'കോവെെ സരളയുടെ ഡിമാന്റുകൾ; കല ചേച്ചിക്കൊപ്പമെത്തിയ കൽപ്പന; ഇതൊരു കര പറ്റിയിട്ടേ പോകുന്നുള്ളൂയെന്ന് നടി'
അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ തുടരെ ലഭിച്ച് കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് നടി കൽപ്പന അപ്രതീക്ഷിതമായി ലോകത്തോട് വിട പറഞ്ഞത്. കൽപ്പന ഇന്ന് ജീവിച്ചിരുന്നെങ്കിൽ നടിക്ക് ലഭിക്കേണ്ടിയിരുന്ന മികച്ച കഥാപാത്രങ്ങൾ ഏറെയാണ്. കോമഡി താരമായി മാത്രം ലേബൽ ചെയ്യപ്പെടുന്ന വിഷമം കൽപ്പനയ്ക്കുണ്ടായിരുന്നു. ഏറെക്കാലത്തിന് ശേഷമാണ് മികച്ച കഥാപാത്രങ്ങൾ കൽപ്പനയെ തേടി വന്നത്. കോമഡി വേഷങ്ങൾ ചെയ്യുന്ന കാലത്ത് കൽപ്പനയ്ക്ക് ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്നാണ് ബംഗ്ലാവിൽ ഔതയിലെ ചെമ്പരത്തി.
സിനിമ പരാജയപ്പെട്ടെങ്കിലും കൽപ്പനയുടെ പ്രകടനം ശ്രദ്ധ നേടി. കൽപ്പനയിലേക്ക് ഈ കഥാപത്രം എത്തിയതിനെക്കുറിച്ച് ബംഗ്ലാവിൽ ഔതയുടെ സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മുമ്പൊരിക്കൽ തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. സിനിമയിലേക്ക് കോവൈ സരളയെയാണ് ആദ്യം പരിഗണിച്ചതെന്ന് ശാന്തിവിള ദിനേശ് പറയുന്നു. കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോൾ പ്രമാദമായിരിക്ക് എന്നൊക്കെ പറഞ്ഞു.

പത്ത് ദിവസത്തെ ഡേറ്റാണ് വേണ്ടത്. പ്രതിഫലക്കാര്യം ചോദിച്ചപ്പോൾ പ്രൊഡക്ഷൻ മാനേജരോട് വിളിക്കാൻ പറഞ്ഞു. വിളിച്ചപ്പോൾ അവർ പറഞ്ഞ ഡിമാന്റ് രസമായിരുന്നു. ഒരു ദിവസത്തേക്ക് ഒരു ലക്ഷം രൂപ നൽകണം. പത്ത് ദിവസത്തെ പൈസ മുൻകൂട്ടി എത്തിക്കണം. അവരിടുന്ന കോസ്റ്റ്യൂമുകൾ അവർ കൊണ്ട് വരും. അതിന് ഒന്നരലക്ഷം രൂപ. വിഗിന് 50000 രൂപ. മേക്കപ്പ്മാനുും പിഎയും കുക്കുമെന്നൊക്കെ പറഞ്ഞ് ആറേഴ് പേരുണ്ട്. അവർക്കെല്ലാവർക്കും ഫ്ലെെറ്റ് ടിക്കറ്റ്. എല്ലാം കൂടി നോക്കിയപ്പോൾ മിനിമം 20 ലക്ഷം രൂപ ചെലവാകും. അങ്ങനെ അവരെ കോവൈ സരളയെ സിനിമയിൽ നിന്ന് ഒഴിവാക്കുകയായിരുന്നെന്ന് ശാന്തിവിള ദിനേശ് പറയുന്നു.
അടുത്തത് ആര് എന്ന ചോദ്യത്തിന് എന്റെ മനസിൽ ഒറ്റ ചോയ്സേ ഉള്ളൂ. അത് കൽപ്പനയാണ്. ഫോൺ റിംഗ് ചെയ്തപ്പോൾ തന്നെ ചാടിയെടുത്ത് ദിനേശ് ജീ പറയൂ എന്ന് പറഞ്ഞു. കോവ സരളയ്ക്ക് വെച്ചിരുന്ന വേഷമാണ്, അവരുമായി പൊരുത്തപ്പെടാത്തത് കൊണ്ടാണ് കൽപ്പനയെ വിളിക്കുന്നത്, നാളെ ഇത് അഭിനയിച്ച് കൊണ്ടിരിക്കുമ്പോൾ കോവെ സരളയ്ക്ക് വെച്ചിരുന്നതാണല്ലോ എന്നിട്ടാണോ എന്നെ വിളിച്ചതെന്ന് ചോദിക്കരുതെന്ന് പറഞ്ഞപ്പോൾ അത് കുഴപ്പമില്ലെന്ന് കൽപ്പന.

ഇതൊരു ലോ ബജറ്റ് സിനിമയാണ്. എത്രയാണ് പ്രതിഫലം എന്ന് ചോദിച്ചപ്പോൾ ദിനേശ് ജി എത്ര തരുമെന്ന് ചോദിച്ചു. പത്ത് ദിവസത്തേക്ക് എത്ര വേണ്ടിവരുമെന്ന് ഞാൻ. തിരുവനന്തപുരത്ത് ഹോട്ടൽ വിടുന്നതിന് മുമ്പ് ഇവിടെ ഒരാൾക്ക് 50000 രൂപ ഞാൻ കൊടുക്കണം. എന്റെ കൈയിൽ കാശില്ല. അതിന് എന്താണ് വഴി എന്നാലോചിക്കുമ്പോഴാണ് ദിനേശ് ജിയുടെ ഫോൺ വന്നത്. ആദ്യമായി ചെയ്യുന്ന പടമല്ലേ. പ്രതിഫലമൊന്നും ഒരുപാട് ചർച്ച ചെയ്യേണ്ട. ഇന്നൊരു 50000 രൂപ തന്നാൽ ഞാൻ ആ വേഷം ചെയ്യാമെന്ന് കൽപ്പന. 50000 രൂപയ്ക്കാണ് കൽപ്പന ബംഗ്ലാവിൽ ഔതയിൽ അഭിനയിച്ചതെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി.
ദിനേശ് ജി, കല ചേച്ചിക്ക് വർക്കൊന്നുമില്ല, വീട്ടിൽ വെറുതെ ഇരിക്കുകയാണ്, എന്തെങ്കിലും വേഷമുണ്ടെങ്കിൽ കല ചേച്ചിയെ കൂടെ ഓർക്കണം എന്ന് പറഞ്ഞു. ഓർക്കാനെന്തിരിക്കുന്നു ദേവൻ ചേട്ടന്റെ ഭാര്യയുടെ വേഷത്തിലേക്ക് കല ചേച്ചിയെ ഫിക്സ് ചെയ്തിരിക്കുന്നു എന്ന് ഞാൻ. രണ്ട് പേരുടെയും കോൾഷീറ്റ് രണ്ട് രീതിയിലാണ്. കൽപ്പനയ്ക്ക് ഷൂട്ടുള്ളപ്പോൾ കലാ രഞ്ജിനിക്കില്ല.
ഞങ്ങൾ രണ്ട് പേരും കൂടി ഒരുമിച്ച് വരാം. ഒരു റൂം തന്നാൽ മതിയെന്ന് കൽപ്പന വിളിച്ച് പറഞ്ഞു. ആറ് ദിവസം അഭിനയിക്കാൻ വന്ന കൽപ്പന 36 ദിവസവും അവിടെ നിന്നു. ഇതൊരു കര പറ്റിയിട്ടേ പോകുന്നുള്ളൂ എന്ന് പറഞ്ഞു. സഹോദരിയെ പോലെ സെറ്റിലെ കാര്യങ്ങളെല്ലാം കൽപ്പന നോക്കിയെന്നും ശാന്തിവിള ദിനേശ് ഓർത്തു.


Click it and Unblock the Notifications