കുഞ്ചാക്കോ ബോബനെയാണിഷ്ടമെന്ന് കാവ്യ; ദിലീപ് അത് പ്രതീക്ഷിച്ചില്ല; നടൻ പ്രതികരിച്ചതിങ്ങനെ
കുഞ്ചാക്കോ ബോബനും കാവ്യയും വളരെ കുറച്ച് സിനിമകളിലേ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളൂ.
മലയാള സിനിമയിൽ ഒരു കാലത്ത് തരംഗം സൃഷ്ടിച്ച താര ജോഡികളാണ് ദിലീപും കാവ്യ മാധവനും. മീശമാധവൻ, കൊച്ചിരാജാവ് തുടങ്ങി നിരവധി ഹിറ്റ് സിനിമകൾ ദിലീപ്-കാവ്യ കൂട്ടുകെട്ടിൽ പിറന്നു. സിനിമയിൽ നിന്നും ഒരിടവേള വന്ന സമയത്ത് പാപ്പി അപ്പച്ചാ എന്ന സിനിമയിലൂടെ കാവ്യയെ തിരിച്ച് കൊണ്ട് വരുന്നതും ദിലീപാണ്.
ഓൺ സ്ക്രീനിലെ ഹിറ്റ് ജോഡി ജീവിതത്തിലും ഒരുമിച്ചപ്പോൾ അതിൽ സന്തോഷിച്ചവരും വിമർശിച്ചവരും ഏറെയാണ്. സിനിമാ ലോകത്ത് വലിയ ചർച്ചയായിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം. ഇന്ന് മഹാലക്ഷ്മി എന്ന മകളും ഇരുവർക്കുമുണ്ട്. വിവാഹ ശേഷം സിനിമാ രംഗത്ത് നിന്ന് മാറി നിൽക്കുകയാണ് കാവ്യ.
കാവ്യ ആദ്യമായി നായികയായെത്തിയ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിൽ ദിലീപായിരുന്നു നായകൻ. ലാൽ ജോസാണ് ഈ സിനിമ സംവിധാനം ചെയ്തത്. കാവ്യ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഈ സിനിമയിൽ നായികയായത്.
മുമ്പൊരിക്കൽ ചന്ദ്രനുദിക്കുന്ന ദിക്കിന്റെ സെറ്റിൽ നടന്ന രസകരമായൊരു സംഭവം ലാൽ ജോസ് പങ്കുവെച്ചിരുന്നു. സഫാരി ടിവിയിലെ പ്രോഗ്രാമിൽ വെച്ചായിരുന്നു ഇത്. അദ്ദേഹത്തിന്റെ വാക്കുകൾ വായിക്കാം.

'ആ കാലത്ത് കുഞ്ചാക്കോ ബോബൻ എന്ന നടൻ രംഗത്ത് വരികയും വലിയ താരമാവുകയും ചെയ്തു. കുഞ്ചാക്കോ ബോബൻ ഉദയ കുടുംബത്തിൽ നിന്നും വരുന്ന സുന്ദരനായ യുവാവ്. ആദ്യ സിനിമ സൂപ്പർ ഹിറ്റ്. ആ കാലത്ത് സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെയും യുവതികളുടെയുമൊക്കെ സ്വപ്ന കാമുകൻ കുഞ്ചാക്കോ ബോബനായിരുന്നു'
'കുഞ്ചാക്കോ ബോബന്റെ അതേ പ്രായത്തിലുള്ള കഥാപാത്രങ്ങൾ ചെയ്ത് കൊണ്ടിരുന്നത് ആ സമയത്ത് ദിലീപാണ്. കുഞ്ചാക്കോ ബോബന്റെ വരവോടെ ദിലീപിന്റെ പ്രഭ അൽപ്പം മങ്ങി നിൽക്കുന്ന സമയമായിരുന്നു അത്. നിനക്ക് മലയാള സിനിമയിലെ ഏറ്റവും ഇഷ്ടമുള്ള നായകനാരാണെന്ന് കാവ്യാ മാധവനോട് ദിലീപ് ചോദിച്ചു'

'മോഹൻലാൽ, മമ്മൂട്ടി എന്ന് പറഞ്ഞ് പിന്നെ തന്റെ പേര് പറയുമെന്ന് വിചാരിച്ചാണ് ചോദിക്കുന്നത്. അവൾ വളരെ നിഷ്കളങ്കമായി പറഞ്ഞു കുഞ്ചാക്കോ ബോബനെന്ന്. ഞങ്ങൾ അത് പറഞ്ഞ് ദിലീപിനെ കളിയാക്കുമായിരുന്നു. വല്ല കാര്യമുണ്ടോ ഞാൻ ഒരു പുതുമുഖ നായികയുടെ കൂടെ സ്ട്രെയ്ൻ ചെയ്ത് അഭിനയിക്കുകയാണ് എന്നിട്ട് അവൾക്കിഷ്ടം കുഞ്ചാക്കോ ബോബനെയാണെന്ന് പറഞ്ഞ് ദിലീപും കളിയാക്കുമായിരുന്നു'
'ചന്ദ്രനുദിക്കുന്ന ദിക്കെന്ന സിനിമയ്ക്ക് തിയറ്ററിൽ നേരിടേണ്ടി വന്നത് എന്റെ ഗുരുനാഥനായ കമൽ സാറിന്റെ നിറം എന്ന സിനിമയെയാണ്. നിറത്തിൽ കുഞ്ചാക്കോ ബോബനും ശാലിനിയും. അനിയത്തി പ്രാവിലെ അതേ ടീം. ആഴ്ചകൾ മുമ്പ് നിറം റിലീസ് ചെയ്തു. സിനിമ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നു'

'ആ സമയത്താണ് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമ ഇറങ്ങുന്നത്. ആ സിനിമയിലാണ് ദിലീപ് ഒരു റിയൽ ഹീറോ ചെയ്യുന്ന എല്ലാ കാര്യങ്ങളും ചെയ്യുന്നത്. ഫെെറ്റ്, ആക്ഷൻ, ഡാൻസ്, സെന്റിമെന്റൽ, അത്യാവശ്യം ഹ്യൂമർ'
'പക്ഷെ ഒരു സിനിമ സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കവെ വരുന്ന സിനിമ നിഷ്പ്രഭമായിപ്പോവും അത് തന്നെ ചന്ദ്രനുദിക്കുന്ന ദിക്കിനും സംഭവിച്ചു. പടം കണ്ട ആളുകൾക്കൊക്കെ ഇഷ്ടമായി. പക്ഷെ തിയറ്ററിൽ നിറത്തിനൊപ്പം പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല. പക്ഷെ അതൊരു നഷ്ടം വന്ന സിനിമയായിരുന്നില്ല' പക്ഷെ നിർമാതാക്കൾ തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായെന്നും ലാൽ ജോസ് ഓർത്തു.


Click it and Unblock the Notifications