അച്ഛന്റെ കൂലി ചോദിച്ചിട്ട് സ്ഥലമുടമ കാെടുത്തില്ല; അച്ഛനും അമ്മയും പണിയെടുത്ത സ്ഥലം വാങ്ങി പകരം വീട്ടിയ മണി
തന്റെ കഷ്ടപ്പാടുകൾ നിറഞ്ഞ പഴയ കാലത്തെക്കുറിച്ച് സംസാരിക്കാൻ മണി മടി കാണിച്ചിരുന്നില്ല.
നടൻ കലാഭവൻ മണി മരിച്ചിട്ട് ഏഴ് വർഷങ്ങൾ പൂർത്തിയായിരിക്കുകയാണ്. മണിയുടെ വിയോഗം വർഷങ്ങൾക്കിപ്പുറവും സിനിമാ ലോകത്ത് ചർച്ചയാവാറുണ്ട്. നടൻ, ഗായകൻ, സ്റ്റേജ് പെർഫോമർ തുടങ്ങി വിവിധ മേഖലകളിൽ മണിക്ക് ശോഭിക്കാൻ കഴിഞ്ഞു. കേരളത്തിൽ നാടൻ പാട്ടുകൾക്ക് ഇത്രയും ജന സ്വീകാര്യത നേടിക്കൊടുത്ത വ്യക്തി കലാഭവൻ മണിയാണ്.
ജീവിതത്തിലെ വിഷമങ്ങളും കഷ്ടപ്പാടുകളുമെല്ലാം മണി തന്റെ പാട്ടുകളിൽ ഉൾപ്പെടുത്തി. മലയാളത്തിന് പുറമെ തമിഴിലും സജീവ സാന്നിധ്യമാവാൻ മണിക്ക് കഴിഞ്ഞു. വില്ലൻ വേഷങ്ങളാണ് മണി തമിഴിൽ ചെയ്തതിൽ കൂടുതലും.
ജീവിച്ചിരുന്നെങ്കിൽ ഒരുപക്ഷെ മണിയിലെ കലാകാരനെ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുക ഇന്നത്തെ സിനിമാ ലോകമായിരുന്നെന്ന് പലരും അഭിപ്രായപ്പെടുന്നു. കരുമാടിക്കുട്ടൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, അനന്തഭദ്രം, ആമേൻ, അയാളും ഞാനും തമ്മിൽ തുടങ്ങി ഒട്ടനവധി സിനിമകളിൽ മണി തിളങ്ങി. സിനിമകളിലെ താരത്തിളക്കത്തിൽ നിൽക്കുമ്പോഴും തന്റെ പഴയകാലം മണി ഒരിക്കലും മറന്നിരുന്നില്ല.

കഷ്ടപ്പാടുകളുടെ ആ കാലത്തെക്കുറിച്ച് നടൻ നിരവധി തവണ സംസാരിച്ചിട്ടുമുണ്ട്. ദാരിദ്ര്യം നിറഞ്ഞ തന്റെ കുട്ടിക്കാലത്തെക്കുറിച്ച് പല വേദികളിൽ നടൻ തുറന്ന് പറഞ്ഞു. ഒരിക്കലും അതൊന്നും മറക്കാൻ പറ്റില്ലെന്നാണ് നടൻ മുമ്പൊരിക്കൽ വ്യക്തമാക്കിയത്. കൈരളി ടിവിയിലെ ജെബി ജംഗ്ഷനിൽ അതിഥിയായെത്തിയപ്പോഴാണ് ഇതേക്കുറിച്ച് നടൻ സംസാരിച്ചത്.
അച്ഛനും അമ്മയും ജോലി ചെയ്ത പാടങ്ങളെല്ലാം പിന്നീട് താൻ സ്വന്തമായി വാങ്ങിയതിനെക്കുറിച്ച് നടൻ ഈ ഷോയിൽ സംസാരിച്ചിരുന്നു. സ്ഥലമുട തന്നോട് ചെറുപ്പത്തിൽ കാണിച്ച അവഗണ ഒരിക്കലും മറന്നിട്ടില്ലെന്നും അന്ന് കലാഭവൻ മണി വ്യക്തമാക്കി.

'പഴയ കാര്യങ്ങൾ മറക്കാൻ സാധിക്കില്ല. അച്ഛനും അമ്മയും ജോലി ചെയ്ത സ്ഥലമാെക്കെ ഞാൻ മേടിച്ചു. മധുരമായ പ്രതികാരമായിരുന്നു. അച്ഛൻ പണിയെടുക്കുന്ന സ്ഥലത്ത് അഞ്ച് രൂപ പുസ്തകം മേടിക്കാൻ പോയപ്പോൾ അവർ തന്നില്ല. വൈകുന്നേരം അഞ്ച് മണിയാവുമ്പോൾ അച്ഛന് കൂലി തരും'
'അത് വരെ മാറി നിൽക്കാൻ പറഞ്ഞു. ഞാൻ കൃത്യമായി പോവുകയും ചെയ്തു. ആ സ്ഥലമാെക്കെ ഞാൻ മേടിച്ചു. സ്ഥലം ആധാരമാക്കുന്നതിലല്ല കാര്യം. അതിൽ എത്രയോ പേർ ജോലി ചെയ്യുന്നുണ്ട്'
'ഞാൻ മണൽ വാരാൻ പോയിട്ടുണ്ട്, വിറക് കീറാൻ പോയി, വഞ്ചി കുത്താൻ പോയിട്ടുണ്ട്. പതിനഞ്ച് പൈസയാണ് വഞ്ചി കുത്താൻ പോയാൽ കിട്ടുക. വേലുപ്പള്ളി അമ്പലമുണ്ട് ചാലക്കുടിയിൽ. ആ അമ്പലത്തിൽ ഉത്സവത്തിന് കട്ടൻ കാപ്പി വിൽക്കാൻ പോയിട്ട് ആരും മേടിക്കുന്നില്ല'
'ഇതിനിടയിൽ ഒരാൾ ചായയുടെ പൈപ്പ് തിരിച്ചു. ഞാനറിഞ്ഞില്ല. ആളുകളുടെ മുഖത്ത് ചായ വീണു. പൊരിഞ്ഞ അടി കിട്ടി. അത് കഴിഞ്ഞ് ഞാൻ പോയി ഭക്ഷണം കഴിച്ചത് ആനക്കാർക്ക് ഭക്ഷണം കൊടുക്കുന്ന സ്ഥലത്താണ്. തുണിക്കച്ചവടം ഉണ്ടായിരുന്നു,' മണി പറഞ്ഞതിങ്ങനെ.
കലാഭവന്റെ വേദികളിൽ നിന്നാണ് മണി പിന്നീട് സിനിമയിലേക്ക് കയറുന്നത്. അക്ഷരം ആയിരുന്നു ആദ്യ സിനിമ. ശ്രദ്ധേയ വേഷം ചെയ്യുന്നത് സല്ലാപത്തിലാണ്. മഞ്ജു വാര്യർ, ദിലീപ് എന്നിവരും കരിയറിൽ ശ്രദ്ധിക്കപ്പെടുന്നത് ഈ സിനിമയിലൂടെയാണ്.
കലാഭവൻ മണി എല്ലാക്കാലത്തും സിനിമാ ലോകത്ത് പ്രിയപ്പെട്ടവനായിരുന്നു. സൂപ്പർ സ്റ്റാറുകളുമായും വരെ അടുതത സൗഹൃദം മണിക്കുണ്ടായിരുന്നു. അതിനാൽ തന്നെ മണിയുടെ വിയോഗത്തിൽ സിനിമാ ലോകം ഒന്നടങ്കം ദുഃഖിച്ചു.


Click it and Unblock the Notifications