എന്നെ കാണുമ്പോൾ വീട്ടിലെത്തുന്നവരുടെ മുഖം മാറും. അവർ രണ്ട് പേരുമാണ് എന്നെ മാറ്റിയത്; കൽപ്പന പറഞ്ഞത്
മലയാള സിനിമാ പ്രേക്ഷകർക്ക് മറക്കാനാവാത്ത മുഖമാണ് നടി കൽപനയുടേത്. കോമഡി വേഷങ്ങൾ ചെയ്ത് സിനിമകളിൽ നിറഞ്ഞ് നിന്ന കൽപ്പന പിന്നീട് സീരിയസ് വേഷങ്ങളിലേക്ക് മാറി ഏവരെയും അമ്പരപ്പിച്ചു. ചാർലി, സ്പിരിറ്റ് തുടങ്ങിയ സിനിമകളിൽ കൽപ്പന ചെയ്ത വേഷങ്ങൾ വൻ ജനപ്രീതി നേടി.
കരിയറിൽ വ്യത്യസ്തമായ നിരവധി വേഷങ്ങൾ ലഭിക്കവെ ആണ് കൽപ്പന അപ്രതീക്ഷിതമായി മരണപ്പെടുന്നത്. 2016 ലാണ് കൽപ്പന മരിക്കുന്നത്. സിനിമാ ഷൂട്ടിംഗിനായി ഹൈദരാബാദിലെത്തിയപ്പോഴായിരുന്നു ഹൃദയാഘാതം മൂലം മരണം. അപ്രതീക്ഷിതമായ വിയോഗം കൽപ്പനയുടെ കുടുംബത്തെ ഏറെ തളർത്തിയിരുന്നു.

കലാരഞ്ജിനി, ഉർവശി എന്നിവരാണ് കൽപ്പനയുടെ സഹോദരിമാർ. മൂന്ന് പേരും ഒരു പോലെ സിനിമകളിൽ തിളങ്ങിയവരാണ്. കൽപ്പന കോമഡി റോളുകൾ ചെയ്തപ്പോൾ ഉർവശി സിനിമകളിലെ നായിക നടി ആയിരുന്നു. കലാരഞ്ജിനിയും ഒരു കാലത്ത് നായിക നടി ആയി തിളങ്ങിയതാണ്.
തമിഴിൽ ചിന്നവീട് എന്ന സിനിമയിൽ നായിക ആയി അഭിനയിച്ചെങ്കിലും കൽപ്പനയെ തേടി പിന്നീട് വന്നതെല്ലാം കോമഡി റോളുകൾ ആണ്. ഇതേക്കുറിച്ച് കൽപ്പന തന്നെ മുമ്പൊരിക്കൽ സംസാരിച്ചിരുന്നു.
ജെബി ജംഗ്ഷനിൽ അതിഥി ആയെത്തിയപ്പോഴായിരുന്നു ഇത്. മറ്റ് ഭാഷകളിൽ ഹീറോയിനായി ചെയ്തിട്ടും എന്ത് കൊണ്ട് മലയാളത്തിൽ അങ്ങനത്തെ ഒരു റോൾ ചെയ്യുന്നില്ല എന്നായിരുന്നു കൽപ്പനയോട് സഹോദരി കലാ രഞ്ജിനി ചോദിച്ചത്. ഇതിന് രസകരമായ മറുപടി ആണ് കൽപ്പന അന്ന് നൽകിയത്.

'അമ്മ പറഞ്ഞ വാക്ക് ആണ് അതിന് കാരണം. സീറോയിൽ നിന്ന് ഒന്നും സൃഷ്ടിക്കാൻ പറ്റില്ല. നമ്മളെന്തെങ്കിലും ചെയ്ത് അതിൽ നിന്ന് കയറി പിടിക്കണം. പെരുവണ്ണാപുരത്തെ വിശേഷങ്ങളിൽ ഞാൻ അഭിനയിച്ചില്ലായിരുന്നെങ്കിൽ ഇന്നീ ദേശീയ അവാർഡ് വരെ ഞാൻ എത്തില്ലായിരുന്നു. നൂറോളം മലയാള സിനിമകളിൽ വ്യത്യസ്തമായ വേഷങ്ങൾ ചെയ്യില്ലായിരുന്നു'

'ഞാൻ റിബലാവുന്നത് വീട്ടിലെ രണ്ട് പെൺപിള്ളേരുടെയും ആൺ പിള്ളേരുടെയും സൗന്ദര്യം കണ്ടിട്ടാണ്. എന്നെ ഈ രീതിയിൽ നക്സലൈറ്റ് ആക്കിയത് അവരാണ്. അച്ഛൻ അതി സുന്ദരൻ. സ്വർണത്തിന്റെ കളറും ആറടി രണ്ടര ഇഞ്ച് പൊക്കവും. അമ്മയും അതി സുന്ദരി. വിമൺസ് കോളേജിലെ സുന്ദരി ആയിരുന്നു അമ്മ'
'ഉർവശിക്കും സഹോദരങ്ങൾക്കും സൗന്ദര്യമുണ്ട്. ഇവർക്ക് രണ്ട് പേർക്കും നല്ല മുടി, നല്ല മുഖം. എനിക്ക് മാത്രം ഷോക്കടിച്ച പൂച്ചയെ പോലൊരു തലമുടി ആയിരുന്നു. അന്ന് പുഴുത്ത റേഷനരിയുടെ കളർ ആയിരുന്നു എനിക്ക്. അസ്ഥി പോലൊരു ശരീരം. രണ്ട് യൂണിഫോം ഒക്കെയേ ഞങ്ങൾക്ക് തയ്ച്ച് തരുള്ളൂ'

'അച്ഛന്റെ സുഹൃത്തുക്കളൊക്കെ വരുമ്പോൾ, കലാ രഞ്ജിനിയും ഉർവശിയും കണ്ട ശേഷം എന്നെ കാണുമ്പോൾ അവരുടെ മുഖം മാറും. അവരുടെ സൗന്ദര്യത്തിന് മുന്നിൽ എന്നെ ശ്രദ്ധിക്കണം എന്നുള്ളത് കൊണ്ടാണ് റൗഡിസം കാണിച്ച് തുടങ്ങിയത്. എന്റെ കൈയും കാലും ഒരിക്കലും ഫ്രീ ആയിരുന്നില്ല. നാല് പേരെ ഞാൻ എതിരിടേണ്ടെ. ചട്ടമ്പി ആയിരുന്നു ഞാൻ,' കൽപ്പന പറഞ്ഞതിങ്ങനെ.

നേരത്തെ സിനിമകളിൽ കൽപ്പനയ്ക്ക് വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോയതിനെ പറ്റി നടി ഉർവശിയും സംസാരിച്ചിരുന്നു. കൽപ്പന പങ്കെടുക്കുന്ന ചടങ്ങുകൾക്കൊന്നും എന്നെ വിളിച്ചാൽ ഞാൻ പോവാതായി.
കാരണം എനിക്ക് അവാർഡ് കിട്ടുന്ന വേദികളിലെ ഹാസ്യ താരം ആയിരുന്നു കൽപ്പന. എന്നേക്കാൾ നല്ല നടി ആയിരുന്നു എന്നാണ് ഉർവശി പറഞ്ഞത്.


Click it and Unblock the Notifications