ശ്രീവിദ്യക്കൊപ്പമുള്ളത് പോലെയായിരുന്നില്ല ശ്രീദേവിക്കൊപ്പം; പറഞ്ഞാൽ ആരും വിശ്വസിക്കില്ല; കമലിന്റെ വാക്കുകൾ
സിനിമാ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാകാത്ത നടിയാണ് അന്തരിച്ച ശ്രീദേവി. ബോളിവുഡിലെ താര റാണിയായ അറിയപ്പെട്ട ശ്രീദേവിയുടെ വിജയഗാഥ ആവർത്തിക്കാൻ കഴിഞ്ഞ നടിമാർ വിരളമാണ്. അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയ സാന്നിധ്യമാകാൻ കഴിഞ്ഞതാണ് ശ്രീദവിയെ വ്യത്യസ്തയാക്കിയത്. എല്ലാ ഭാഷകളിലും സ്വന്തമായി ഡബ് ചെയ്യുമെന്ന നിർബന്ധവും ശ്രീദേവിക്കുണ്ടായിരുന്നു. ശ്രീദേവിയുടെ അഭിനയ മികവ് എടുത്ത് കാണിക്കാൻ ഉദാഹരണങ്ങൾ ഏറെയാണ്.

ഇവർ നായികാ നായകൻമാരായി അഭിനയിച്ച സിനിമകൾ പലതും പ്രേക്ഷകർക്ക് ഇന്നും മറക്കാൻ കഴിഞ്ഞിട്ടില്ല. 27 സിനിമകളിൽ കമലും ശ്രീദേവിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ശ്രീദേവിയെക്കുറിച്ച് മുമ്പൊരിക്കൽ കമൽ ഹാസൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ തന്നോടൊപ്പം പ്രവർത്തിച്ച നായികമാരെക്കുറിച്ച് സംസാരിക്കുകയായിരുന്നു കമൽ ഹാസൻ. നടി ശ്രീവിദ്യ തന്റെ കാമുകിയായിരുന്നെന്ന് തുറന്ന് പറഞ്ഞ കമൽ ഹാസൻ ശ്രീദേവി തന്റെ സഹോദരിയെ പോലെയാണെന്ന് അഭിമുഖത്തിൽ വ്യക്തമാക്കി.
ശ്രീവിദ്യയെക്കുറിച്ച് പറഞ്ഞത് പോലെയെല്ലാം ഇവളുടെയൊപ്പവും ഉണ്ടായിട്ടുണ്ടാകുമെന്ന് എല്ലാവരും കരുതും. പക്ഷെ സത്യമായും അങ്ങനെയില്ല. ഞാൻ വഴക്ക് പറഞ്ഞാൽ ഇന്നും ശ്രീവിദ്യ പേടിക്കും. സഹോദരങ്ങളെ പോലെയായിരുന്നു. എന്റെ പേരെടുത്ത് ശ്രീദേവി വിളിച്ചിട്ടില്ല. സർ എന്നാണ് വിളിക്കുക. ഇങ്ങനെയൊരു ബന്ധമാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. നിങ്ങൾ രണ്ട് പേരുടെയും റെമാന്റിക് രംഗങ്ങളാൽ ഞങ്ങളെത്ര സ്വപ്നങ്ങൾ കണ്ടിട്ടുണ്ടെന്ന് ആളുകൾ പറയുമെന്നും കമൽ ഹാസൻ ചൂണ്ടിക്കാട്ടി.

ശ്രീദേവിയുടെ മരണ ശേഷം നടിക്ക് അനുശോചനം അറിയിച്ച് കൊണ്ട് കമൽ ഹാസൻ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. എന്റെയൊപ്പം വർക്ക് ചെയ്യാൻ വന്നപ്പോൾ ശ്രീദേവി ഒരു കുട്ടിയായിരുന്നു. സംവിധായകൻ ബാലചന്ദർ ശ്രീദേവിയുടെ അഭിനയവും ഡാൻസ് മൂവുകളും കറക്ട് ചെയ്യാനുള്ള ഉത്തരവാദിത്തം എന്നെ ഏൽപ്പിക്കുമായിരുന്നു. അന്ന് ശ്രീദേവി വളരെ കഴിവുള്ളയാളല്ല. പക്ഷെ എല്ലാ ദിവസവും അവൾ പരിശീലിച്ചു. ഞങ്ങൾ തമ്മിൽ വലിയ അടുപ്പമുണ്ടായിരുന്നു. ശ്രീദേവി ഹിന്ദിയിലെ സൂപ്പർതാരമായപ്പോൾ ഞങ്ങൾ രണ്ട് വഴിക്ക് പിരിഞ്ഞെന്നും കമൽ ഹാസൻ വ്യക്തമാക്കി.
അവസാനമായി ശ്രീദേവിയെ കണ്ടത് ഒരു മാസം മുമ്പാണ്. പൊതുവെ രണ്ട് പേരും ഇമോഷനുകൾ പ്രകടിപ്പിക്കുന്നവർ അല്ലെങ്കിലും അന്നവർ എന്നെ ആലിംഗനം ചെയ്തു. മക്കളോട് രണ്ട് പേരോടും ശ്രീദേവിക്ക് വലിയ ഇഷ്ടമായിരുന്നെന്നും കമൽ ഹാസൻ അന്ന് ചൂണ്ടിക്കാട്ടി. ഒരിക്കൽ ഒരു പാർട്ടിക്കിടെ ശ്രീദേവി മക്കളെ ഓമനിക്കുന്നത് കണ്ട് താൻ കളിയാക്കിയിരുന്നെന്നും കമൽ ഹാസൻ ഓർത്തു.
2018 ലാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ഹോട്ടൽ മുറിയിൽ ബാത്ത് ടബ്ബിൽ വീണായിരുന്നു മരണം. മരണകാരണം സംബന്ധിച്ച് ചില ദുരൂഹതകൾ ഉയർന്നെങ്കിലും പിന്നീടിവ കെട്ടടങ്ങി. ശ്രീദേവിയുടെ മക്കളായ ജാൻവിയും ഖുശിയും ഇന്ന് സിനിമാ രംഗത്തുണ്ട്.


Click it and Unblock the Notifications