കുടുംബം വിട്ട് പോയ അച്ഛൻ; എന്റെ കുട്ടികൾക്ക് അങ്ങനെ സംഭവിക്കരുതെന്ന് കത്രീന കൈഫ്
സിനിമാ സ്വപ്നങ്ങളുമായി ഇന്ത്യയിലേക്ക് കടന്ന് വന്ന കത്രീന കൈഫിന് ബോളിവുഡിൽ നിലയുറപ്പിക്കുക എളുപ്പമായിരുന്നു. സിനിമാ കുടുംബ പശ്ചാത്തലമില്ലാതെ ഹിന്ദി സിനിമാ രംഗത്തെ മുൻനിര നായിക നടിയാകാൻ കഴിഞ്ഞ ചുരുക്കം നടിമാരിൽ ഒരാളാണ് കത്രീന കൈഫ്. കത്രീന കൈഫിന്റെ കരിയർ ഗ്രാഫിന്റെ വളർച്ചയും തളർച്ചയുമെല്ലാം പ്രേക്ഷകർ കണ്ടതാണ്. ഇക്കാലയളവിനിടെ നടിയുടെ ജീവിതത്തിൽ വന്ന മാറ്റങ്ങളും ജനം കണ്ടു. സംഭവ ബഹുലമായാണ് കത്രീന കൈഫിന്റെ കരിയറും ജീവിതവും മുന്നോട്ട് പോയത്.
ഹോംങ് കോംങിലാണ് കത്രീന കൈഫ് ജനിച്ചത്. ബ്രീട്ടീഷുമാരിയായ അമ്മ സൂസന്ന ടർക്വിറ്റിന്റെ സംരക്ഷണയിലാണ് കത്രീന വളർന്നത്. അച്ഛൻ മുഹമ്മദ് കൈഫ് ബ്രീട്ടീഷ് ബിസിനസുകാരനാണ്. ഇദ്ദേഹത്തിന്റെ ജന്മദേശം കശ്മീരാണ്. കത്രീനയുടെ കുട്ടിക്കാലത്ത് അച്ഛനും അമ്മയും വേർപിരിഞ്ഞതാണ്. ഏഴ് സഹോദരങ്ങളാണ് കത്രീനയ്ക്കുള്ളത്.
അച്ഛന്റെ അഭാവം പലപ്പോഴും ഒരു വിടവായി തോന്നിയിട്ടുണ്ടെന്ന് മുമ്പൊരിക്കൽ കത്രീന തുറന്ന് പറഞ്ഞിട്ടുണ്ട്. 2019 ൽ ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിലാണ് കത്രീന ഇതേക്കുറിച്ച് തുറന്ന് സംസാരിച്ചത്. അച്ഛന്റെ സാന്നിധ്യം ഇല്ലാത്തത് ഒരു ശൂന്യതയുണ്ടാക്കുകയും ഏതൊരു പെൺകുട്ടിയെയും ദുർബലയാക്കുകയും ചെയ്യും. എനിക്ക് കുട്ടികളുണ്ടാവുമ്പോൾ അവർക്ക് അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള അനുഭവങ്ങൾ ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

ഒരു വിഷമഘട്ടത്തിലൂടെ കടന്ന് പോകുമ്പോൾ നമ്മളെ വളരെയധികം സ്നേഹിക്കുന്ന ഒരു പിതാവ് ഉണ്ടായിരുന്നെങ്കിൽ നന്നായേനെ എന്ന് ഞാൻ ആലോചിക്കുമെന്നും കത്രീന കൈഫ് തുറന്ന് പറഞ്ഞു. ചെറുപ്പത്തിൽ അമ്മയുമായി പിരിഞ്ഞ് അമേരിക്കയിലേക്ക് പോയ പിതാവ് പിന്നീട് മക്കളുമായും കുടുംബവുമായും ഒരു ബന്ധവും വെച്ചിട്ടില്ല. കത്രീനയുടെ വിവാഹത്തിന് പോലും പിതാവ് എത്തിയിരുന്നില്ല.
ലോയറും ചാരിറ്റി പ്രവർത്തകയുമായ കത്രീനയുടെ അമ്മ സൂസന്നയാണ് ഏഴ് മക്കളെയും വളർത്തിയത്. മകളുടെ സിനിമാ സ്വപ്നങ്ങൾക്കൊപ്പവും സൂസന്ന നിന്നു. 40 കാരിയായ കത്രീന 2021 ഡിസംബറിലാണ് വിവാഹിതയായത്. നടൻ വിക്കി കൗശലാണ് കത്രീനയുടെ ഭർത്താവ്.കത്രീന ഗർഭിണിയാണെന്ന് അടുത്തിടെ അഭ്യൂഹങ്ങൾ പരന്നെങ്കിലും താര ദമ്പതികൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

വ്യക്തി ജീവിതത്തിൽ വളരയെധികം സ്വകാര്യത പുലർത്തുന്ന താരമാണ് കത്രീന കൈഫ്. കരിയറിലെ തുടക്ക കാലത്ത് ഗോസിപ്പുകളും വിവാദങ്ങളും നടിയെ വലച്ചിരുന്നു. അതിനാൽ തന്നെ സ്വകാര്യതയ്ക്ക് താരം ഇന്ന് വലിയ പ്രാധാന്യം നൽകുന്നു. സൽമാൻ ഖാൻ, രൺബീർ കപൂർ എന്നിവരുമായുള്ള പ്രണയമാണ് കത്രീനയെ ഗോസിപ്പ് കോളങ്ങളിൽ നിറച്ചത്. ഇതിൽ രൺബീർ കപൂറുമായുള്ള പ്രണയവും വേർവിരിയലും വലിയ ചർച്ചയായി.
ആറ് വർഷത്തെ പ്രണയത്തിനൊടുവിലാണ് കത്രീനയും രൺബീറും പിരിഞ്ഞത്. ഇതിന് കാരണങ്ങളായി പല അഭ്യൂഹങ്ങളും അന്ന് ഉയർന്നു. രൺബീർ വിവാഹത്തിന് മടിച്ചതാണ് കത്രീനയെ ചൊടിപ്പിച്ചതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. രൺബീറുമായി പിരിഞ്ഞ ശേഷമാണ് കത്രീന വിക്കി കൗശലുമായി അടുക്കുന്നത്. മറുവശത്ത് രൺബീർ നടി ആലിയ ഭട്ടിനെ വിവാഹം ചെയ്തു. ഇരുവർക്കും ഇന്നൊരു മകളുമുമുണ്ട്.
കരിയറിന്റെ തിരക്കുകളിലാണ് കത്രീനയിന്ന്. ഫോൺ ഭൂത് ആണ് ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. മെറി ക്രിസ്മസ്, ടൈഗർ 3 ഉൾപ്പെടെയുള്ള സിനിമകൾ പുറത്തിറങ്ങാനുണ്ട്. കത്രീനയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications