ഞങ്ങളുടെ വിവാഹ ജീവിതം മുന്നോട്ട് പോകുന്നതിന്റെ രഹസ്യം; ഏവരും എതിർത്ത ബന്ധത്തെക്കുറിച്ച് കജോൾ
ബോളിവുഡിലെ പ്രിയ താര ദമ്പതികളാണ് കജോളും അജയ് ദേവ്ഗണും. 1999 ൽ വിവാഹിതരായ ഇരുവരും സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നു. ബോളിവുഡിലെ താര റാണിയായിരിക്കെയാണ് കജോൾ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. വിവാഹ ശേഷം വർഷത്തിൽ ഒരു സിനിമ ചെയ്യാമെന്ന തീരുമാനവും കജോളെടുത്തു. തുടരെ മികച്ച അവസരങ്ങൾ ലഭിക്കുന്ന ഘട്ടത്തിൽ വിവാഹം തെറ്റായ തീരുമാനം ആണെന്ന് പലരും കജോളിനെ ഉപദേശിച്ചു. കുടുംബം പോലും ഈ ബന്ധത്തെ എതിർത്തു.
അജയ്നെ വിവാഹം ചെയ്യണമെന്ന് പറഞ്ഞപ്പോൾ നടിയുടെ പിതാവ് ഒരാഴ്ചയോളം കജോളിനോട് സംസാരിച്ചില്ല. ഇത്ര നേരത്തെ എന്തിനാണ് വിവാഹമെന്നാണ് അദ്ദേഹം ചോദിച്ചത്. അജയ് ദേവ്ഗണിനൊപ്പം കുടുംബ ജീവിതം നയിക്കാനാണ് താൻ താൽപര്യപ്പെടുന്നതെന്ന് കജോൾ വ്യക്തമാക്കി. ആഗ്രഹിച്ചത് പോലെ സന്തോഷകരമായ വിവാഹ ജീവിതം കജോൾ നയിച്ചു. തന്റെ സന്തുഷ്ടകരമായ കുടുംബ ജീവിതത്തിന്റെ കാരണം എന്തെന്ന് ഒരിക്കൽ കജോൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

വിവാഹത്തിന് മുമ്പ് നാല് വർഷം ഡേറ്റിംഗിലായിരുന്നു. വിവാഹ ശേഷവും സൗഹൃദം നിലനിന്നു. ഞാൻ ഒരുപാട് സംസാരിക്കുന്ന ആളാണ്. അജയ് നിശബ്ദനായി കേൾക്കും. ഞങ്ങളുടെ റിലേഷൻഷിപ്പിന്റെ രഹസ്യം അജയ് ഒരുപാട് സംസാരിക്കില്ല എന്നതാണെന്നു കജോൾ തമാശയോടെ പറഞ്ഞു. എന്നാൽ കജോൾ സംസാരിക്കാറുണ്ടെങ്കിലും താൻ ശ്രദ്ധിക്കാറില്ലെന്ന് അജയ് ദേവ്ഗൺ ഒരു അഭിമുഖത്തിൽ പറഞ്ഞു. കജോളുമായി പ്രണയത്തിലായതിനെക്കുറിച്ചും അജയ് ഒരിക്കൽ സംസാരിച്ചിട്ടുണ്ട്.
സിനിമാ സെറ്റുകളിലാണ് പരസ്പരം കണ്ടത്. വളരെ പെട്ടെന്ന് അടുത്തു. പ്രൊപ്പോസ് പോലും ചെയ്യാതെ ഡേറ്റിംഗ് തുടങ്ങി. പിന്നീട് വിവാഹിതരായെന്നും അജയ് ദേവ്ഗൺ വ്യക്തമാക്കി. പ്യാർ തോ ഹോനാ ഹി ഥാ, ഇഷ്ക്, ദിൽ ക്യാ കരേ, രാജു ചാച്ച തുടങ്ങിയ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 2020 ൽ പുറത്തിറങ്ങിയ താൻജി ദ അൺസങ് വാരിയർ എന്ന ചിത്രത്തിലാണ് താരങ്ങൾ അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.

അഭിനയ രംഗത്ത് കജോളും അജയ് ദേവ്ഗണും ഇപ്പോൾ സജീവമാണ്. ഒരു വർഷം ഒന്നിലേറെ സിനിമകൾ കജോൾ ഇപ്പോൾ ചെയ്യുന്നുണ്ട്. നൈസ, യുഗ് എന്നിവരാണ് അജയുടെയും കജോളിന്റെയും മക്കൾ. കുടുംബ ജീവിതത്തിനും കരിയറിനും കജോൾ ഇന്ന് തുല്യ പ്രാധാന്യം നൽകുന്നു. വിവാഹ ശേഷവും അജയ് ദേവ്ഗണിനെക്കുറിച്ച് നിരവധി ഗോസിപ്പുകൾ വന്നിട്ടുണ്ട്. ഇതേക്കുറിച്ച് ഒരിക്കൽ കജോൾ പ്രതികരിക്കുകയുണ്ടായി.
ഗോസിപ്പുകളെ താൻ അവഗണിക്കാറാണ് പതിവെന്ന് കജോൾ അന്ന് വ്യക്തമാക്കി.അഭ്യൂഹങ്ങൾ ഞാൻ വിശ്വസിക്കുന്നില്ല. കാരണം സിനിമാ രംഗം എങ്ങനെയാണെന്ന് എനിക്കറിയാം. അടിസ്ഥാന വിശ്വാസം ഇല്ലാതെ വിവാഹ ജീവിതം തുടരാനാകില്ല. ഇത്തരം സംസാരങ്ങളെ താൻ കാര്യമാക്കുന്നില്ലെന്നും കജോൾ വ്യക്തമാക്കി. ശൈത്താൻ ആണ് അജയ് ദേവ്ഗണിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രം മികച്ച വിജയം നേടി.


Click it and Unblock the Notifications