സീമയുടെ പ്രേമമൊക്കെ എനിക്കറിയാമായിരുന്നു; എന്നെ തള്ളയെന്നാണ് വിളിച്ചിരുന്നത്; കവിയൂർ പൊന്നമ്മ
മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നടിയാണ് സീമ. ശക്തമായ നിരവധി കഥാപാത്രങ്ങളെ സീമയ്ക്ക് ബിഗ് സ്ക്രീനിൽ അവതരിപ്പിക്കാനായി. കണ്ടു വന്ന നായികാ സങ്കൽപ്പങ്ങളിൽ നിന്ന് വ്യത്സ്തമായിരുന്നു സീമ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ മിക്കതും. അതിനാൽ തന്നെ ഇന്നും നടി അവതരിപ്പിച്ച ചില കഥാപാത്രങ്ങൾ ചർച്ചയാവാറുണ്ട്. മലയാള സിനിമയിൽ വലിയ തരംഗം സൃഷ്ടിച്ച സിനിമയായിരുന്നു അവളുടെ രാവുകൾ.

സിനിമയിലെ സീമയുടെ കഥാപാത്രത്തിന് അന്ന് ഒരുപാട് പ്രശംസയും അതുപോലെ തന്നെ കുറ്റപ്പെടുത്തലുകളും കേട്ടു. സീമ വളരെ ഗ്ലാമറസായി അഭിനയിച്ച സിനിമയായിരുന്നു ഇത്. സിനിമയുടെ സംവിധായകൻ ഐവി ശശി തന്നെയാണ് സീമയെ വിവാഹം കഴിച്ചത്.
ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.
സീമയുടെയും ഐവി ശശിയുടെയും പ്രണയം അന്ന് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു. വിവാഹത്തിന് ശേഷമാണ് സീമ അഭിനയ രംഗത്ത് നിന്നും പതിയെ മാറാൻ തുടങ്ങിയത്. പിന്നീട് സീരിയലുകളിൽ നടി അഭിനയിച്ചിരുന്നു, ഐവി ശശിയുടെ മരണത്തോടെ അഭിനയ രംഗത്ത് സീമ സജീവമല്ലാതായി.

ടെലിവിഷൻ ഷോകളിൽ ജഡ്ജായി സീമ എത്തിയിരുന്നു. ഇപ്പോഴിതാ കവിയൂർ പൊന്നമ്മയെക്കുറിച്ച് സീമ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കവിയൂർ പൊന്നമ്മ മുഖ്യാതിഥി ആയി അമൃത ടിവിയിലെ സമാഗമം എന്ന പരിപാടിക്കിടെയായിരുന്നു ഇത്.
കവിയൂർ പൊന്നമ്മയെക്കുറിച്ച് സംസാരിക്കാൻ അന്ന് സീമയും പരിപാടിയിൽ പങ്കെടുത്തു. ഇരുവരും പരസ്പരം ഓർമ്മകൾ പങ്കുവെച്ചു.
കുസൃതിക്കാരിയായ സീമ തന്നെ കടിക്കുകയും പിച്ചുകയും ചെയ്യുമായിരുന്നെന്നും സീമ തന്നെ എടീ തള്ളെയെന്നാണ് വിളിക്കുകയെന്നും സീമയുടെ പ്രേമമൊക്കെ നേരത്തെ അറിയാമായിരുന്നെന്ന് കവിയൂർ പൊന്നമ്മ പറഞ്ഞു.

കവിയൂർ പൊന്നമ്മയെക്കുറിച്ച് സീമയും സംസാരിച്ചിരുന്നു. ചെറുപ്പം മുതലേ താൻ സ്നേഹത്തോടെ തള്ളേ എന്ന് വിളിക്കാറുണ്ടെന്നും
അവരുടെ ഇടുപ്പിൽ കയറിയിരുന്നാണ് സ്റ്റുഡിയോ മുഴുവൻ ചുറ്റിയിരുന്നതെന്നും സീമ പറഞ്ഞു. തന്റെ പ്രണയത്തിന് ഒരുപാട് ശിങ്കിടിമാരുണ്ടായിരുന്നു, പൊന്നു ചേച്ചി, സോമേട്ടൻ, രവി കുമാർ ഇവരൊക്കെ ശിങ്കിടികളായിരുന്നെന്ന് സീമ ഓർത്തു.
തിങ്കളാഴ്ച നല്ല ദിവസമാണ് കവിയൂർ പൊന്നമ്മയുടെ ഇഷ്ടപ്പെട്ട സിനിമയെന്നും സീമയന്ന് വ്യക്തമാക്കി.കവിയൂർ പൊന്നമ്മയും സീമയും ഒരുപിടി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

ഒരു കാലത്ത് അമ്മ വേഷങ്ങളിൽ തിളങ്ങിയ കവിയൂർ പാെന്നമ്മ ഇന്ന് സിനിമകളിൽ സജീവമല്ല. മികച്ച സഹനടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നാല് തവണ കവിയൂർ പൊന്നമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്. നടിയുടെ സഹോദരി കവിയൂർ രേണുകയും നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ചെറിയ പ്രായം തൊട്ടേ സിനിമകളിൽ അമ്മ വേഷമാണ് കവിയൂർ പൊന്നമ്മ ചെയ്തത്. 1965 ലിറങ്ങിയ തൊമ്മന്റെ മക്കൾ എന്ന സിനിമയിൽ സത്യന്റെയും മധുവിന്റെയും അമ്മയായി നടി അഭിനയിക്കുമ്പോൾ പ്രായം വെറും 20 മാത്രമാണ്.

പിന്നീട് നിരവധി നായകൻമാരുടെ അമ്മ വേഷങ്ങളിൽ കവിയൂർ പൊന്നമ്മ അഭിനയിച്ചു. മോഹൻലാൽ സിനിമകളിൽ ചെയ്ത അമ്മ വേഷമാണ് നടിക്ക് കൂടുതൽ പ്രശസ്തി നേടിക്കൊടുത്തത്. മോഹൻലാലിന്റെ ഏറ്റവും നല്ല ഓൺസ്ക്രീൻ അമ്മയായാണ് കവിയൂർ പൊന്നമ്മ അറിയപ്പെടുന്നത്. ഇന്നും ജോഡിക്ക് ആരാധകരേറെയാണ്.


Click it and Unblock the Notifications