കൂടെയുണ്ടാകുമെന്ന് വിചാരിച്ചവർ ഒപ്പം നിന്നില്ല, പക്ഷെ വൈരാഗ്യം കാണിക്കാറില്ല: കാവ്യ ആദ്യ വിവാഹത്തെ കുറിച്ച്
മലയാള സിനിമയിൽ പതിനേഴ് വർഷത്തോളം നിറഞ്ഞു നിന്ന താരമാണ് കാവ്യ മാധവൻ. മുൻപ്, 2009ൽ നിഷാൽ ചന്ദ്രയുമായി നടന്ന തന്റെ ആദ്യ വിവാഹത്തിന് ശേഷം, ഒരിക്കൽ നടി അഭിനയരംഗത്ത് നിന്നും വിട പറഞ്ഞിരുന്നു. പക്ഷെ ആ ദാമ്പത്യത്തിന്റെ തകർച്ചയ്ക്ക് ശേഷം പൂർവ്വാധികം ശക്തമായി സിനിമയിലേക്ക് മടങ്ങിയെത്തി കാവ്യ. എന്നാൽ ഇന്ന്, നടൻ ദിലീപിന്റെ ഭാര്യയും, മഹാലക്ഷ്മിയുടെ അമ്മയുമായി സ്വസ്ഥമായ കുടുംബ ജീവിതം നയിക്കുകയാണ് നടി. 2016ൽ വിവാഹിതയായതോടെ സിനിമ രംഗത്തോട് വിട പറഞ്ഞ കാവ്യ, ഇന്ന് അപൂർവമായി മാത്രമാണ് ക്യാമറകൾക്ക് മുന്നിൽ എത്താറുള്ളത്.
മുൻപൊരിക്കൽ, റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ, കാവ്യ മാധവൻ തന്റെ വ്യക്തിജീവിതത്തെ കുറിച്ച് മനസ്സ് തുറന്നിരുന്നു. അന്ന്, നിഷാൽ ചന്ദ്രയുമായി നടന്ന തന്റെ ആദ്യ വിവാഹത്തെ കുറിച്ചും, അതിന്റെ പരാജയത്തെ കുറിച്ചും നടി ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. വിവാദങ്ങൾക്ക് മറുപടിയുമായി എത്തിയ കാവ്യ, നല്ലൊരു കുടുംബജീവിതം സ്വപ്നം കണ്ടു നടന്ന തന്നെ പോലെയൊരു പെൺകുട്ടിക്ക് കഴിഞ്ഞ സംഭവങ്ങൾ വലിയ ഷോക്ക് ആയിരുന്നുവെന്നാണ് പറഞ്ഞത്.

"സാധാരണ ഒരു വീട്ടമ്മയായി ജീവിക്കണമെന്നാണ് എനിക്ക്. ജോലിക്ക് പോകാനൊന്നും താത്പര്യമുള്ള ആളൊന്നുമല്ല. എനിക്ക് എന്നെ പറ്റി നല്ല ധാരണയുണ്ട്, എനിക്ക് പറ്റിയതല്ല അതൊന്നും. എനിക്ക് വളരെ കംഫർട്ടബിൾ ആവുന്നതും, ബോർ അടിക്കാത്തതുമായ കാര്യം, വീട്ടു ഭരണം ആണ്," കാവ്യ വെളിപ്പെടുത്തി. "ഞാൻ ഒരിക്കൽ അങ്ങനെ പോയിട്ടുള്ള ആള് തന്നെയായിരുന്നു. പിന്നെ ഓരോ യോഗം ഉണ്ടല്ലോ. ഇനി സിനിമ ജീവിതത്തിൽ ഉണ്ടാവില്ല എന്ന് വിചാരിച്ചിട്ട് പോയ ആളാണ് ഞാൻ. ഞാൻ അങ്ങനെ എവിടെയും പറഞ്ഞില്ലെങ്കിലും. പക്ഷെ ദൈവത്തിന് എല്ലാം അറിയാം, ഞാൻ തിരിച്ചു ഇവിടേക്ക് തന്നെയല്ലേ വന്നത്," നടി പറഞ്ഞു.

"ഒരു കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിച്ചത് പോലെയേ ആ കാലമൊക്കെ ഓർക്കാൻ കഴിയൂ (നിഷാൽ ചന്ദ്രയുമായുള്ള വിവാഹവും, വിവാഹമോചനവും). എന്നെ പോലെ ചിന്തിക്കുന്ന ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം, വലിയ ഷോക്ക് തന്നെയായിരുന്നു അത്. ഞാൻ ഒരുപാട് ശ്രമിച്ചിട്ടാണ് ഇപ്പോഴത്തെ ഈ അവസ്ഥയിലേക്ക് തിരികെ വന്നത്. ഇന്റർനെറ്റിൽ ഒക്കെ ഇതിനെ കുറിച്ച് കുറേ വർത്തകളൊക്കെ വരും. അപ്പോൾ സ്വാഭാവികമായും വിഷമമാകും. അപ്പോൾ ഞാൻ തന്നെ എന്നെ പറഞ്ഞ് മനസ്സിലാക്കും - എത്രയോ ആളുകളോടൊപ്പം അഭിനയിക്കുന്നു, കൂടെ ഫോട്ടോ എടുക്കുന്നു, അത് പോലെയേ ഉള്ളു ഇത്, എന്ന്," കാവ്യ മാധവൻ തുറന്നു പറഞ്ഞു.
തിരിച്ചു വന്നപ്പോൾ ഏറ്റവും വലിയ പ്രചോദനം ആളുകൾക്ക് തന്നോടുള്ള സ്നേഹമാണെന്ന് തുറന്നു പറഞ്ഞ കാവ്യ പക്ഷെ, ഒറ്റപ്പെടുത്തിയവരും കൂട്ടത്തിൽ ഉണ്ടെന്ന് വെളിപ്പെടുത്തി. "എന്റെ കൂടെ വളരെ ഫ്രണ്ട്‌ലി ആയി നിന്നിരുന്ന, കൂടെയുണ്ടാകുമെന്ന് വിചാരിച്ച ആൾക്കാരൊന്നും ആ സമയം എന്റെയൊപ്പം നിന്നില്ല. പിന്നെ ഈ നിമിഷം വരെ എന്നെ വിളിക്കാത്ത ആൾക്കാരുണ്ട്. ചിലപ്പോൾ കാണും, അവാർഡ് നെറ്റുകളിൽ, അമ്മ മീറ്റിംഗിൽ ഒക്കെ വച്ച്. പക്ഷെ ഞാൻ ആ വൈരാഗ്യം കാണിക്കാറില്ല. എന്തിനാണ് വെറുതെ," താരം പറഞ്ഞു.


Click it and Unblock the Notifications











