സിനിമയിൽ നല്ല സൗഹൃദങ്ങൾ കുറവാണെന്ന് കാവ്യ: ബന്ധങ്ങൾക്ക് വേണ്ടി മാത്രം പല പ്രൊജെക്ടുകളും ചെയ്തു
മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളായിരുന്നു കാവ്യ മാധവൻ. 1999ൽ നായികയായി കരിയർ തുടങ്ങിയ കാവ്യയ്ക്ക്, ദിലീപിനെ വിവാഹം ചെയ്ത് ഫിലിം ഇന്ടസ്ട്രിയോട് വിട പറയുന്നത് വരെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. എന്നാൽ, നായിക പ്രാധാന്യമുള്ള ചിത്രങ്ങൾ ചെയ്യുമ്പോഴും, ഒന്നും ചെയ്യാനില്ലാത്ത പല സിനിമകളുടെയും ഭാഗമാവേണ്ടി വന്നിട്ടുണ്ട് താരത്തിന്. മുൻപ്, ബന്ധൾക്ക് വേണ്ടി മാത്രം താൻ പല സിനിമകളും കമ്മിറ്റ് ചെയ്തിരുന്നു എന്ന് ഒരിക്കൽ കാവ്യ മാധവൻ വെളിപ്പെടുത്തിയിരുന്നു.
സിനിമയിൽ ആത്മാർത്ഥ സൗഹൃദങ്ങൾ കുറവാണ്: കാവ്യ പറഞ്ഞത്
വളരെ വർഷങ്ങൾക്ക് മുൻപ്, റോസ് ബൗൾ എന്ന പ്രസിദ്ധ മലയാളം ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ, സിനിമ രംഗത്തെ കുറിച്ചും, അവിടുത്തെ സൗഹൃദങ്ങളെക്കുറിച്ചും കാവ്യ തുറന്നു സംസാരിച്ചിരുന്നു. താൻ ജീവിതത്തിൽ വ്യക്തി ബന്ധങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുന്ന ഒരാളാണെന്നാണ് അന്ന് പ്രശസ്ത നടി വെളിപ്പെടുത്തിയത്.

"ഞാൻ ബന്ധങ്ങൾക്ക് വളരെ വില കൊടുക്കുന്ന ഒരാളാണ്. ഒരു പക്ഷെ നീലേശ്വരം പോലെ ഒരു ഗ്രാമത്തിലോക്കെ ജനിച്ചു വളർന്നിട്ട് ഇങ്ങോട്ട് വന്നത് കൊണ്ടായിരിക്കാം അങ്ങനെ. അത്ര പ്രാധാന്യം കൊടുക്കേണ്ട ആവശ്യമില്ലാത്ത ചെറിയ ബന്ധങ്ങൾക്ക് പോലും അമിത പ്രാധാന്യം കൊടുക്കുന്ന സ്വഭാവമാണ് എന്റേത്. അത് മൂലം കുറെ പ്രശ്നങ്ങൾ പിന്നീട് ഉണ്ടാവാറുമുണ്ട്. സിനിമയിൽ ബന്ധങ്ങൾക്ക് ഒട്ടും പ്രാധാന്യം കൊടുക്കരുത് എന്ന് പറയാറുണ്ട് പൊതുവെ," കാവ്യ മാധവൻ വിശദീകരിച്ചു.
"എനിക്ക് അങ്ങനെ ഒരുപാട് ആത്മബന്ധമുള്ള ആൾക്കാർ എന്നൊന്നും സിനിമയിൽ ആരെയും പറയാൻ പറ്റില്ല. ഇഷ്ടമുള്ള ആളുകൾ ഉണ്ടോയെന്ന് ചോദിച്ചാൽ, ഇഷ്ടപ്പെടുന്നവർ തന്നെയാണ് എല്ലാവരും. എല്ലാവരും ഫ്രണ്ട്‌സ് ആണ്. പക്ഷെ, അങ്ങനെ ഒരു ബെസ്റ്റ് ഫ്രണ്ട് എന്ന് പറയാൻ പക്ഷെ ചിലപ്പോൾ, ഒന്നോ, രണ്ടോ, പേരെ കാണുകയുള്ളു," കാവ്യ വെളിപ്പെടുത്തി. "ആരോടും അങ്ങനെ ദേഷ്യമോ വെറുപ്പോ ഒന്നുമില്ല. അതിന്റെ ആവശ്യമില്ലല്ലോ, എല്ലാവരും ഒരേ ഫീൽഡിൽ വർക്ക് ചെയ്യുന്ന ആൾക്കാരല്ലേ," നടി കൂട്ടി ചേർത്തു. നമ്മൾ കാണിക്കുന്ന ആത്മാർത്ഥത പലപ്പോഴും തിരിച്ചു കിട്ടാറില്ലെന്നും കാവ്യ പറഞ്ഞു.

ചില സിനിമകൾ ചെയ്തത് ബന്ധങ്ങൾക്ക് വേണ്ടി മാത്രം
റോസ് ബൗൾ ചാനലിന് നൽകിയ അഭിമുഖത്തിൽ, ചെയ്യണ്ടായിരുന്നു എന്ന് തോന്നിയിട്ടുള്ള ഒരുപാട് സിനിമകൾ തന്റെ കരിയറിൽ ഉണ്ടെന്നും കാവ്യ മാധവൻ സമ്മതിച്ചിരുന്നു. "ചില ബന്ധങ്ങളുടെ പുറത്തൊക്കെ ചില സിനിമകൾ ചെയ്യേണ്ടി വന്നിട്ടുണ്ട്. പക്ഷെ അതിലൊന്നും ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്റെ ജോലിയാണ് ഇപ്പോഴിത്. അപ്പൊ എല്ലാം നല്ലതു മാത്രം ചെയ്യൂ, അല്ലെങ്കിൽ ഞാൻ ചെയ്യുന്ന എല്ലാ സിനിമയും നന്നാവണം എന്നൊന്നും എനിക്ക് പറയാൻ പറ്റില്ലല്ലോ. ഒരു സിനിമയോ കഥാപാത്രമോ ആയിട്ട് എടുത്തു പറയാൻ എനിക്കാവില്ല. പക്ഷെ അങ്ങനെ ഒരുപാട് തവണ ഉണ്ടായിട്ടുണ്ട്," താരം വെളിപ്പെടുത്തി.
"എന്തായാലും, ഒന്നിലധികം ഉണ്ട് - സിനിമകളും കഥാപാത്രങ്ങളും. "അയ്യോ അത് എന്തിനായിരുന്നു," എന്ന് പിന്നീട് തോന്നിയിട്ടുണ്ട്. ചിലപ്പോൾ, എന്തിനായിരുന്നു എന്ന തോന്നൽ ഉള്ളിൽ വച്ച് കൊണ്ട് തന്നെ, കമ്മിറ്റ് ചെയ്തത് കൊണ്ട് മാത്രം പോയി അഭിനയിച്ച സിനിമകളും ഉണ്ട്. കഥാപാത്രം ചിലപ്പോൾ ഇഷ്ടപ്പെട്ടതാവില്ല. എന്നാലും ബന്ധങ്ങൾക്ക് വേണ്ടി മാത്രം ചിലപ്പോൾ അങ്ങനെ അഭിനയിക്കേണ്ടി വരാം," കാവ്യ മാധവൻ കൂട്ടി ചേർത്തു.


Click it and Unblock the Notifications