കോസ്റ്റ്യൂമറുടെ മുഖത്തേക്ക് വസ്ത്രം വലിച്ചെറിഞ്ഞു; അന്ന് ശോഭനയ്ക്ക് കവിയൂർ പൊന്നമ്മ നൽകിയ ഉപദേശം
79ാം വയസിൽ കവിയൂർ പൊന്നമ്മ ലോകത്ത് നിന്നും വിട പറഞ്ഞപ്പോൾ ബാക്കിയാകുന്നത് സഹപ്രവർത്തകർക്ക് നൽകിയ ഓർമകൾ കൂടിയാണ്. കൂടെ അഭിനയിച്ച മിക്കവർക്കും പ്രിയങ്കരിയായിരുന്നു കവിയൂർ പൊന്നമ്മ. ഓൺസ്ക്രീനിലെ അമ്മ പലപ്പോഴും ഓഫ് സ്ക്രീനിലും സ്നേഹമയിയായ അമ്മയായിരുന്നു പല നടീ നടൻമാർക്കും. ബ്ലാക്ക് വൈറ്റ് കാലഘട്ടം മുതലുള്ള സിനിമാ ലോകം കണ്ട കവിയൂർ പൊന്നമ്മയ്ക്ക് കരിയറിൽ അനുഭവങ്ങളേറെയാണ്.
സിനിമാ ലോകത്ത് വാണവരെയും വീണവരെയും കവിയൂർ പൊന്നമ്മ കണ്ടു. ഓരോ കാലഘട്ടത്തിലെയും സൂപ്പർതാരങ്ങൾക്കൊപ്പം കവിയൂർ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. നായികമാരിൽ പലർക്കും നടി ഉപദേശകയും വഴികാട്ടിയുമായി. ഇപ്പോഴിതാ ശോഭനയെക്കുറിച്ച് കവിയൂർ പൊന്നമ്മ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ചെറിയ പ്രായത്തിൽ സിനിമയിലേക്ക് വന്ന ശോഭനയ്ക്ക് അന്ന് എങ്ങനെ സെറ്റിൽ പെരുമാറണമെന്ന് അറിയില്ലായിരുന്നെന്ന് കവിയൂർ പൊന്നമ്മ അന്ന് ചൂണ്ടിക്കാട്ടി.

പത്തോ പന്ത്രണ്ടോ വയസിലാണ് ബാലചന്ദ്ര മേനോന്റെ സിനിമയിൽ അഭിനയിക്കുന്നത്. പിന്നെ വന്നത് കാണാമറയത്ത് എന്ന സിനിമയിലാണ്. സിനിമാക്കാരുടെ കുടുംബത്തിലാണ് ജനിച്ചതെങ്കിലും ഇവൾക്കതൊന്നും അറിയില്ല. ആരോട് എങ്ങനെ പെരുമാറണം എന്നറിയില്ല. ഡയരക്ടറോടും വലിയ ആർട്ടിസ്റ്റിനോടും എങ്ങനെ പെരുമാറണം എന്നൊന്നും അറിയില്ല. ആദ്യ ദിവസം കോസ്റ്റ്യൂമർ ഡ്രസ് തയ്ച്ച് കൊടുത്തു. ഇത് ധരിച്ച് നോക്കെന്ന് പറഞ്ഞു. അത് ഇട്ടിട്ട് എന്തോ ഭയങ്കര പ്രശ്നമായിരുന്നു.
ഡ്രസ് കോസ്റ്റ്യൂമറുടെ മുഖത്തേക്കെറിഞ്ഞ് എന്നയ്യാ, തയ്ച്ച് വെച്ചിരിക്കേ നീ എന്നൊക്കെ പറഞ്ഞ് ഭയങ്കര ബഹളം. മോളേ, ഇങ്ങനെയൊന്നും ആരോടും പറയരുതെന്ന് ഞാൻ പറഞ്ഞു. സോഫ്റ്റായിട്ട് പറഞ്ഞാൽ മതിയെന്നും ഉപദേശിച്ചു. എന്നെ വലിയ ഇഷ്ടമാണ്. അത് പോലെ എനിക്കും. എന്റെ കൊച്ചുമകൾ നന്നായി ഡാൻസ് ചെയ്യും. അവൾ ഡാൻസ് ചെയ്യുമ്പോൾ തനിക്ക് ശോഭനയെയാണ് ഓർമ വരികയെന്നും കവിയൂർ പൊന്നമ്മ അന്ന് പറഞ്ഞു. എപ്പോഴും കാണുന്നും വിളിക്കുന്നുമില്ലെങ്കിലും മാനസിക ബന്ധം തീർച്ചയായുമുണ്ടെന്നും കവിയൂർ പൊന്നമ്മ അന്ന് പറഞ്ഞു.

സഹ പ്രവർത്തകരായ നിരവധി പേർ കവിയൂർ പൊന്നമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്. കവിയൂർ പൊന്നമ്മയുടെ മരണത്തോടെ മലയാള സിനിമയിലെ അമ്മ നടിമാരുടെ ഒരു കാലഘട്ടം തന്നെ അവസാനിച്ചെന്ന് നടി ഉർവശി പറഞ്ഞു. വലിയ ആത്മബന്ധമുള്ള നടിയായിരുന്നെന്നും ഉർവശി ഓർത്തു. എപ്പോഴും വന്ന് പോയിരുന്ന, സംസാരിച്ചിരുന്ന ഒരാളാണ് പൊന്നുവാന്റി. കുടുംബ കാര്യങ്ങളൊക്കെ അന്വേഷിക്കുമായിരുന്നു. സഹോദരൻ ആശുപത്രിയിലായ സമയത്ത് ആശുപത്രിയിൽ നിന്നിരുന്നത് പൊന്നുവാന്റിയാണെന്നും ഉർവശി ഓർത്തു.
അവസാന നാളുകളിൽ കവിയൂർ പൊന്നമ്മയെ നേരിൽ പോയി കാണാൻ പറ്റാത്തതിന്റെ വിഷമം നവ്യ നായരും പങ്കുവെച്ചു. എന്തു തിരക്കിന്റെ പേരിലായാലും അത് ന്യായീകരിക്കാൻ കഴിയുന്നതല്ല. എന്റെ മുന്നിൽ കുഞ്ഞുങ്ങളെ ഒരുക്കുന്നപോലെ ഒരുങ്ങാൻ ഇരുന്നു തന്നതും എന്റെ മുടി കോതി പിന്നി തന്നതും, ഒരുമിച്ചുറങ്ങിയതും എല്ലാം മായാത്ത ഓർമകളാണെന്നും നവ്യ നായർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. മോഹൻലാൽ, മമ്മൂട്ടി ഉൾപ്പെടെയുള്ള താരങ്ങളെല്ലാം കവിയൂർ പൊന്നമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.


Click it and Unblock the Notifications











