ശ്രീവിദ്യയെ കമൽ ഹാസൻ അവസാനമായി കണ്ടത് എന്തിനാണ്? അനൂപ് മേനോനോട് താരം പറഞ്ഞത് ഇതാണ്
സിനിമാ രംഗം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത പ്രണയ തകർച്ചയാണ്, കമൽ ഹാസന്റെയും ശ്രീവിദ്യയുടെയും ബന്ധം. യൗവനത്തിന്റെ തുടക്കത്തിൽ ആഴത്തിൽ പരസ്പരം പ്രണയിച്ച പ്രശസ്ത താരങ്ങൾ, വിവാഹിതരാകാൻ പോലും ഒരുങ്ങിയതായിരുന്നു. പക്ഷെ, ഇത്രയും ചെറുപ്പത്തിൽ മകൾക്ക് വിവാഹം വേണ്ട എന്നു സീനിയർ നടിയുടെ അമ്മ തീരുമാനമെടുത്തപ്പോൾ, ദേഷ്യത്തിലായ ഉലകനായകൻ അവരുമായി അകലുകയും, അധികം വൈകാതെ വാണി ഗണപതിയെ വിവാഹം കഴിക്കുകയും ചെയ്തു. പിന്നീട്, സൗഹൃദം തുടർന്ന കമൽ ഹാസനും ശ്രീവിദ്യയും, പല സിനിമകളിലും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
പിന്നീട്, ക്യാൻസർ ബാധ്യതയായി സീനിയർ നടി മരണത്തോട് മല്ലിടുന്ന സമയത്ത്, അവരെ അവസാനമായി ഒരു നോക്ക് കാണാൻ ലെജൻഡറി നടൻ എത്തിയിരുന്നു. അന്ന് ഏറെ നേരം ശ്രീവിദ്യയോടൊപ്പം ചിലവഴിച്ച്, കണ്ണ് നിറഞ്ഞു കൊണ്ടാണ് കമൽ ഹാസൻ മടങ്ങിയതെന്നാണ് റിപോർട്ടുകൾ വന്നത്. പിന്നീട് ഈ സംഭവം, രഞ്ജിത്ത് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ, പ്രിയ മണി, അനൂപ് മേനോൻ, തുടങ്ങിയവർ പ്രധാന വേഷങ്ങൾ എത്തിയ തിരക്കഥ എന്ന സിനിമയ്ക്ക് പ്രചോദനമാവുകയും ചെയ്തു.

കുറച്ചു കാലം മുൻപ്, ദി ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ, തിരക്കഥ എന്ന സിനിമയിൽ കമൽ ഹാസനെ ആധാരമാക്കി നിർമ്മിച്ച സൂപ്പർസ്റ്റാർ അജയചന്ദ്രൻ എന്ന കഥാപാത്രമായി എത്തിയ നടൻ അനൂപ് മേനോൻ, ആ അനശ്വര പ്രണയകഥയെ കുറിച്ച് മനസ്സ് തുറന്നിരുന്നു. ചിത്രത്തിന്റെ റിലീസിന് ശേഷം ദശാവതാരം താരത്തെ കണ്ടപ്പോൾ അദ്ദേഹവുമായി ആ സിനിമയെ കുറിച്ച് സംസാരിച്ചിരുന്നുവെന്ന് പ്രശസ്ത നടൻ വെളിപ്പെടുത്തി. തിരക്കഥ നേരത്തെ കണ്ടിട്ടുണ്ടായിരുന്ന കമൽ, "ഇങ്ങനെയൊന്നുമല്ല കഥ കേട്ടോ..." എന്നാണ് തന്നോട് പറഞ്ഞതെന്നും അനൂപ് ഓർത്തെടുത്തു.

"സംസാരത്തിനിടെ, "നിങ്ങൾ ഈ കാണിച്ചത് പോലെയൊന്നുമല്ല സംഭവിച്ചത്... വിദ്യയെ ഞാൻ അവസാനമായി കാണാൻ പോയത് എന്തിനാണെന്ന് അറിയാമോ?" എന്ന് ആദ്ദേഹം ചോദിച്ചു. അപ്പോൾ ഞാൻ അറിയില്ല എന്ന് പറഞ്ഞു. അപ്പോൾ അദ്ദേഹം ഒന്നും മിണ്ടിയില്ല. ഞാൻ പിന്നെ അങ്ങോട്ട് ചോദിച്ചു, "എന്തിനായിരുന്നു സാർ കാണാൻ പോയത്?" എന്ന്. അപ്പോൾ, "അത് പറയണമെങ്കിൽ ഞാൻ കമൽ ഹാസൻ അല്ലാതിരിക്കണം," എന്നാണ് അദ്ദേഹം മറുപടി തന്നത്. പിന്നീട് ഞങ്ങൾ മാറ്റ് വിഷയങ്ങളെ പറ്റി ഒരുപാട് നേരം സംസാരിച്ചു," അനൂപ് മേനോൻ വെളിപ്പെടുത്തി.
വർഷങ്ങൾക്ക് മുൻപ് നടൻ സിദ്ദിഖ് അമൃത ടിവിക്ക് വേണ്ടി നടത്തിയ ഷോയിൽ പങ്കെടുത്തപ്പോൾ, ശ്രീവിദ്യ കമൽ ഹാസനുമായുള്ള ബന്ധത്തെ കുറിച്ച് മനസ്സ് തുറന്നിരുന്നു. പ്രശസ്ത നടനുമായി താൻ പ്രണയത്തിലായിരുന്നു എന്ന് നടി സമ്മതിക്കുകയും ചെയ്തു. "കമൽ ഹാസനോട് ഇഷ്ടം തോന്നിയിരുന്നോ" എന്ന സിദ്ദിഖിന്റെ ചോദ്യത്തിന്, "തോന്നിയിരുന്നു" എന്നാണ് ശ്രീവിദ്യ മറുപടി നൽകിയത്. പിന്നീട് ഒരു സ്നേഹബദ്ധമായി മാറിയിട്ടും, എന്ത് കൊണ്ടാണ് ആ പ്രണയം വിവാഹത്തിൽ എത്താതിരുന്നത് എന്ന് ചോദിച്ചപ്പോൾ, "എല്ലാം തീരുമാനിച്ചതായിരുന്നു. പക്ഷെ അദ്ദേഹം വേണ്ടെന്ന് വച്ചു," എന്ന ഹൃദയഭേദകമായ മറുപടിയാണ് അന്തരിച്ച നടി നൽകിയത്. കമൽ ആകട്ടെ, ഒരു തമിഴ് അഭിമുഖത്തിൽ ശ്രീവിദ്യയെ കാതലി (കാമുകി) എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.


Click it and Unblock the Notifications











