പണത്തിന് മുകളിൽ കിടന്നുരുണ്ട നടൻ; കുളി കഴിഞ്ഞ് പത്രത്തിൽ സ്വർണവും പണവും വിതറും; കവിയൂർ പൊന്നമ്മ പറഞ്ഞത്
മലയാള സിനിമാ ലോകത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള കവിയൂർ പൊന്നമ്മയുടെ വിയോഗം ഏവരെയും വിഷമിപ്പിക്കുന്നു. 79ാം വയസിൽ നടി വിട പറഞ്ഞപ്പോൾ ബാക്കിയാകുന്നത് സിനിമകളിൽ ചെയ്ത ഒട്ടനവധി കഥാപാത്രങ്ങളാണ്. അമ്മ വേഷങ്ങളിലാണ് കവിയൂർ പൊന്നമ്മയെ കൂടുതലും കണ്ടതെങ്കിലും നടിയുടെ കഥാപാത്രങ്ങൾ പ്രേക്ഷകരെ മടുപ്പിച്ചില്ല. അമ്മ വേഷങ്ങളിലൂടെ തന്റേതായ സ്ഥാനം സിനിമാ രംഗത്ത് കവിയൂർ പൊന്നമ്മ നേടി. പ്രേം നസീർ മുതൽ മോഹൻലാൽ ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങളുടെ അമ്മയായി നടി അഭിനയിച്ചു.
സിനിമാ ലോകത്ത് നിരവധി അടുത്ത സൗഹൃദങ്ങൾ കവിയൂർ പൊന്നമ്മയ്ക്കുണ്ടായിരുന്നു. അവരിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. കെപിഎസി ലളിത, തിലകൻ, നെടുമുടി വേണു, ശ്രീവിദ്യ തുടങ്ങിയവരെല്ലാം കവിയൂർ പൊന്നമ്മയുടെ അടുത്ത സുഹൃത്തുക്കളായിരുന്നു. ആദ്യ കാലത്ത് പ്രേം നസീറിനൊപ്പം നിരവധി സിനിമകളിൽ കവിയൂർ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. അടൂർ ഭാസി, മീന തുടങ്ങിയവരെല്ലാം അക്കാലത്ത് സജീവമായിരുന്നു.

ഇപ്പോഴിതാ നടൻ അടൂർ ഭാസിയെക്കുറിച്ച് ഒരിക്കൽ കവിയൂർ പൊന്നമ്മ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഭാസി ചേട്ടൻ സെറ്റിലുണ്ടെങ്കിൽ ഭയങ്കര രസമാണ്. ഭയങ്കര ചിരിയും കളിയും. ഞങ്ങൾ ഭാസമ്മേ എന്നാണ് വിളിക്കുക. പുള്ളിക്കാരന്റെ അമ്മ ഭാസമ്മേ എന്നാണ് വിളിച്ചിരുന്നത്. പെണ്ണിന്റെ വേഷം കെട്ടിച്ചാണ് കുഞ്ഞിലേ വളർത്തിയത്. മഹാ പിശുക്കനായിരുന്നു. ഞാൻ, മീന, ഫിലോമിന ചേച്ചി എന്നിങ്ങനെ കുറേ ആൾക്കാരുള്ള സെറ്റ്.
ഭാസി ചേട്ടാ, നിങ്ങൾ എന്തിനാണ് സമ്പാദിച്ച് കൂട്ടുന്നത്, ഞങ്ങൾക്കൊരോ സാരി വാങ്ങിച്ച് തന്നൂടെ എന്ന് ഫിലോമിന ചോദിച്ചു. പുള്ളി ഉടനെ ആളെ വിട്ട് സാരി വാങ്ങിച്ചു. അഞ്ച് പേരുണ്ടായിരുന്നു സെറ്റിൽ. അഞ്ച് സാരി വാങ്ങിച്ച് എല്ലാവർക്കും തന്നു. കൂടെ നിന്ന ഒരു പയ്യനുണ്ടായിരുന്നു. ഭാസി ചേട്ടൻ ചെന്ന് കഴിഞ്ഞാൽ കുളി കഴിഞ്ഞ് കാശും സ്വർണവും ഒരു പത്രത്തിൽ ഇടും.

എന്നിട്ട് അതിന്റെ മുകളിൽ കിടന്ന് ഉരുളുമെന്ന് ആ പയ്യൻ പറഞ്ഞു. അത്രയ്ക്ക് കാശിനോട് ആഗ്രഹമായിരുന്നു. ഭാസി ചേട്ടനൊരു കല്യാണം കഴിച്ച് കൂടെ, എന്തിനാണ് ജോലിക്കാരെയൊക്കെ വെച്ച് ശാപ്പാട്. നല്ല ആഹാരം കഴിച്ചൂടെ, കൂട്ടിന് ഒരാളാകില്ലേ എന്ന് ഞാൻ ചോദിച്ചിട്ടുണ്ട്.
പിന്നെ... ഞാൻ കഷ്ടപ്പെട്ടുണ്ടാക്കിയത് വല്ല പെണ്ണുങ്ങളും വന്ന് അനുഭവിക്കാനോ എന്നെ കിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെ ഭാസി ചേട്ടന്റെ അമ്മയും അച്ഛനും വിചാരിച്ചിരുന്നെങ്കിലോ എന്ന് താൻ ചോദിച്ചെന്നും കവിയൂർ പൊന്നമ്മ അന്ന് ഓർത്തു. പ്രിയ നടിയുടെ വിയോഗത്തിൽ നിരവധി പേർ ഇതിനകം ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ആറ് പതിറ്റാണ്ട് അഭിനയ രംഗത്ത് തുടർന്ന കവിയൂർ പൊന്നമ്മയ്ക്ക് നാല് തവണ മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, നടൻമാരായ മോഹൻലാൽ, മമ്മൂട്ടി ഉൾപ്പെടെയുള്ളവർ വിയോഗത്തിൽ അനുശോചനം അറിയിച്ചു.


Click it and Unblock the Notifications