ഞാനെടുത്തോണ്ട് നടന്ന കുട്ടിയല്ലേ, മനുഷ്യന്റെ വെട്ടത്ത് വരില്ലായിരുന്നു; എനിക്ക് വിഷമം തോന്നിയ കാര്യം; കൽപ്പന
മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ ഉർവശിയെ അഭിനന്ദിച്ച് നിരവധി പേരാണ് കുറിപ്പുകളും കമന്റുകളും പങ്കുവെക്കുന്നത്. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ പ്രകടനമാണ് ഉർവശിയെ പുരസ്കാരത്തിന് അർഹയാക്കിയത്. ലീലാമ്മ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ഉർവശി എന്തുകൊണ്ടും ഈ പുരസ്കാരത്തിന് അർഹയാണെന്ന് പ്രേക്ഷകർ പറയുന്നു. ഇത് ആറാം തവണയാണ് ഉർവശിക്ക് മികച്ച നടിക്കുള്ള പുരസ്കാരം കേരളത്തിൽ നിന്ന് ലഭിക്കുന്നത്.
ഉർവശിയുടെ നേട്ടങ്ങളിൽ എന്നും സന്തോഷിച്ചത് സഹോദരി കൽപനയാണ്. മരിക്കുന്നത് വരെയും ഉർവശിയിലെ അഭിനയ പ്രതിഭയെക്കുറിച്ച് പല അഭിമുഖങ്ങളിലും കൽപ്പന വാചാലയായിട്ടുണ്ട്. 2012 ൽ പുറത്തിറങ്ങിയ തനിച്ചല്ല ഞാൻ എന്ന സിനിമയിലെ പ്രകടനത്തിന് കൽപ്പനയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. അന്നും തന്നേക്കാൾ മികച്ച നടി ഉർവശി തന്നെയാണെന്ന് കൽപ്പന ആവർത്തിച്ചു.

തനിച്ചല്ല ഞാൻ എന്ന സിനിമയിലേക്ക് അവസരം വന്നപ്പോൾ ഈ കഥാപാത്രത്തിന് പറ്റിയത് ഉർവശിയാണെന്നായിരുന്നു ആദ്യം കൽപ്പന പറഞ്ഞത്. ഇതേക്കുറിച്ച് ഒരിക്കൽ നടി വിശദീകരിച്ചിട്ടുണ്ട്. ഞാൻ പടം ചെയ്താൽ ഡിസ്ട്രിബ്യൂഷൻ ആവാൻ പാടാണ്. ആക്ടിംഗിൽ ഓക്കെയാണ്. പക്ഷെ ബിസിനസാവില്ല. ദേശീയ പുരസ്കാരം ലഭിച്ചെങ്കിലും ഉർവശിയേക്കാൾ മികച്ച രീതിയിൽ ചെയ്തെന്ന് തനിക്ക് തോന്നിയിട്ടില്ലെന്ന് കൽപ്പന പറഞ്ഞു. അവളുടെ വലിയ ഫാനാണ് ഞാൻ.
ഞാനെടുത്തോണ്ട് നടന്ന കുട്ടിയല്ലേ. മനുഷ്യന്റെ വെട്ടത്ത് വരാതെ ഒരാൾ ഒരു വാക്ക് ചോദിച്ചാൽ അപ്പോൾ കരയുന്ന കുട്ടിയായിരുന്നു. ആ അവളുടെ കൈയിൽ വിസ്മയിപ്പിക്കുന്ന പെർഫോമൻസാണുള്ളത്. ഇതൊരുപക്ഷെ അവളാണ് ചെയ്തതെങ്കിൽ ഏറ്റവും നല്ല നടിക്കുള്ള അവാർഡ് ആണ് അവൾക്ക് ലഭിക്കുക. സഹനടിക്കുള്ളതായിരിക്കില്ലെന്നും കൽപ്പന പറഞ്ഞു. തന്റെ കരിയർ ഗ്രാഫിനെക്കുറിച്ചും കൽപ്പന അന്ന് സംസാരിച്ചിട്ടുണ്ട്.

കോമഡി വേഷങ്ങളിൽ താൻ മുദ്ര കുത്തപ്പെട്ടു എന്ന് മനസിലായപ്പോൾ വലിയ വിഷമം തോന്നിയെന്ന് കൽപ്പന തുറന്ന് പറഞ്ഞു. കോമാളിയായി എന്ന് തോന്നിയപ്പോൾ എനിക്ക് ഭയങ്കര വിഷമം തോന്നി. എന്റെ വീട്ടിൽ രണ്ട് ഹീറോയിൻസാണുള്ളത്. കലാ രഞ്ജിനി തെന്നിന്ത്യയിലെ സൂപ്പർതാരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്.
ഉർവശി സൂപ്പർസ്റ്റാർ. ഞാൻ മാത്രമെന്താ ഈ വീട്ടിൽ കോമാളിയായോ എന്ന് തോന്നിയെന്നും കൽപ്പന അന്ന് വ്യക്തമാക്കി. മരിക്കുന്നതിന് കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് കൽപ്പനയ്ക്ക് മികച്ച കഥാപാത്രങ്ങൾ കിട്ടിത്തുടങ്ങിയത്. സീരിയസ് വേഷങ്ങൾ നടിക്ക് തുടരെ ലഭിച്ച് തുടങ്ങിയ കൽപ്പന സ്പിരിറ്റ്, ഇന്ത്യൻ റുപ്പി, ഡോൾഫിൻ, ചാർലി തുടങ്ങിയ സിനിമകളിൽ അവിസ്മരണീയ പ്രകടനം കാഴ്ച വെച്ചു.
2016 ൽ തന്റെ 50ാം വയസിലാണ് കൽപന മരിക്കുന്നത്. ഹൃദയാഘാതമായിരുന്നു മരണ കാരണം. വിട പറഞ്ഞിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും കൽപ്പനയെ മറക്കാൻ സിനിമാ പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല. കൽപ്പനയെക്കുറിച്ച് നേരത്തെ ഉർവശിയും സംസാരിച്ചിട്ടുണ്ട്. ചേച്ചിയുടെ നിഴലിലാണ് കുട്ടിക്കാലത്ത് താൻ വളർന്നതെന്നാണ് ഉർവശി പറഞ്ഞത്.


Click it and Unblock the Notifications