അതൊക്കെ നമ്മുടെ കയ്യിലല്ലേ, വിവാഹ ശേഷം ഞാനും പറഞ്ഞു, പക്ഷെ...; പിരിഞ്ഞതിനെക്കുറിച്ച് കൽപ്പന
മലയാളികൾക്ക് മറക്കാനാകാത്ത നടിയാണ് അന്തരിച്ച കൽപ്പന. സംവിധായകൻ അനിൽ കുമാറിനെയാണ് കൽപ്പന വിവാഹം ചെയ്തത്. 1998 ൽ വിവാഹിതരായ ഇരുവരും 2012 ൽ പിരിഞ്ഞു. ശ്രീമയി എന്നാണ് മകളുടെ പേര്. അനിൽ കുമാർ ഇന്ന് മറ്റാെരു വിവാഹ ജീവിതം നയിക്കുകയാണ്. വിവാഹമോചനത്തെക്കുറിച്ച് ഒരിക്കൽ കൽപ്പന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിവാഹ ബന്ധത്തെ ബാധിച്ചത് തനിക്ക് ക്ഷമ ഇല്ലാത്തത് അല്ലെന്ന് അന്ന് കൽപ്പന വ്യക്തമാക്കി.
ക്ഷമ ഒരുപാട് കൂടിപ്പോയാലും നമുക്കാപത്ത് വരും. നമ്മൾ ഒരുപാട് ഈസി ഗോയിംഗ് ആയാൽ, വീട്ടിലും കോമഡി ആർട്ടിസ്റ്റായാൽ ജീവിതം പോകുമെന്ന് എനിക്ക് മനസിലായി. ചില കാര്യങ്ങളിൽ തുലാഭാരം ശാരദയോ കള്ളിച്ചെല്ലമ്മയിലെ ഷീലാമ്മയോ ആകണമായിരുന്നു. അത് വന്നില്ല. ഉടനീളം ശ്രീലത ചേച്ചി (ശ്രീലത നമ്പൂതിരി) ആയിപ്പോയത് കൊണ്ടായിരിക്കാം എന്ന് തോന്നുന്നു. വിവാഹമോചനമുൾപ്പെടെയുള്ള കാര്യങ്ങൾ ജീവിതത്തിൽ വിധിച്ചിട്ടുണ്ടെങ്കിൽ അത് നടക്കുമെന്നും കൽപ്പന അന്ന് പറഞ്ഞു.

ആ വഴിയിലൂടെ പോകാൻ എനിക്ക് താൽപര്യമില്ല, ഞാൻ പോകത്തില്ല, എന്ന് സ്വയം ഉറപ്പിച്ച് അടിയുറപ്പ് നിന്നാലും ആ വഴിയിലൂടെ നിനക്ക് പോകാൻ പറ്റും, എന്നാലേ ലക്ഷ്യ സ്ഥാനത്ത് എത്താൻ പറ്റൂ എന്നത് എന്റെ കർമ്മമായി മാത്രമേ എനിക്കെടുക്കാൻ പറ്റൂ. കുടുംബ ഭദ്രത സ്വന്തം നിയന്ത്രണത്തിലാണെന്ന് വെറുതെ തോന്നുന്നതാണ്.
ആ ആത്മവിശ്വാസം എന്റെ അച്ഛൻ തന്നതാണ്. എന്തും ആരുടെയും മുഖത്ത് നോക്കി സംസാരിക്കണം. പറയാനുള്ളത് കള്ളമായാലും അത് മുഖത്ത് നോക്കി പറയണം. അല്ലാതെ പേടിച്ച് ഭയന്ന് താഴെ നോക്കി സംസാരിക്കരുതെന്ന് അച്ഛൻ പഠിപ്പിച്ചതാണ്. പിന്നെ ഞാൻ നോക്കുമ്പോൾ ഞാനൊരു തെറ്റും ചെയ്തിട്ടില്ല. ആ സമയത്താണ് ഏറ്റവും ആത്മവിശ്വാസം എന്റെ ജീവിതത്തിൽ കിട്ടിയത്. ഒരുപാട് നല്ല ആളുകൾ തന്നെ വിളിച്ച് ധെെര്യം തന്നെന്നും അന്ന് കൽപ്പന പറഞ്ഞു.


Click it and Unblock the Notifications