റ് മാസ്റ്റർ ജോണി മാസ്റ്റർ അഡ്ജസ്റ്റ് ചെയ്തു.

സിനിമയിൽ അപ്പാനി ശരത്ത് ചില കടകളിൽ കയറി അടിയുണ്ടാക്കുന്നുണ്ട്. ലൈവായാണ് ആ ഫൈറ്റുകൾ ഷൂട്ട് ചെയ്തത്. സിനിമയിൽ ഉപയോഗിച്ച വണ്ടികളെല്ലാം സുഹൃത്തുക്കളുടേതാണ്. ബഡ്ജറ്റ് കുറച്ചാണ് ചെയ്തത്. ഷാപ്പിൽ തല്ലുകൂടുന്ന സീനുണ്ട്. അങ്കമാലിയിലെ പ്രശസ്തമായി ഷാപ്പാണത്. രാവിലെ വന്ന് ഷൂട്ട് ചെയ്ത് ഫ്രീയാക്കി തരണം എന്ന് അവർ പറഞ്ഞു. അത് കഴിഞ്ഞാൽ ഷാപ്പിൽ ആളുകൾ വരും.
ഞങ്ങൾ ഓക്കെ പറഞ്ഞു. രാവിലെ കള്ള് കുടിക്കാൻ വരുന്ന അപ്പാപ്പൻമാരുണ്ട്. അവർ വന്ന് അവിടെ ഇരിക്കാൻ തുടങ്ങി. അവരെ ജൂനിയർ ആർട്ടിസ്റ്റുകളായി ഇരുത്തി. ഷോട്ടിൽ ഞങ്ങൾ മോരും വെള്ളമാണ് കൊടുക്കുന്നത്. പക്ഷെ ഇവർക്ക് കള്ള് വേണം. രണ്ട് മൂന്ന് തവണ കഴിച്ചതോടെ ഇവർ പ്രശ്നമുണ്ടാക്കി. അങ്ങനെ ഞങ്ങൾ ആ വന്ന അപ്പാപ്പൻമാർക്ക് കള്ള് കൊടുത്തെന്നും ആൻസൺ ഓർത്തു. അങ്കമാലി ഡയറീസിൽ ആൻസണും ഒരു വേഷം ചെയ്തിട്ടുണ്ട്. നൻപകൽ നേരത്ത് മയക്കമാണ് ലിജോ ജോസ് പെല്ലിശേരിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications











