രണ്ടു ദിവസം അമ്മ വെറുതെ വിടും, അത് കഴിഞ്ഞാൽ: സിനിമയിൽ എത്തിയപ്പോഴും കാവ്യ നാട്ടിൻപുറത്തുകാരി
കാവ്യ മാധവൻ ഇന്ന് സിനിമയിൽ സജീവമല്ലെങ്കിലും, പ്രശസ്ത നടിയുടെ ആരാധക വൃന്ദത്തിന് യാതൊരു കുറവും വന്നിട്ടില്ല. ദിലീപുമായുള്ള വിവാഹവും, പിന്നീട് നടന്ന കേസും താരത്തിനെ ഏറെ വിവാദങ്ങളിൽ നിർത്തിയിരുന്നുവെങ്കിലും, കാവ്യ സിനിമയിലേക്ക് മടങ്ങി വരുന്നതും കാത്തിരിക്കുകയാണ് ഒരു വലിയ വിഭാഗം മലയാളി പ്രേക്ഷകർ. കാരണം, 2000ങ്ങളുടെ തുടക്കത്തിൽ മലയാള സിനിമയുടെ മുഖശ്രീ എന്നറിയപ്പെട്ടിരുന്ന നടിയാണ് അവർ. അന്നത്തെ ഏറ്റവും തിരക്കുള്ള നായികയായി മീശ മാധവൻ താരത്തെ വളർത്തിയതും, ഈ അടുത്ത വീട്ടിലെ കുട്ടി എന്ന ഇമേജ് തന്നെയാണ്.
വർഷങ്ങൾക്ക് മുൻപ് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ ഒരു ഓണക്കാല അഭിമുഖത്തിൽ, കാവ്യ മാധവൻ തന്റെ ജീവിത ശൈലിയെ കുറിച്ച് മനസ്സ് തുറന്നിരുന്നു. അന്ന്, ഷൂട്ടിംഗ് കഴിഞ്ഞു വീട്ടിലെത്തിയാൽ സിനിമയിലെ ജാഡകളൊന്നും ബാധിക്കാത്ത ഒരു തനി നീലേശ്വരംകാരിയാണ് താൻ എന്നാണ് പ്രശസ്ത നടി പറഞ്ഞത്. നീണ്ട ഷൂട്ടിംഗ് ഷെഡ്യൂൾ കഴിഞ്ഞു വീട്ടിലെത്തിയാൽ രണ്ടു ദിവസം ഇഷ്ടമുള്ളത് പോലെ ഉറങ്ങാനും ഭക്ഷണം കഴിക്കാനും അമ്മ അനുവദിക്കും, പക്ഷെ അതിൽ കൂടുതൽ നടക്കാറില്ലെന്നും കാവ്യ പറഞ്ഞു.

ഷൂട്ടിംഗ് കഴിഞ്ഞെത്തിയാൽ, ആദ്യത്തെ രണ്ട് ദിവസം തനിക്ക് വീട്ടിൽ സുഖമാണ് എന്നാണ് കാവ്യ വെളിപ്പെടുത്തിയത്. എത്ര നേരം വേണമെങ്കിലും കിടന്ന് ഉറങ്ങാം, ഇഷ്ടമുള്ളതെന്തും കഴിക്കാം, ഡയറ്റിങ് തൽക്കാലത്തേക്ക് നിർത്തി വയ്ക്കാം, ആരും ഒന്നും ചോദിക്കാറോ, പറയാറോ ഇല്ല. പക്ഷെ അതിന് കാരണം, ഷൂട്ടിംഗ് ലൊക്കേഷൻ താൻ എത്ര നേരത്തെ വേണമെങ്കിലും എഴുന്നേൽക്കുന്നതും, മണിക്കൂറുകളോളം ജോലി ചെയ്യുന്നതും, അച്ഛനും അമ്മയ്ക്കും നന്നായി അറിയാവുന്നത് കൊണ്ടാണെന്നും നടി പറഞ്ഞു. പക്ഷെ വീട്ടിൽ തിരിച്ചെത്തിയാലുള്ള ഈ ഇളവുകൾ എല്ലാം വെറും രണ്ട് ദിവസത്തേക്ക് മാത്രമാണ്.

"ഞാൻ എഴുന്നേൽക്കുന്ന സമയമൊക്കെ ചിലപ്പോൾ പല പല നേരം ആവും. ഇപ്പോൾ രാവിലെ എത്ര നേരത്തെ വേണമെങ്കിലും എഴുന്നേൽക്കും, അതിന് മടിയുള്ള ഒരാളൊന്നുമല്ല ഞാൻ. കണ്ണ് തുറന്നാൽ ആദ്യം പ്രാർത്ഥിച്ചിട്ടേ കിടക്കയിൽ നിന്ന് എഴുന്നേൽക്കുകയുള്ളു. കിടക്കാൻ നേരത്തും പ്രാർത്ഥിച്ചിട്ടാണ് ഉറങ്ങുക. പക്ഷെ മുഴുവൻ സമയവും പൂജ മുറിയിൽ ചിലവിടുന്ന ആളൊന്നുമല്ല ഞാൻ," കാവ്യ പറഞ്ഞു. "ഷൂട്ടിംഗ് കഴിഞ്ഞു വന്നാൽ രണ്ടു ദിവസം എന്നെ ഫ്രീയായി വിടും. എന്നെ കാലത്തെ വിളിച്ചു എഴുന്നേൽപ്പിക്കില്ല. എനിക്ക് ഡയറ്റ് ഉണ്ടാകാറില്ല. ഇഷ്ടമുള്ളത് എന്തും കഴിക്കാം," നടി കൂട്ടിച്ചേർത്തു.
"ആ സമയത്ത് ഞാൻ പറയും, ഈ രണ്ടു ദിവസം എന്റേത് മാത്രമാണ്. അപ്പോൾ ഞാൻ വർക്ക് ഔട്ടൊന്നും ചെയ്യില്ല. പക്ഷെ രണ്ടു ദിവസം കഴിഞ്ഞാൽ അമ്മ തുടങ്ങും. ഡയറ്റ് കറക്റ്റ് ആയി നോക്കാൻ, പിന്നെ വർക്ക് ഔട്ട് ചെയ്യാൻ, കൃത്യ സമയത്ത് എഴുന്നേൽക്കണം. ഇവിടെ എന്റെ വീട്ടിലൊക്കെ പെൺകുട്ടികൾ അധികം നേരം കിടന്ന് ഉറങ്ങിക്കൂടാ എന്ന മനോഭാവമാണ് അച്ഛനും അമ്മയ്ക്കും ഒക്കെ. ഒരു ഏഴു മണിവരെയൊക്കെ മാക്സിമം സമ്മതിക്കും, അതും കഴിഞ്ഞാൽ വന്ന് എഴുന്നേല്പിക്കും. എന്നാലും എനിക്ക് ആ ഒരു ചിട്ട ഇഷ്ടമാണ്, ജീവിതത്തിൽ," കാവ്യ പറഞ്ഞു.
കൃത്യ സമയത്ത് ഭക്ഷണം കഴിക്കുകയും, എല്ലാ ദിവസവും പ്രാർത്ഥനയ്ക്കും വ്യായാമത്തിനും സമയം മാറ്റി വയ്ക്കുകയും ഒക്കെ ചെയ്യുന്നയാളാണ് താൻ എന്നും നടി വെളിപ്പെടുത്തി. പ്രത്യേകിച്ച് ഷൂട്ടോ, സ്ക്രിപ്റ്റ് കേൾക്കലോ, ഒന്നും ഇല്ലാത്ത ദിവസങ്ങളിൽ ഒന്നും ചെയ്യാതെ വെറുതെ ഇരിക്കാനാണ് തനിക്ക് ഇഷ്ടമെന്നും കാവ്യ മാധവൻ കൂട്ടി ചേർത്തു.


Click it and Unblock the Notifications











