ഒരുപാട് ശ്രമിച്ചതാണ്; ഞങ്ങൾ സംസാരിച്ചിട്ട് പോലുമില്ല; വിവാഹമോചനത്തെക്കുറിച്ച് കൽപ്പന പറഞ്ഞത്
മലയാളികൾക്ക് മറക്കാൻ പറ്റാത്ത നടിയാണ് കൽപ്പന. വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ട ഒരുപിടി കഥാപാത്രങ്ങൾ ചെയ്യാൻ കൽപ്പനയ്ക്ക് സാധിച്ചു. കോമഡി റോളുകളാണ് മലയാളത്തിൽ തുടക്ക കാലത്ത് ചെയ്തതെങ്കിലും പിന്നീട് പ്രേക്ഷകരെ കരയിപ്പിച്ച സിനിമകളും കൽപ്പനയ്ക്ക് ലഭിച്ചു. വൈകാരിക രംഗങ്ങളിൽ കൽപ്പന പ്രേക്ഷകരെ വിസ്മയിപ്പിച്ചു. കൽപ്പനയുടെ വ്യക്തി ജീവിതം ഒരു കാലത്ത് വാർത്താ പ്രാധാന്യം നേടിയിട്ടുണ്ട്.
സംവിധായകൻ അനിൽ കുമാറിനെയാണ് കൽപ്പന വിവാഹം ചെയ്തത്. 1998 ൽ വിവാഹിതരായ ഇരുവരും 2012 ൽ വേർപിരിഞ്ഞു. വിവാഹമോചനത്തെക്കുറിച്ച് കൽപ്പന തുറന്ന് സംസാരിച്ചിട്ടുണ്ട്. വേർപിരിയലിൽ ആരെയും പഴിക്കാൻ കൽപ്പന തയ്യാറായിരുന്നില്ല. വേർപിരിഞ്ഞതിനെക്കുറിച്ച് കൽപ്പന മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഞങ്ങൾ തമ്മിൽ സൗഹൃദമില്ലായിരുന്നു. ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ സംസാരിച്ചിട്ട് പോലുമില്ല. അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. അദ്ദേഹം ഒട്ടും സംസാരിക്കാറില്ല. ഞാൻ നന്നായിരിക്കും. അതായിരിക്കണം ആകർഷിച്ചത്. കാഴ്ചയിലൊക്കെ വ്യത്യസ്തരായിരുന്നെങ്കിലും ഒരുപാട് ചേർച്ചകൾ ഞങ്ങൾ തമ്മിലുണ്ടായിരുന്നു. ചേർച്ചകളൊക്കെ പയ്യെ അപ്രത്യക്ഷമായതല്ല. ഒരു പ്രത്യേക സാഹചര്യം വന്നപ്പോൾ ശരിയല്ലെന്ന് തോന്നി. അങ്ങനെയാെരു അകൽച്ചയേ വന്നിട്ടുള്ളൂ.
വിവാഹ ജീവിതം അവസാനിപ്പിച്ചതിൽ ദുഖമുണ്ട്. ഒരു പൂച്ചയെ വളർത്തിയിട്ട് അത് ചത്ത് പോയാലോ ഇറങ്ങിപ്പോയാലോ നമുക്ക് വിഷമം ഇല്ലേ. അപ്പോൾ ബന്ധങ്ങൾ പോകുന്നതിലും ദുഖമുണ്ട്. ഞാൻ ആദ്യം ചെയ്ത സിനിമകൾ അറംപറ്റിയത് പോലെയായി. കുടുംബം ചേർത്ത് നിർത്താൻ ഒരുപാട് ശ്രമിച്ചു. പക്ഷെ നമ്മൾ കുറേക്കാലം ഒന്നിച്ച് ജീവിച്ചിട്ട് അവർ ശരിയല്ല എന്ന് പറയുന്നതിന്റെ പേര് വേറെയാണ്. മറ്റൊരു വ്യക്തിയെ കുറ്റപ്പെടുത്തുന്ന ആളല്ല. കർമ്മം എന്നേ പറയൂ.

അമ്മയുടെ മുന്നിലേ ഞാൻ കരയൂ. അല്ലാതെ എനിക്ക് കരയാൻ പറ്റില്ല. പിന്നെ അമ്മയെക്കൂടി വിഷമിപ്പിക്കുന്നത് എന്തിനാണെന്ന് തോന്നിയെന്നും കൽപ്പന അന്ന് തുറന്ന് പറഞ്ഞു. കൈരളി ടിവിയിൽ സംസാരിക്കവെയാണ് കൽപ്പന അന്ന് മനസ് തുറന്നത്. ഗുരുതരമായ ആരോപണങ്ങളാണ് കൽപ്പനയ്ക്കെതിരെ മുൻ ഭർത്താവ് അനിൽ ഉന്നയിച്ചത്. ആശുപത്രിയിലായപ്പോൾ തന്നെ തിരിഞ്ഞ് നോക്കിയില്ലെന്നും അമ്മയുടെ തടവറയിലാണെന്നും അനിൽ കുറ്റപ്പെടുത്തുകയുണ്ടായി.
എന്നാൽ അന്ന് ഇതിനൊന്നും കൽപ്പന മറുപടി നൽകിയില്ല. ഇതേക്കുറിച്ചും കൽപ്പന അന്ന് സംസാരിച്ചു. വേണമെങ്കിൽ എനിക്കും ഉള്ളതും ഇല്ലാത്തതും പറയാം. പക്ഷെ പറയാൻ പാടില്ല. ഞങ്ങളുടെ കുടുംബം ആരെക്കുറിച്ചും പരദൂഷണം പറയാറില്ല. മറ്റൊരു വ്യക്തിയെക്കുറിച്ച് പറയാത്ത ഞാനാണോ 16 കൊല്ലം ഒരുമിച്ച് ജീവിച്ച അദ്ദേഹത്തെക്കുറിച്ച് പറയുന്നത്. എന്റെ കുട്ടിയുടെ അച്ഛനാണ് അദ്ദേഹമെന്നും കൽപ്പന അന്ന് ചൂണ്ടിക്കാട്ടി. ശ്രീമയി എന്നാണ് ഇരുവരുടെയും മകളുടെ പേര്. ശ്രീമയി ഇതിനകം സിനിമാ രംഗത്ത് സാന്നിധ്യമറിയിച്ചിട്ടുണ്ട്.
മുമ്പൊരിക്കൽ മറ്റൊരു അഭിമുഖത്തിലും കൽപ്പന വിവാഹബന്ധം പരാജയപ്പെട്ടതിനെക്കുറിച്ച് സംസാരിച്ചിരുന്നു. വിവാഹജീവിതം നല്ല രീതിയിൽ പോകാൻ നമ്മൾ വിചാരിച്ചാൽ മാത്രം പോരെ, ദൈവം കൂടി വിചാരിക്കണമെന്ന് അന്ന് കൽപ്പന വ്യക്തമാക്കി. നമ്മളുടെ കൈയിലാണെന്ന് മുമ്പ് എനിക്കും തോന്നിയിട്ടുണ്ട്. നമ്മുടെ മുകളിൽ ഒരാളുണ്ട്. എന്തൊക്കെ അടുപ്പിച്ച് കൊണ്ട് വന്നാലും വരേണ്ട സമയത്ത് വന്നിരിക്കുമെന്നും കൽപ്പന അന്ന് അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications