ഞങ്ങളുടെ കുടുംബത്തിലെ കുഞ്ഞാണത്, മനോജ് കുഞ്ഞിന്റെ അച്ഛനും, ഉർവശിക്ക് പറയാമായിരുന്നില്ല: കൽപ്പന പറഞ്ഞത്
ഉർവശി-മനോജ് കെ ജയൻ വിവാഹമോചനം വർഷങ്ങൾക്ക് ശേഷം ഈയടുത്ത് വീണ്ടും ചർച്ചയായിരുന്നു. ഉർവശിയെ പ്രശംസിച്ച് വെെകാരികമായി മനോജ് കെ ജയൻ ഒരു പ്രസ്മീറ്റിൽ സംസാരിച്ചതോടെയായിരുന്നു ഇത്. 2008 ൽ വേർപിരിഞ്ഞ ശേഷം രണ്ട് പേരും രണ്ട് ജീവിതം നയിക്കുകയാണ്. മകൾ തേജാലക്ഷ്മി രണ്ട് പേർക്കൊപ്പവും സമയം കണ്ടെത്താറുണ്ട്. പ്രശ്നകലുഷിതമായിരുന്നു ഇവരുടെ വിവാഹമോചനം. ആരോപണ പ്രത്യാരോപണങ്ങൾ വന്നു. ഉർവശിക്കെതിരെ കടുത്ത ആരോപണങ്ങൾ മനോജ് കെ ജയൻ മാധ്യമങ്ങൾക്ക് മുന്നിൽ ഉന്നയിച്ചു.
അക്കാലത്ത് സ്വന്തം അമ്മയും സഹോദരിമാരും ഉർവശിക്ക് പിന്തുണ നൽകിയിരുന്നില്ല. ഉർവശി മാനസികമായി തകർന്ന് പോയ നാളുകളായിരുന്നു ഇത്. എന്തുകൊണ്ട് ഉർവശിക്കൊപ്പം നിന്നില്ല എന്ന ചോദ്യത്തിന് ഒരിക്കൽ ഉർവശിയുടെ സഹോദരി അന്തരിച്ച നടി കൽപ്പന മറുപടി നൽകിയിട്ടുണ്ട്. തന്റെ ഭാഗം എന്തെന്ന് വിശദീകരിക്കാൻ ഉർവശി തയ്യാറായിരുന്നില്ല എന്നാണ് കൽപ്പന അന്ന് പറഞ്ഞത്. മനോരമ ന്യൂസിൽ സംസാരിക്കുകയായിരുന്നു നടി.

ഞാൻ എടുത്ത് കൊണ്ട് നടന്ന കുട്ടിയാണ് അവൾ. അവൾക്കെന്നിലുള്ള സ്വാതന്ത്രം വേറെ ആർക്കുമില്ല. പക്ഷെ ഓപ്പോസിറ്റ് നിൽക്കുന്നത് ഞങ്ങളുടെ കുടുംബത്തിലെ കുഞ്ഞും ആ കുഞ്ഞിന്റെ അച്ഛനുമാണ്. കുഞ്ഞ് ഞങ്ങളുടെ കുടുംബത്തിലെ കുട്ടി തന്നെയാണ്. അവളൊന്നും പറയുന്നുമില്ല. കുഞ്ഞും കുഞ്ഞിന്റെ അച്ഛനുമായത് കൊണ്ടാണ് ഞങ്ങളത് കേട്ടത്. ഉർവശിക്കൊപ്പം നിൽക്കാത്തതിന്റെ പേരിൽ ഞങ്ങൾ തമ്മിലുള്ള ബന്ധം മോശമായിട്ടില്ല. ബന്ധം ഈ ജന്മം മാറില്ല. രക്ത ബന്ധം അങ്ങനെയാണ്. അവൾക്കൊരു അസുഖം വന്നാൽ ഇന്നും ഞങ്ങൾക്കറിയാം അവൾക്ക് സുഖമില്ലെന്ന്.
മരണം വരെ മാറാത്ത ബന്ധമാണത്. തെറ്റിദ്ധാരണകൾ ആ സമയത്ത് വന്നു. എന്ത് കൊണ്ട് വന്നു എന്ന് അവൾക്കും അറിയാം. അവൾ പക്വതയോടെ ഇക്കാര്യങ്ങൾ എടുത്ത് പറയാത്തത് കൊണ്ടാണ് അങ്ങനെയൊരു സംഭവം വന്നത്. മറ്റൊരാവശ്യം അവൾക്ക് വന്നാൽ അവളുടെ ഒപ്പം ഞങ്ങളെന്നും ഉണ്ടാകും. കുഞ്ഞുള്ളത് കൊണ്ടാണ് മനോജ് കെ ജയനൊപ്പം നിന്നത്. മാത്രവുമല്ല മനോജ് കെ ജയൻ മാത്രമല്ലേ പറയുന്നുള്ളൂ. അവൾക്ക് പറയാമായിരുന്നില്ലേ. അവൾ കഴിഞ്ഞല്ലേ അവളുടെ കുഞ്ഞ് പോലും ഞങ്ങൾക്ക്. അവളെയല്ലേ ആദ്യം ഞങ്ങൾ കുഞ്ഞായി കണ്ടത്. പറയാതിരുന്നതാണ് അവളുടെ തെറ്റ് എന്നും കൽപ്പന പറഞ്ഞു.

താനുൾപ്പെടെ മൂന്ന് സഹോദരിമാരുടെയും വിവാഹ ബന്ധം വേർപിരിയേണ്ടി വന്നതിനെക്കുറിച്ചും കൽപ്പന സംസാരിച്ചു. ഞങ്ങളെ അറിയുന്നവർക്ക് ഞങ്ങളെങ്ങനെയാണെന്ന് വ്യക്തമായി അറിയാം. ഒരുപാട് സ്നേഹമുള്ള കുടുംബത്തിൽ ജനിച്ചതാണ് ഞങ്ങൾ. വിനയം വിട്ടോ സ്നേഹം വിട്ടോ ഞങ്ങൾ ആരോടും പെരുമാറിയിട്ടില്ല.
അഹങ്കരിച്ച് ആരോടും പെരുമാറിയിട്ടില്ല. അത് ആരോട് ചോദിച്ചാലും അറിയാം. മറ്റൊരു വ്യക്തിയോട് കാണിക്കാത്തത് ഒരിക്കലും പങ്കാളികളോട് കാണിക്കില്ലല്ലോ. ചിലർക്ക് കുടുംബത്തോടെ ഭ്രാന്ത് വരും. അസുഖം വരും. അത് പോലെ കുടുംബത്തോടെ വന്ന് ഭവിച്ചതായിരിക്കും. ഞങ്ങൾ എല്ലാവരും പ്രശസ്തരായത് കൊണ്ടാണ് ഇത് പുറത്ത് വന്നത്. എത്രയോ വീടുകളിൽ വേർപിരിയൽ നടക്കുന്നുണ്ടെന്നും കൽപ്പന അന്ന് പറഞ്ഞു. സംവിധായകൻ അനിലായിരുന്നു കൽപ്പനയുടെ ഭർത്താവ്. ശ്രീമയി എന്ന മകളും ഇവർക്കുണ്ട്. തേജാലക്ഷ്മി എന്നാണ് ഉർവശിയുടെ മകളുടെ പേര്. രണ്ടാം വിവാഹ ബന്ധത്തിൽ ഇഷാൻ പ്രജാപതി എന്ന മകനും ഉർവശിക്കുണ്ട്.


Click it and Unblock the Notifications











