കാവ്യ അങ്ങനെ പറയുമെന്ന് ദിലീപ് പ്രതീക്ഷിച്ചില്ല; ആ സിനിമയ്ക്കിടെ ലൊക്കേഷനിൽ നടന്നത്
മലയാള സിനിമയിൽ ദിലീപിനെയും കാവ്യയെയും പോലെ ചർച്ചയായ താര ജോഡികൾ കുറവാണ്. ഓൺസ്ക്രീനിൽ ആഘോഷിക്കപ്പെട്ട നായകനും നായികയും ജീവിതത്തിൽ ഒരുമിച്ചപ്പോഴുണ്ടായ വിവാദങ്ങൾ ചെറുതല്ല. വർഷങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിലാണ് കാവ്യയും ദിലീപും വിവാഹിതരായത്. ദിലീപിന്റെ ഏറ്റവും മികച്ച ഓൺസ്ക്രീൻ നായികയായിരുന്നു ഒരു കാലത്ത് കാവ്യ. കാവ്യ ആദ്യം നായികയായി അഭിനയിച്ച ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിൽ ദിലീപായിരുന്നു നായകൻ.
നടി അവസാനമായി അഭിനയിച്ച പിന്നെയും എന്ന സിനിമയിലും ദിലീപ് നായകനായെത്തി. ഈ സിനിമയ്ക്ക് ശേഷം ഇരുവരും വിവാഹവും ചെയ്തു. മീശമാധവൻ, തിളക്കം, റൺവേ തുടങ്ങി ദിലീപ്-കാവ്യ കൂട്ടുകെട്ടിൽ നിരവധി ഹിറ്റ് സിനിമകൾ പിറന്നു. ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ നായികയായി തുടക്കം കുറിക്കുമ്പോൾ കാവ്യ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ്. അന്ന് ദിലീപ് മുൻനിര നടനായി ഉയർന്ന് വരുന്നതേയുള്ളൂ. അന്നുണ്ടായ രസകരമായ ഒരു സംഭവത്തെക്കുറിച്ച് സിനിമയുടെ സംവിധായകൻ ലാൽ ജോസ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഒരിക്കൽ സെറ്റിൽ വെച്ച് മലയാള സിനിമയിൽ ഇഷ്ടമുള്ള നടൻ ആരാണെന്ന് ദിലീപ് കാവ്യയോട് ചോദിച്ചു. ആദ്യം മോഹൻലാൽ, മമ്മൂട്ടി എന്നൊക്കെ പറഞ്ഞ ശേഷം തന്റെ പേര് പറയുമെന്ന് കരുതിയാണ് ദിലീപ് ചോദിച്ചത്. കാവ്യ വളരെ നിഷകളങ്കമായി കുഞ്ചാക്കോ ബോബൻ എന്ന് പറഞ്ഞു. ഞങ്ങൾ ഇതും പറഞ്ഞ് ദിലീപിനെ കളിയാക്കുമായിരുന്നു. എന്നാൽ ദിലീപ് ഇത് കാര്യമായി എടുത്തില്ലെന്ന് ലാൽ ജോസ് വ്യക്തമാക്കി.
വല്ല കാര്യവും ഉണ്ടോ. കഷ്ടപ്പെട്ട് പുതുമുഖ നായികയുടെ കൂടെ സ്ട്രെയ്ൻ ചെയ്ത് അഭിനയിക്കുകയാണ്. എന്നിട്ട് അവൾക്കിഷ്ടം കുഞ്ചാക്കോ ബോബനെയാണെന്ന് പറഞ്ഞ് ദിലീപും കാവ്യയെ കളിയാക്കിയെന്ന് ലാൽ ജോസ് ഓർത്തു. അതേസമയം കുഞ്ചാക്കോ ബോബന്റെ കടന്ന് വരവ് ദിലീപിന്റെ കരിയറിനെ ബാധിച്ചിരുന്നെന്ന് ലാൽ ജോസ് സമ്മതിക്കുന്നുണ്ട്.

ആ കാലത്ത് കുഞ്ചാക്കോ ബോബൻ എന്ന നടൻ കടന്ന് വരുകയും വലിയ താരമാവുകയും ചെയ്തു, ഉദയ കുടുംബത്തിൽ നിന്നും വന്ന സുന്ദരനായ ചെറുപ്പക്കാരൻ. ആദ്യ സിനിമ സൂപ്പർഹിറ്റ്. ആ കാലത്ത് സ്കൂളിൽ പെൺകുട്ടികളുടെ സ്വപ്ന കാമുകൻ കുഞ്ചാക്കോ ബോബനായിരുന്നു. നടന്റെ അതേപ്രായത്തിലുള്ള കഥാപാത്രങ്ങൾ ചെയ്ത് കൊണ്ടിരുന്നത് ദിലീപാണ്. കുഞ്ചാക്കോ ബോബന്റെ വരവ് കാരണം ദിലീപിന്റെ പ്രഭ അൽപ്പം മങ്ങി നിൽക്കുന്ന സമയമായിരുന്നു അതെന്ന് ലാൽ ജോസ് ഓർത്തു. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദോസ്ത് എന്ന സിനിമയിൽ ദിലീപും കുഞ്ചാക്കോ ബോബനും കാവ്യയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ചോക്ലേറ്റ് ബോയ് ഇമേജിൽ കുഞ്ചാക്കോ ബോബൻ തരംഗമായെങ്കിലും കുറച്ച് വർഷങ്ങൾക്കുള്ളിൽ ഈ താരത്തിളക്കം കുറഞ്ഞു. നടന് തുടരെ പരാജയങ്ങൾ നേരിടേണ്ടി വന്നു. ഇടക്കാലത്ത് സിനിമാലോകത്ത് നിന്ന് കുഞ്ചാക്കോ ബോബൻ മാറിനിൽക്കുകയും ചെയ്തു. ഇതിനിടെ ദിലീപ് താരമായി വളർന്നു.
തിരിച്ച് വരവിൽ പഴയ താരമൂല്യം തിരികെ നേടുക ചാക്കോച്ചനെ സംബന്ധിച്ച് സംബന്ധിച്ച് എളുപ്പമായിരുന്നില്ല. എന്നാൽ ഇന്ന് മലയാളത്തിലെ തിരക്കേറിയ നടനാണ് കുഞ്ചാക്കോ ബോബൻ. മറുവശത്ത് ദിലീപിനും തുടരെ റിലീസുകളുണ്ട്. 2016 ൽ പിന്നെയും എന്ന സിനിമയ്ക്ക് ശേഷം കാവ്യ അഭിനയ രംഗം വിട്ടു. കുടുംബ ജീവിതത്തിനാണ് കാവ്യ ഇന്ന് പ്രാധാന്യം നൽകുന്നത്. നടിയുടെ തിരിച്ച് വരവ് ആരാധകർ ഏറെ ആഗ്രഹിക്കുന്നുണ്ട്.


Click it and Unblock the Notifications