വേർപിരിഞ്ഞെങ്കിലും അവൾ ഇന്നും ഹൃദയത്തിലുണ്ടെന്ന് കാർത്തിക്; അന്ന് പറഞ്ഞത് ഒഴിവാക്കാമായിരുന്നെന്ന് സുചിത്രയും
ഗായിക സുചിത്രയും മുൻ ഭർത്താവ് നടൻ കാർത്തിക്കും കുറച്ച് വർഷങ്ങൾക്ക് മുമ്പ് തമിഴ് മാധ്യമങ്ങളിൽ സ്ഥിരം ചർച്ചാ വിഷയമായിരുന്നു. 2017 ൽ സുചി ലീക്ക്സ് എന്ന പേരിൽ സുചിത്രയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ സിനിമാ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങൾ വന്നതോടെയാണ് വിവാദം ഉടലെടുത്തത്. ധനുഷ്, തൃഷ, റാണ ദഗുബതി തുടങ്ങിയവരുടെ ഫോട്ടോകളാണ് പുറത്ത് വന്നത്. ധനുഷിനെതിരെ ആരോപണവും അക്കൗണ്ടിൽ വന്നു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും പോസ്റ്റുകളിടുന്നത് താനല്ലെന്നും സുചിത്ര അന്ന് വ്യക്തമാക്കിയതാണ്.
എന്നാൽ ഇത് കൊണ്ടൊന്നും വിവാദം കെട്ടടങ്ങിയില്ല. ഇതിനിടെ സുചിത്രയുടെ ഭർത്താവ് കാർത്തിക്കിന്റെ പരാമർശം കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി. സുചിത്രയുടെ മാനസികാരോഗ്യം മോശം അവസ്ഥയിലാണെന്നായിരുന്നു കാർത്തിക്കിന്റെ വെളിപ്പെടുത്തൽ. വിവാദങ്ങൾക്കിടെ കാർത്തിക്കും സുചിത്രയും വേർപിരിയുകയും ചെയ്തു. 2021 ൽ കാർത്തിക് മറ്റൊരു വിവാഹ ബന്ധത്തിലേക്ക് കടന്നു. നടി അമൃത ശ്രീനിവാസനെയാണ് കാർത്തിക് വിവാഹം ചെയ്തത്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ മുൻ ഭാര്യയെക്കുറിച്ച് കാർത്തിക് കുമാർ സംസാരിക്കുകയുണ്ടായി.

ഇദ്ദേഹത്തിന്റെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. സുചിത്രയെ ഇന്നും താൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെന്ന് കാർത്തിക് തുറന്ന് പറഞ്ഞു. സുചിത്രയോട് എപ്പോഴും ആ സ്നേഹം ഉണ്ടാകും. വളരെ ബ്യൂട്ടിഫുളായ വ്യക്തിയാണ് അവൾ. ഒരുപാട് കഷ്ടങ്ങൾ കടന്ന് വന്നാണ് കരിയറിൽ മുന്നോട്ട് നീങ്ങിയത്. ആരാധനയും കരുതലും അവളടെനിക്കുണ്ട്. എപ്പോഴും അവളുടെ സുഹൃത്തും കുടുംബവുമായിരിക്കും ഞാൻ എന്ന് പ്രതീക്ഷിക്കുന്നു.
വിവാഹമോചനം ബുദ്ധിമുട്ടേറിയത് തന്നെയാണ്. പക്ഷെ ആ ഫീലിംഗ് പോകില്ല. 15 വർഷം ഞങ്ങൾ ഒരുമിച്ചായിരുന്നു. എന്റെ ഹൃദയത്തിൽ സുചിത്ര എപ്പോഴും ഒരു കുടുംബമായിരിക്കുമെന്നും കാർത്തിക് കുമാർ വ്യക്തമാക്കി. സുചി ലീക്ക്സിനെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും സുചിത്രയും മുമ്പൊരിക്കൽ സംസാരിച്ചിട്ടുണ്ട്. സുചി ലീക്ക്സിന് പിന്നിൽ താനല്ലെന്ന് ഗായിക അന്ന് ആവർത്തിച്ചു.

ഒരുപാട് പേർക്ക് ഇത് കാരണം പ്രശ്നം ഉണ്ടായെന്നത് എന്നെ വിഷമിപ്പിച്ചു. ചെറിയ തോതിൽ ഡിപ്രഷൻ വന്നു. മനോവിഷമത്തിന് മറ്റൊരു കാരണം വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളുമാണ്. ഡിവോഴ്സ് വാർത്തകളും ഈ വിഷയങ്ങളും ഒരുമിച്ച് വന്നതിനാൽ എനിക്ക് ആ ഘട്ടം വളരെ ബുദ്ധിമുട്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ലണ്ടനിലേക്ക് പോയതും പ്രാെഫഷണൽ കുക്കിംഗ് പഠിച്ചതെന്നും സുചിത്ര വ്യക്തമാക്കി.
തമിഴകത്തെ തിരക്കേറിയ ഗായികയായിരുന്ന സുചിത്ര വിവാദങ്ങളോട് കരിയറിൽ നിന്ന് ഇടവേളയെടുക്കുകയും ലണ്ടനിലേക്ക് പോകുകയുമായിരുന്നു. തന്റെ മാനസികാരോഗ്യത്തെക്കുറിച്ച് കാർത്തിക് നടത്തിയ പരാമർശം കരിയറിനെ പോലും ബാധിച്ചിട്ടുണ്ടെന്ന് മുമ്പൊരിക്കൽ സുചിത്ര തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരുപാട് ആളുകളെ അത് ആശയക്കുഴപ്പത്തിലാക്കി. എന്റെ വർക്കിനെയും ബന്ധങ്ങളെയും ബാധിച്ചു. ഡിപ്രഷനിലൂടെ കടന്ന് പോകുകയായിരുന്നു ഞാൻ.
അതിൽ നിന്ന് പുറത്ത് കടക്കുകയും ചെയ്തു. തന്നെക്കുറിച്ച് പറഞ്ഞത് തെറ്റായിപ്പോയെന്ന് കാർത്തിക്കിന് തോന്നിയിട്ടുണ്ട്. അത് കൊണ്ടാണ് ഈ വീഡിയോ നീക്കം ചെയ്തതെന്നും അന്ന് സുചിത്ര വ്യക്തമാക്കി. കാർത്തിക് ഇന്ന് അഭിനയ രംഗത്ത് സജീവമാണ്. അതേസമയം വിവാദങ്ങൾ സുചിത്രയുടെ കരിയറിനെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്.


Click it and Unblock the Notifications











