ഞാൻ നിങ്ങളുടെ പിഎ ആയി ജോലി ചെയ്യാം, തമിഴിലേക്കു വരൂ, കമല്‍ഹാസൻ അന്ന് നെടുമുടിയോട് പറഞ്ഞത്...
നടൻ നെടുമുടി വേണുവിന്റെ വിയോഗം ഏറെ ഞെട്ടലോടെയാണ് സിനിമാ ലോകവും ആരാധകരും ശ്രവിച്ചത്. ഇനിയും അദ്ദേഹം ഇല്ലയെന്ന് ആരാധകർക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ഒരുപിടി മികച്ച ചിത്രങ്ങളും വേഷങ്ങളും ബാക്കിയാക്കിയാണ് താരം യാത്രയായിരിക്കുന്നത്. മലയാള സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമാണ് നെടുമുടി വേണുവിന്‌റേത്. നാടകത്തിൽ നിന്നാണ് നടൻ സിനിമയിൽ എത്തിയത്. സംവിധായകൻ ഫാസിലിന്റെ അടുത്ത സുഹൃത്തായിരുന്നു. ആലപ്പുഴ എസ് ഡി കോളേജിലെ പഠന കാലത്ത് ഫാസിൽ എഴുതിയ നാടകങ്ങളിലൂടെയാണ് കലാരംഗത്ത് സജീവമായത്.
Recommended Video
1978ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു നെടുമുടി വേണുവിന്റെ അരങ്ങേറ്റം. പിന്നീട് ഭരതൻ പത്മരാജൻ ചിത്രത്തങ്ങളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വൈകാതെ മലയാളത്തിലെ തിരക്കേറിയ താരമായി നെടുമുടി മാറുകയായിരുന്നു. അഭിനയ രീതിയും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങൾക്ക് കരുത്തേകി. സിനിമയിൽ മാത്രമല്ല സീരിയലിലും നടൻ സജീവമായിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴിലും നടൻ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിത സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും വൈറലാവുന്നത് നെടുമുടി വേണുവിനെ കുറിച്ച് ഉലക നായകൻ കമൽ ഹാസൻ പറഞ്ഞ വാക്കുകളാണ്. അദ്ദേഹത്തെ മലയാളം വിട്ട് തമിഴിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു താരം. കമലിനോടൊപ്പം ഇന്ത്യൻ , ഇന്ത്യൻ 2 എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. ഇന്ത്യൻ 2 ആണ് നെടുമുടി വേണുവിന്റെ അവസാനത്തെ തമിഴ് ചിത്രം. നെടുമുടി വേണുവിനോടു നടൻ കമൽഹാസൻ ഒരിക്കൽ പറഞ്ഞു: ''മലയാള സിനിമയിൽ നിങ്ങൾ എല്ലാ വേഷങ്ങളും ചെയ്തുകഴിഞ്ഞു. ഇനി എന്തു ചെയ്താലും മലയാളിയെ വിസ്മയിപ്പിക്കാനാവില്ല. തമിഴിലേക്കു വരൂ. അവിടെ ഒരുപാടു ചെയ്യാനുണ്ട്. ധാരാളം പണവും ലഭിക്കും. ഞാൻ നിങ്ങളുടെ പിഎ ആയി ജോലി ചെയ്യാമെന്ന് ''. ഇന്ന് ഇ്ത് മലയാളി പ്രേക്ഷകർ ഏറെ സങ്കടത്തോടെയാണ് കേൾക്കുന്നത്. നെടുമുടിയെ നടികർ തിലകം ശിവാജി ഗണേശൻ കൊടുമുടി എന്നാണ് വിളിച്ചിരുന്നത്.

നെടുമുടിയുടെ അഭിനയം പോലെ തന്നെ അദ്ദേഹത്തിന്റെ അവതരണ ശൈലിയും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. ഒരിക്കൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം ശൈലിയുടെ രഹസ്യം വെളിപ്പെടുത്തിയിരുന്നു. ''പഴയകാലത്തു കുട്ടനാട്ടുകാർക്കു നടന്നും വള്ളത്തിലും മാത്രമേ യാത്രചെയ്യാനാവൂ. അതിനിടെ ചുറ്റുവട്ടത്തുള്ള എല്ലാ വീട്ടുകാരെയും കാണുകയും സംസാരിക്കുകയും ചെയ്യും. അങ്ങനെ പരിചയപ്പെട്ട ഒരുപാടു കഥാപാത്രങ്ങളുണ്ട്. അവരുടെ നടപ്പും ഇരിപ്പും സംഭാഷണ ശൈലിയുമെല്ലാം മനസ്സിൽ റിക്കോർഡ് ചെയ്തു വച്ചിട്ടുണ്ട്. അതിനെ കഥാപാത്രവുമായി കൂട്ടിക്കലർത്തുമ്പോൾ സംഗതി കൃത്യമായിരിക്കും. ചിത്രീകരണവും ഡബ്ബിങ്ങും കഴിഞ്ഞാലും ചില കഥാപാത്രങ്ങൾ നമ്മുടെ മനസ്സിൽനിന്ന് ഇറങ്ങിപ്പോവില്ല. അതു വലിയ അപകടമാണ്. അങ്ങനെ വന്നാൽ അടുത്ത സിനിമയിലും അയാൾ കയറി ഷൈൻ ചെയ്യും, താരം മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

രണ്ട് തലമുറയ്ക്കൊപ്പം അരങ്ങ് തകർത്ത താരമാണ് നെടുമുടി വേണു. ഒരിക്കൽ രണ്ടു തലമുറകൾക്കൊപ്പമുള്ള അഭിനയത്തെ കുറിച്ച് നടൻ പറഞ്ഞിരുന്നു. സിനിമയിൽ 40 വർഷം പൂർത്തിയാക്കിയ വേളയിൽ മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യ പറഞ്ഞത്. '' പുതിയ തലമുറയ്ക്ക് എന്നെ നന്നായി അറിയാം. അവർക്ക് ഉള്ളിൽ നല്ല ബഹുമാനമുണ്ട്. മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചിടുന്നതും വലിച്ചുകൊണ്ടിരിക്കുന്ന സിഗരറ്റ് മറച്ചുപിടിക്കുന്നതുമാണു ബഹുമാനമെന്നു ഞാൻ കരുതുന്നില്ല. പെരുമാറ്റത്തിൽനിന്നാണ് അതു ബോധ്യപ്പെടുന്നത്. പുതിയ തലമുറയെ മനസ്സിലാക്കാൻ സാധിക്കുന്നില്ലെങ്കിൽ നമ്മൾ പുറത്തു നിൽക്കേണ്ടിവരും. ഞാനൊക്കെ സിനിമയിൽ വരുന്ന കാലത്തു സീനിയർ താരങ്ങളും സംവിധായകരും ഞങ്ങളെ മനസ്സിലാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതുകൊണ്ടാണ് ഇവിടെ തുടരാൻ സാധിച്ചത്. ഇന്നത്തെ യുവതലമുറയെ മനസ്സിലാക്കി പെരുമാറേണ്ടതു നമ്മുടെ കടമയാണെന്നാണ് നടൻ പറയുന്നത്.

കാവലം എന്ന ഗുരുവിനെ കുറിച്ചും അന്നത്തെ അഭിമുഖത്തിൽ പറഞ്ഞിരുന്നു.ഗുരുസ്ഥാനത്തു നിന്നുകൊണ്ടു ശിഷ്യരെ പഠിപ്പിക്കുന്ന രീതി കാവാലത്തിനില്ല എന്നാണ് നെടുമുട വേണു പറഞ്ഞത്. '' അദ്ദേഹം ഒന്നും പറഞ്ഞുതരാറില്ല. ഗുരുസ്ഥാനത്തു നിന്നുകൊണ്ടു ശിഷ്യരെ പഠിപ്പിക്കുന്ന രീതികാവാലത്തിനില്ലായിരുന്നു. അദ്ദേഹത്തിന്റെ കൂടെ നടക്കുമ്പോൾ ലഭിക്കുന്ന ഒരുപാടു കാര്യങ്ങളുണ്ട്. അതു മനസ്സിലാക്കിയെടുക്കുന്നതു നമ്മുടെ കഴിവാണ്. കാവാലത്തിന്റെ പതിനായിരത്തിൽ ഒരംശം അറിവുപോലും എനിക്കില്ല. അദ്ദേഹത്തിന്റെ ശിഷ്യനെന്നു പറയാനുള്ള യോഗ്യത എനിക്കുണ്ടോ എന്നാണു സംശയമാണ്. ആദ്യകാലത്ത് അദ്ദേഹത്തിന്റെ നാടക സങ്കൽപം എനിക്കു മനസ്സിലായിരുന്നില്ല. വലിയ സാഹിത്യകാരന്മാരും ചിത്രകാരന്മാരും പ്രശംസിച്ചതോടെയാണ് നമ്മൾ ചെയ്യുന്നതു ചെറിയ കാര്യമല്ലെന്നു ബോധ്യപ്പെട്ടതെന്നും നടൻ പഴയ അഭിമുഖത്തിൽ പറയുന്നു. നെടുമുടിയുടെ വിയോഗത്തെ തുടർന്ന് നടന്റെ പഴയ അഭിമുഖങ്ങൾ സിനിമ കോളങ്ങളിൽ ചർച്ചയാവുകയാണ്.


Click it and Unblock the Notifications